എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പൊതുശ്മശാനം അനിവാര്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കക്കോടി ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമായ പൊതുശ്മശാനം യാഥാർഥ്യമായി. 98 ലക്ഷം രൂപ ചെലവിൽ ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി യാഥാർത്ഥ്യമാക്കിയ, ‘ശാന്തിസ്ഥലി’ എന്ന് പേരിട്ട, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാതക ശ്മശാനം കക്കോടി അത്താഴകുന്നിൽ
വിനോദസഞ്ചാര, പൊതുമരാമത്ത്
വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
പ മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.

മരണപ്പെട്ടവരുടെ സംസ്കാരം പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. പൊതുശ്മശാനം ഇല്ലാത്ത പ്രശ്നം എല്ലായിടത്തുമുണ്ട്.
മരണപ്പെട്ട പ്രിയപ്പെട്ടവർക്ക് നല്ല രീതിയിൽ
അന്ത്യയാത്ര നൽകാൻ
പൊതുശ്മശാനം അനിവാര്യമാണ്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പൊതുശ്മശാനം വേണ്ടതുണ്ട്. വളരെ ഗൗരവമേറിയ ഒരു പ്രശ്നത്തിനാണ്
പ്രാദേശിക ഭരണകൂടങ്ങളുടെയും ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ കക്കോടിയിൽ ഉത്തരം കണ്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നഗരവൽക്കരണവും ജനസാന്ദ്രതയുമാണ് കേരളത്തിലെ പ്രധാന പ്രശ്നങ്ങൾ. നമുക്ക് ഭൂമി അധികമില്ല. ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയാണ് കേരളത്തിലെ ജനസാന്ദ്രത. കേരളത്തിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 886 മനുഷ്യർ ജീവിക്കുന്നു എന്നതാണ് പുതിയ കണക്ക്.

നഗരത്തോട് ചേർന്നുള്ള കേന്ദ്രങ്ങൾ അതിവേഗം വികസിക്കും. ജനസംഖ്യ കൂടുതലുള്ള ഗ്രാമപഞ്ചായത്ത് ആണ് കക്കോടി. ഒട്ടേറെ വികസന പദ്ധതികൾ
നടപ്പാക്കാൻ ശ്രദ്ധ ചെലുത്തുന്ന കക്കോടിയിൽ ഉൾപ്പെട്ട ഒളവപ്പാറ വിനോദസഞ്ചാര പദ്ധതിയ്ക്ക് ഈ സർക്കാരിന്റെ കാലത്ത് തന്നെ തുടക്കമിടുമെന്ന് മന്ത്രി വ്യക്തമാക്കി.

ഗ്രാമപഞ്ചായത്തുകളിൽ പൊതുശ്മശാനം എന്നത് സർക്കാരിന്റെ കൂടി ലക്ഷ്യം ആണെന്നും എന്നാൽ അത്തരം പദ്ധതികളുമായി തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ടു വരുമ്പോൾ ഇപ്പോഴും പഴയ രീതിയിൽ ചിന്തിക്കുന്നതിന്റെ ഭാഗമായി എതിർപ്പുകൾ ഉണ്ടാവുകയാണെന്നും അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ ചൂണ്ടിക്കാട്ടി.

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ എത്രയോ വർഷമായി പൊതുശ്മശാനം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. പഴയ രീതിയിലുള്ള ചിന്തകൾക്ക് പകരം ആധുനിക സാഹചര്യത്തിന്റെ അനിവാര്യതയുമായി ചേർന്നു പോകുന്ന വിധം വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിക്കണം. അതിന് തെളിവാണ് കക്കോടിയിൽ യാഥാർത്ഥ്യമായ വാതക ശ്മശാനമെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനിയർ എൻ കെ രമ്യ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി സുനിൽകുമാർ,
ജില്ലാ പഞ്ചായത്ത് അംഗം ഇ ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ അശോകൻ, കക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി വിനോദ്, വികസനകാര്യ ചെയർപേഴ്സൺ താഴത്തയിൽ ജുമൈലത്ത്, ക്ഷേമകാര്യ ചെയർമാൻ കൈതമോളി മോഹനൻ, ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൺ പുനത്തിൽ മല്ലിക, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ എൻ ഫാസിൽ, ഷീന ചെറുവത്ത് എന്നിവർ ആശംസ നേർന്നു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ സ്വാഗതവും സെക്രട്ടറി ആർ നിഷാന്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *