എങ്ങിനെ നീ മറക്കും…. കുയിലേ…. നീലക്കുയിൽ എന്ന സിനിമയിലെ ഈ പാട്ട് മൂളാത്തവരുണ്ടാവില്ല. സംഗീതസ്നേഹികൾക്ക് ഏറെ പ്രിയങ്കരനായിരുന്ന കോഴിക്കോട് അബ്ദുൽ ഖാദറിൻ്റെ സ്വരമാധുരിയിൽ പിറന്ന പാട്ട്. ‘സോജാ രാജകുമാരി സോജാ’ തുടങ്ങിയ സൈഗാളിന്റെ ഗാനങ്ങള്‍ മനോഹരമായി പാടിയ ഇദ്ദേഹത്തെ ‘കേരള സൈഗാള്‍’ എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്. ഇന്നും മലയാളികൾ ഗൃഹാതുരതയോടെ പാടുന്ന ഒരുപിടി പാട്ടുകൾ അബ്ദുൽ ഖാദറിൻ്റെതാണ്. കോഴിക്കോട്ടെ സംഗീത പരിപാടികളിൽ ഇന്നും ആ പാട്ടുകൾ സജീവമായുണ്ട്. അദ്ദേഹം ജനമനസ്സുകളിൽ സ്ഥാനം പിടിച്ച അതുല്യ ഗായകനാണെന്ന് നമുക്ക് കാണാം.
കോഴിക്കോട് മിഠായിത്തെരുവില്‍ വാച്ച് കമ്പനി നടത്തിയിരുന്ന ജെ എസ് ആന്‍ഡ്രൂസിന്റെ മകനായി 1915 ൽ ജനിച്ചു. ലെസ്‍ലി എന്നായിരുന്നു ആദ്യപേര്.
വയലിന്‍ വിദ്വാനായിരുന്ന പിതാവില്‍നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ അറിയപ്പെടുന്ന പാട്ടുകാരനായിരുന്നു. തൊഴില്‍തേടി 1933-ല്‍ റംഗൂണിലേക്കുപോയി. അവിടെവെച്ച് പരിചയപ്പെട്ട മുസ്ലീം ഗായകരുമായുണ്ടായ അടുപ്പം സംഗീതത്തില്‍ പുതിയ തലങ്ങള്‍ സ്വായത്തമാക്കാന്‍ ഇദ്ദേഹത്തെ സഹായിച്ചു. തുടര്‍ന്ന് ഇസ്ലാം മതം സ്വീകരിച്ച ലെസ്‍ലി കോഴിക്കോടിൻ്റെ സ്വന്തം അബ്ദുൽ ഖാദറായി മാറി.
1936-ല്‍ കോഴിക്കോട്ട് തിരിച്ചെത്തിയ അബ്ദുല്‍ഖാദര്‍ അധികം താമസിയാതെ മികച്ച ഗായകനായി അറിയപ്പെട്ടു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ഇദ്ദേഹം പാര്‍ട്ടി വേദികളില്‍ വിപ്ലവഗാനങ്ങള്‍ പാടി ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ഒരു ജനകീയഗായകന്‍ എന്ന ഖ്യാതിയും ഇക്കാലത്തു കിട്ടി.
സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി 1940-ല്‍ ബോംബെയ്ക്കു പോയെങ്കിലും ആ മോഹം സഫലമായില്ല. നാട്ടില്‍ തിരിച്ചെത്തിയ അബ്ദുല്‍ഖാദര്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ ഗായകനായി ചേര്‍ന്നു. ഏതാനും ചലച്ചിത്രങ്ങളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. 50-ഓളം റിക്കാര്‍ഡുകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. വീണ്ടും ഉത്തരേന്ത്യന്‍ പര്യടനങ്ങള്‍ നടത്തി സംഗീതസദസ്സുകള്‍ അവതരിപ്പിക്കുകയുണ്ടായി അബ്ദുൽ ഖാദർ.
അബ്ദുൽ ഖാദർ എന്ന പേരു സ്വീകരിച്ചതിനുശേഷം അദ്ദേഹം അച്ചുമ്മയെ വിവാഹം കഴിച്ചു. ഗായകനായ നജ്മൽ ബാബു ഉൾപ്പെടെ ആറു മക്കൾ. രണ്ടാമത് വിവാഹം കഴിച്ചത് അഭിനേത്രിയായിരുന്ന ശാന്താദേവിയെ ആണ്. അതിൽ രണ്ട് കുട്ടികൾ. ഗായകനും നടനുമായിരുന്ന സത്യജിത്ത് ശാന്താദേവിയിലുണ്ടായ മകനായിരുന്നു. അകാലത്തിൽ സത്യജിത്ത് മരണമടഞ്ഞു.
1977 ഫെബ്രുവരി13-ന് അബ്ദുല്‍ഖാദര്‍ അന്തരിച്ചു.
അബ്ദുൽ ഖാദറിൻ്റെ പ്രധാന പാട്ടുകൾ
1. തങ്കക്കിനാക്കൾ …… (നവലോകം -1951)
2. ഭൂവിൽ ബാഷ്പധാര( നവലോകം – 1951)
3. മാഞ്ഞിടാതെ മധുര……( നവലോകം – 1951)
4. സഹജരേ..സഹജരേ…….( നവലോകം – 1951)
5. പരിതാപമിതേ ഹാ ജീവിതമേ(നവലോകം – 1951)
6. ചന്ദ്രനുറങ്ങീ താരമുറങ്ങീ(പുള്ളിമാൻ- 1952)
7. ദൈവമേ കരുണാസാഗരമേ(അച്ഛൻ- 1952)
8. കുരുവികളായ് ഉയരാം( തിരമാല – 1953)
9. പ്രണയത്തിൻ കോവിലിൽ( തിരമാല – 1953)
10. ഹേ കളിയോടമേ (തിരമാല – 1953)
11. പാലാഴിയാം നിലാവിൽ( തിരമാല – 1953)
12. താരകം ഇരുളിൽ( തിരമാല – 1953)
13. എങ്ങിനെ നീ മറക്കും( നീലക്കുയിൽ – 1954)
14. ഇത്രനാൾ ഇത്രനാൾ( മിന്നാമിനുങ്ങ് – 1957)
15.നീയെന്തറിയുന്നു( മിന്നാമിനുങ്ങ് – 1957)
16. എന്തിനു കവിളിൽ( മിന്നാമിനുങ്ങ് – 1957)
17. നക്ഷത്രപ്പുണ്ണുകളായിരം (മാണിക്യക്കൊട്ടാരം – 1966).
കോഴിക്കോട് അബ്ദുൽ ഖാദർ – പാട്ടിലെ വിസ്മയം

