ചങ്ങാത്തംകുറിയുടെ വകഭേദങ്ങൾ

മുൻപൊക്കെ മലബാറിൽ യാത്ര ചെയ്യുന്നവരെ ആകർഷിക്കുന്ന ഒരു വഴിയോരക്കാഴ്‌ചയുണ്ടായിരുന്നു‐ ഈന്തോലകൾ കൊണ്ടലങ്കരിച്ച ഒരു പീടികമുറ്റം. പഴയ മേശയ്‌ക്കുമുകളിൽ നിറം മങ്ങിയ മേശവിരി. നടുവിൽ ഒരു പാത്രത്തിൽ കുറെയേറെ വെറ്റിലകളും അടയ്‌ക്കയും. കവിളൊട്ടിയ സോഡക്കുപ്പികൾ. കമിഴ്‌ത്തിവെച്ച ഗ്ലാസുകളും മിക്‌സ്ചറും പഴവും. രംഗത്തിന്‌ കൊഴുപ്പ്‌ കൂട്ടാൻ ചെവി പൊട്ടുംവിധം സിനിമാപ്പാട്ടുകൾ. ഇതിന്റെയൊക്കെ നടുവിൽ ഒരു പഴയ കസേരയിൽ ഒട്ടേറെ പ്രതീക്ഷകളുമായി ഒരു മനുഷ്യൻ. അടുത്തുതന്നെ ഒരു കണക്കപ്പിള്ള. മലബാറിലെ ‘കുറിക്കല്യാണം’ അഥവാ ‘പണംപയറ്റെ’ന്ന സമ്പ്രദായത്തിന്റെ രംഗ സജ്ജീകരണമാണിത്‌. മലബാറുകാരൻ കല്യാണത്തിനോ മറ്റാവശ്യങ്ങൾക്കോ കുറച്ചു പണം പലിശയില്ലാതെ സ്വരൂപിക്കാൻ നടത്തുന്ന ഒരേർപ്പാടാണിത്‌. കുറിക്കല്യാണം നടത്താൻ ഉദ്ദേശിക്കുന്ന ആൾ മറ്റുള്ളവരെ ക്ഷണിക്കുകയും അവർ വന്ന്‌ അഞ്ചോ പത്തോ കൊടുക്കുകയും ചെയ്യും. ഇത്തരം ഒരു പയറ്റ്‌ പിന്നീട്‌ അവർ നടത്തുമ്പോൾ ഈ തുകയോ അതിലിരട്ടിയോ ആയി മടക്കിക്കൊടുക്കുന്നു. ചില കത്തുകളിൽ ഇങ്ങനെയൊരു വാചകം കാണാം: ‘1970 മുതൽക്കുള്ള കണക്ക്‌ നോക്കുക’. പഴയകാല ബാധ്യതകൾകൂടി കണക്കിലെടുക്കണമെന്നു സാരം.

ഈന്തപ്പനകളോടൊപ്പം കുറിക്കല്യാണങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. എങ്കിലും അത്‌ മറ്റൊരു രൂപത്തിൽ ഇപ്പോഴും നടക്കുന്നുണ്ട്‌. മലബാറിലെ കല്യാണവീടുകളിലാണ്‌ തലേദിവസം ഇത്‌ അരങ്ങേറുന്നത്‌. നാടടക്കം ക്ഷണിക്കുകയും തലേ ദിവസം നിർബന്ധമായും വരണമെന്ന്‌ ഓർമിപ്പിക്കുകയും ചെയ്യുന്ന രീതിയാണ്‌ ഇവിടെ. തലേന്ന്‌ ചെല്ലുന്ന നിങ്ങളെ കാത്തിരിക്കുന്നത്‌ സുഭിക്ഷമായ ഭക്ഷണം. ഭക്ഷണം കഴിച്ച്‌ കൈ കഴുകുമ്പോൾ ഏതെങ്കിലുമൊരു സഹൃദയൻ ഓർമിപ്പിക്കുന്നു: ‘ബില്ലു കൊടുക്കേണ്ടേ?’. ചോദ്യത്തിലെ തമാശ ഉൾക്കൊണ്ട്‌ നിങ്ങൾ പന്തലിൽ ഒരു ഭാഗത്തായി ഭംഗിയിൽ അടുക്കിവെച്ചിരിക്കുന്ന കവറുകളെ സമീപിക്കുന്നു. ഇനിയാണ്‌ പ്രശ്‌നം. ഇതെങ്ങനെ കൈമാറും. ബ്രിട്ടീഷുകാർ പഠിപ്പിച്ച ഹസ്‌തദാനത്തിനു നന്ദി. പ്രസിദ്ധ മാന്ത്രികൻ പരിയാനംപറ്റയുടെ കൈയടക്കത്തോടെ നിങ്ങൾ ഗൃഹനാഥനു ഹസ്‌തദാനം ചെയ്യുന്നു. പണം നിക്ഷേപിച്ച കവർ അതോടെ കൂടുവിട്ട്‌ കൂടുമാറുന്നു. കൊടുത്ത നിങ്ങൾക്കും ഗൃഹനാഥനും സംതൃപ്‌തി.

ഈ കുറിക്കല്യാണങ്ങളുടെ ചരിത്രം ചികയുകയാണിവിടെ. മലബാറിൽ വളരെ മുൻപുതന്നെ ‘ചങ്ങാത്തംകുറി’ അഥവാ ‘ചങ്ങാതിക്കുറി’ എന്നൊരു സമ്പ്രദായം നിലനിന്നിരുന്നു. കുറച്ചു പണം പലിശയില്ലാതെ സ്വരൂപിക്കുക എന്ന ലക്ഷ്യത്തിലുപരി കുറെക്കൂടി വിശാലമായൊരു ലക്ഷ്യമായിരുന്നു ഈ സമ്പ്രദായത്തിന്‌ ഉണ്ടായിരുന്നത്‌. മലബാറിൽ ഈ ഏർപ്പാട്‌ സർവസാധാരണമായിരുന്നു. പ്രധാനമായും ഇത്തരം കൂട്ടായ്‌മകളുടെ ലക്ഷ്യം  സൗഹൃദം പങ്കിടലാണ്‌. വീടുകൾ അടുത്തടുത്തല്ലാതിരുന്ന കാലം. ടെലഫോണും വർത്തമാന പത്രങ്ങളും ടിവിയും ഇല്ലാതിരുന്ന അക്കാലത്ത്‌ ഒരു വ്യക്തിയെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ ചർച്ച ചെയ്യേണ്ട ആവശ്യത്തിനുകൂടിയാണ്‌ ഈ കൂട്ടായ്‌മകൾ നിലനിന്നിരുന്നത്‌. ഒരു പ്രത്യേക കാലയളവിൽ ഒരു സ്ഥലത്ത്‌ ഒന്നിച്ചുകൂടുക എന്ന തീരുമാനമാണ്‌ ചങ്ങാത്തംകുറി നിർവഹിച്ചിരുന്നത്‌.

ഈ കൂട്ടായ്‌മയുടെ വേദി സാധാരണയായി ഗ്രാമത്തിലെ ബഹുമാന്യനായ ഒരു വ്യക്തിയുടെ വീടായിരിക്കും. ഒരു പ്രത്യേക ജാതിയിലോ മതത്തിലോ പെട്ടവർ മാത്രമായിരുന്നില്ല ചങ്ങാത്തംകുറി നടത്തിയിരുന്നത്‌. ഒരു ഗ്രാമത്തിലെ ബഹുമാന്യരായ എല്ലാ വിഭാഗത്തിൽപെട്ടവരും ഇതിൽ സംബന്ധിച്ചിരുന്നു. വെറും ഒരു ചങ്ങാത്തം എന്നതിലുപരി ഒരു സാമ്പത്തികബന്ധം കൂടി ഈ ചങ്ങാത്തംകുറിയിൽ ഉൾപെട്ടിരുന്നു. ചങ്ങാത്തംകുറിയിൽ പങ്കെടുക്കുന്നവർ ഒരു നിശ്‌ചിത തുക ഓരോ ഒത്തുചേരലിലും കൊടുക്കേണ്ടതായിട്ടുണ്ട്‌. പണത്തിനുപകരം വാഴക്കുല, വെറ്റില, നെല്ല്‌, അരി തുടങ്ങിയ ഏത്‌ കാർഷിക വിളയുമാകാം. ഓരോ അംഗവും കൊടുക്കുന്ന പണത്തിനും സാധനങ്ങൾക്കും കൃത്യമായ കണക്ക്‌ വെക്കുന്നു. ചങ്ങാത്തംകുറിയിൽ പങ്കെടുക്കുന്ന എല്ലാവരും അവരവരുടെ പേര്‌ എഴുതിയ ഒരു കുറിമാനം ഗൃഹനാഥനെ ഏൽപ്പിക്കും. തുടർന്ന്‌ ഒരു നറുക്കെടുപ്പാണ്‌. നറുക്കു വീഴുന്ന ആൾക്കാണ്‌ അത്തവണ ലഭിച്ച പണവും സാധനങ്ങളും കിട്ടുന്നത്‌. അന്നത്തെ സൽക്കാരം നടത്തേണ്ടതും നറുക്കു വീണ ആളാണ്‌. പഴയ തലമുറ ചില കാര്യങ്ങളിൽ വളരെ കണിശക്കാരായിരുന്നു. ദുർവ്യയം ഒഴിവാക്കുന്നതിൽ അവർ പ്രത്യേക നിഷ്‌കർഷ പുലർത്തി. ആകെ കിട്ടുന്ന പണത്തിന്റെയും സാധനങ്ങളുടെയും പത്തു ശതമാനത്തിൽ കൂടുതൽ വിനോദങ്ങൾക്ക്‌ ചെലവാക്കരുത്‌ എന്നതായിരുന്നു ആ നിഷ്‌കർഷ.

ചങ്ങാത്തംകുറിയുടെ അടിത്തറ പരസ്‌പര സ്‌നേഹവും വിശ്വാസവും മാത്രമായിരുന്നു. നറുക്കു വീണ്‌ പണമെടുക്കുന്ന ആൾ പിന്നീട്‌ മറ്റുള്ളവർ ചങ്ങാത്തംകുറി നടത്തുമ്പോൾ തനിക്ക്‌ അയാളിൽനിന്ന്‌ ലഭിച്ച സാധനങ്ങളോ പണമോ അതേ തോതിലോ ഇരട്ടിയായോ മടക്കിക്കൊടുക്കേണ്ടതാണ്‌. ഇനി ഇങ്ങനെ മടക്കിക്കൊടുത്തില്ലെങ്കിൽ എന്തു സംഭവിക്കും? ഇവിടെയാണ്‌ രസാവഹമായൊരു ശിക്ഷാരീതി നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്‌. മറ്റൊന്നുമല്ല. വീഴ്‌ച വരുത്തുന്നയാളെ സദസ്സിൽ വിളിച്ചുവരുത്തി കുയിലിന്റെ എല്ല്‌ തീറ്റിപ്പിക്കുകയും റാക്ക്‌ കുടിപ്പിക്കുകയും (Bones of koel and arrack എന്ന്‌ ആംഗലേയത്തിൽ) ചെയ്യുന്നു. ഇത്‌ അക്കാലത്ത്‌ വളരെ അപമാനകരമായ ഒരു ശിക്ഷയായിട്ടാണ്‌ സമൂഹം കരുതിയിരുന്നത്‌.

പരസ്‌പരസ്‌നേഹത്തിലും വിശ്വാസത്തിലും അധിഷ്‌ഠിതമായ ഒരു സമൂഹത്തിന്റെ ആചാരങ്ങൾ വിചിത്രം തന്നെ.


(ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്‌തകത്തിൽനിന്ന്‌)

Leave a Reply

Your email address will not be published. Required fields are marked *