വലിയങ്ങാടിയും കനോലി സായിപ്പും

നിലമ്പൂർ തേക്കിൻ തോട്ടവും കനോലി കനാലും നമുക്ക് സമ്മാനിച്ച കനോലി സായിപ്പ് തന്നെയാണ് വലിയങ്ങാടിയിലെ കടകൾ ഓട് മേയാൻ തീരുമാനിച്ചത്. അമ്പലങ്ങളും രാജകൊട്ടാരങ്ങളും മാത്രമേ ഓടിട്ടാവൂ എന്നൊരു ധാരണ അക്കാലത്ത് നിലനിന്നിരുന്നു.

മലബാറിലെ അങ്ങാടികളിൽ ഓല മേഞ്ഞ കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. തീ പിടിക്കാൻ സാധ്യതയുള്ളതിനാൽ ഈ കെട്ടിടങ്ങൾ എത്രയും വേഗം ഓട് മേയണമെന്ന് കനോലി തീരുമാനിച്ചു. 1847 ലാണ് മലബാർ കലക്ടറായിരുന്ന കനോലി ഇതിന് ഒരുങ്ങിപ്പുറപ്പെട്ടത്. ബാസൽ മിഷൻ ഓട് നിർമാണവുമായി വരുന്നതിന് വളരെ മുമ്പ്. 1873 ലാണ് ബാസൽ മിഷൻ കോഴിക്കോട്ട് ഓട് ഫാക്ടറി തുടങ്ങുന്നത്. 1847 ജൂണിൽ റവന്യൂ സെക്രട്ടറി ബെല്ലുമായി കനോലി നടത്തിയ കത്തിടപാടുകൾ വലിയങ്ങാടിയിലെ കടകൾ ഓട് മേയാൻ നടത്തിയ ശ്രമങ്ങൾക്ക് ഉദാഹരണമാണ്.
     കത്തിൽ നിന്ന്: ” കോഴിക്കോട്ടെ അതിപ്രശസ്തമായതും തിരക്കേറിയതും വലുതുമായ വലിയങ്ങാടി തീപ്പിടിത്ത ഭീഷണിയിൽനിന്ന് മോചിതമാണെന്ന് പറഞ്ഞു കൂടാ. ഏകദേശം ഒരു മൈലോളം നീണ്ടുകിടക്കുന്ന ഈ അങ്ങാടിയിൽ ഓലക്കെട്ടിടങ്ങളാണ് ഭൂരിഭാഗവും. ഏതു നിമിഷവും വൻ അഗ്നി ബാം ഉണ്ടാകാൻ സാധ്യതയുണ്ട് ഈ അങ്ങാടിയിൽ. ഓടിട്ട കെട്ടിടങ്ങൾ വളരെ കുറവാണ്. തെങ്ങിന്റെ ഓല കൊണ്ടാണ് അങ്ങാടിയിലെ കെട്ടിടങ്ങൾ മേഞ്ഞിട്ടുള്ളത്. കെട്ടിടമുടമകൾ ധനികരല്ല എന്നതാണ് രസകരമായ വസ്തുത. പെട്ടെന്ന് ഇക്കൂട്ടരോട് ഓടിടണമെന്ന് പറഞ്ഞാൽ സാമ്പത്തിക ഭാരം താങ്ങാൻ അവർക്കാവില്ല. ആയതിനാൽ 1000 രൂപ ഈ അങ്ങാടിയിലെ പീടികമുറി ഉടമകൾക്ക് അഞ്ചു വർഷം കൊണ്ട് തിരിച്ചടച്ചാൽ മതിയെന്ന വ്യവസ്ഥയിൽ പലിശയില്ലാതെ കടം കൊടുക്കാൻ എന്നെ അനുവദിക്കുക. ഇങ്ങനെ ചെയ്താൽ കോഴിക്കോട്ടങ്ങാടിയിലെ വരാനിരിക്കുന്ന ദുരന്തത്തെ നമുക്കൊഴിവാക്കാൻ പറ്റും. എന്നു മാത്രമല്ല, അങ്ങാടിക്കൊരു ഭംഗി കിട്ടുകയും ചെയ്യും. ഇതിനു പുറമെ കോഴിക്കോട്ടെ വലിയങ്ങാടിക്കും പ്രാന്തപ്രദേശത്തെ മറ്റ് അങ്ങാടികൾക്കും അറ്റകുറ്റപ്പണികൾക്കായി വർഷത്തിൽ 300 രൂപ അനുവദിക്കണമെന്നും ഞാൻ ശുപാർശ ചെയ്യുന്നു. അടുത്ത വർഷത്തെ ബജറ്റിൽ ഈ തുക ഉൾക്കൊള്ളിക്കുമല്ലൊ. താങ്കൾ മംഗലാപുരം ടൗണിനുവേണ്ടി ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചതായി മനസ്സിലാക്കുന്നു. എന്നാൽ മംഗലാപുരം ടൗണിനെക്കാൾ ജനബാഹുല്യമുള്ളത് കോഴിക്കോട് ടൗണിലാണ് എന്ന് ഞാൻ പറയാതെ തന്നെ താങ്കൾക്കറിയാമല്ലൊ. ആയതിനാൽ കോഴിക്കോട്ടങ്ങാടിക്കു വേണ്ടിയാണ് ഈ പദ്ധതി ആദ്യം നടപ്പിൽ വരുത്തേണ്ടത്. ഈ ന്യായമായ ആവശ്യം താങ്കൾ അനുവദിച്ചു തരുമെന്ന വിശ്വാസത്തോടെ ഇന്നു തന്നെ ഞാൻ ചില പ്രവർത്തനങ്ങൾ കോഴിക്കോട്ടങ്ങാടിയിൽ ചെയ്യുകയാണ്. കോഴിക്കോട്ടെ ഓവുചാലുകൾക്ക് മൂടിയില്ല. മൂടി വേണമെന്നത് ഇക്കൂട്ടരുടെ ഒരു ചിരകാല സ്വപ്നമാണ്. ആയതിനാൽ കോഴിക്കോട്ടങ്ങാടിയിലെയും ടൗണിലെയും ഓവുചാലുകൾക്ക് മൂടിയിടാനുള്ള പണി ഇന്നു മുതൽ ഞാൻ തുടങ്ങുകയാണ്. എത്രയും പെട്ടെന്ന് തുക അനുവദിക്കുമല്ലൊ”.

1847 ലാണ് ഈ പ്രവർത്തനങ്ങളുമായി മലബാർ കലക്ടർ മുന്നോട്ടുപോയത്. തുടർന്ന് 10 വർഷത്തിനുശേഷം വലിയങ്ങാടി റോഡ് 336 തടവുപുള്ളികളെക്കൊണ്ട് 10 അണ കൂലി പ്രകാരം നന്നാക്കിയതായും രേഖകളിൽ കാണാം.

( ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്തകത്തിൽ നിന്ന്)

Leave a Reply

Your email address will not be published. Required fields are marked *