കുട്ടികളുടെ ഹരിത സഭ
കോഴിക്കോട്: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ഹരിതസഭ. കോർപ്പറേഷനിൽ നോർത്ത്, സൗത്ത് മേഖലകളിൽ രണ്ടു കേന്ദ്രങ്ങളിലാണ് ഹരിത സഭ നടത്തിയത്.
നോർത്ത് മേഖലയിലെ സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സെന്റ് മൈക്കിൾ ഗേൾസ് സ്കൂളിൽ നടന്ന ഹരിത സഭഹരിത സഭ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സൗത്ത് മേഖലയിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിൽ നടന്ന ഹരിത സഭ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളിൽ മാലിന്യ സംസ്കരണബോധവും ശുചിത്വ സംസ്കാരവും ഉണ്ടാകുന്നതിനു വേണ്ടിയാണു മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ ഭാഗമായി ഹരിത സഭ സംഘടിപ്പിച്ചത്. കോർപ്പറേഷനിലെ 66 സ്കൂളുകളിൽ നിന്നും 500 ലധികം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. ശുചിത്വ മാലിന്യ സംസ്കരണ മേഖലയ്ക്കകത്ത് നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും കുട്ടികൾ നിർദ്ദേശിച്ചു.
ചടങ്ങിൽ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഡോ. എസ് ജയശ്രീ, കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി, അഡീഷണൽ സെക്രട്ടറി ജി ഷെറി, ഹെൽത്ത് ഓഫീസർ മുനവ്വർ റഹ്മാൻ, ഹെൽത്ത് സൂപ്പർ വൈസർ പ്രമോദ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ രജിത് കുമാർ, ഷാജി, സുബേർ, ബിജു ജയറാം എന്നിവർ പരിപാടികളിൽ പങ്കെടുത്തു. കുട്ടികൾ ഉൾപ്പെടുന്ന പാനൽ ആണ് ഹരിത സഭ നടത്തിയത്.