ഗ്രീൻ വേംസ് ഭൂരക്ഷാ അവാർഡുകൾ പ്രഖ്യാപിച്ചു

ഓമശ്ശേരി ഹരിതകർമസേനയ്ക്കും മൂന്ന് വ്യക്തികൾക്കും അംഗീകാരം

കോഴിക്കോട്:
ജൈവമാലിന്യ സംസ്കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന സാമൂഹ്യ സംരംഭമായ ഗ്രീൻ വേംസ് ഏർപ്പെടുത്തിയ ഭൂരക്ഷാ അവാർഡുകൾ പ്രഖ്യാപിച്ചു.

കേരളത്തിലെ മികച്ച ഹരിതകർമസേനാ അവാർഡിന് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിതകർമസേന അർഹരായി. മാലിന്യ സംസ്കരണ രംഗത്ത് മാതൃകാപരമായ ഏകോപനവും ജനപങ്കാളിത്തവും ഉറപ്പാക്കിയതിനാണ് ഇവരെ അവാർഡിന്  അർഹമാക്കിയത്. 25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.

പൊതു ഇടങ്ങൾ വൃത്തിയാക്കുന്നതിന് മുൻകൈയെടുത്ത് ടൺ കണക്കിന് മാലിന്യം ശേഖരിച്ച് സംസ്കരിച്ച “ഇന്ത്യ ഞാൻ വൃത്തിയാക്കും” എന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ പത്തനംതിട്ട സ്വദേശി ശ്രീഹരി, ഒരു ലക്ഷം വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്ത് നടുകയും “ചെടികൾ നമ്മുടെ അഭിനിവേശം” എന്ന പേരിൽ ഹരിതവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത താമരശ്ശേരി സ്വദേശിനി നൂറ സൈനബ്, ഒരു കോടി മരങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ “പച്ചത്താളുകൾ സംരംഭം” രൂപപ്പെടുത്തുകയും “വൃക്ഷ ബാങ്ക് നഴ്സറി” എന്ന നൂതന ആശയത്തിലൂടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന,  ഏഴ് വയസ്സ് മാത്രം പ്രായമുള്ള പറമ്പിൽ ബസാർ സ്വദേശിനി റൂഹി മുഹ്സബ് എന്നിവരെയാണ് 10,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന വ്യക്തിഗത അവാർഡിന് തിരഞ്ഞെടുത്തത്.

ഈ മാസം 17ന് ഉച്ചയ്ക്ക് 2 മണിക്ക് വയനാട് പടിഞ്ഞാറത്തറ സിൽവർ വുഡ്‌സ് റിസോർട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി ടി. സിദ്ദീഖ് അവാർഡ് വിതരണം ചെയ്യും
തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്   സൂസി ബാബു വിശിഷ്ടാതിഥിയാകും. ഗ്രീൻ വേംസ് സിഇഒ ജാബിർ കാരാട്ട് അധ്യക്ഷത വഹിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000