കോഴിക്കോട്: മാലിന്യമുക്ത നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികളുടെ യോഗം കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ വ്യാഴാഴ്ച നടത്തി.
നവകേരളമിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ പ്രസാദ് പി ടി അധ്യക്ഷത വഹിച്ചു.
നിരോധിത വസ്തുക്കളുടെ വിപണനം ഒഴിവാക്കുന്നതിനും ഉപയോഗം കുറച്ച് കൊണ്ടുവരുന്നതിനുമായി ഇടപെടലുകള്‍ നടത്താൻ വ്യാപാരികളുടെ പിന്തുണ അഭ്യർഥിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനിയര്‍ സൗമ ഹമീദ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളെ കുറിച്ച് ബോധവത്ക്കരണം നടത്തി. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും എന്നാല്‍ നിരോധിത വസ്തുക്കള്‍ ജനങ്ങളിലേക്ക് എത്തുന്നതിന് തടയാൻ അവ ഉപയോഗിക്കാതിരിക്കണമെന്നും ശുചിത്വമിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ ഗൗതമന്‍ ചൂണ്ടിക്കാട്ടി.
ഹരിതകര്‍മ്മ സേന മാലിന്യമുക്ത നവകേരള സൃഷ്ടിയില്‍ പ്രധാന പങ്ക് വഹിക്കുന്ന വിഭാഗമാണെന്നും യൂസര്‍ഫീ നിര്‍ബന്ധമായും നല്‍കേണ്ടതാണെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ പൂജലാല്‍ പറഞ്ഞു. ജില്ലയിലെ മാലിന്യമുക്ത പരിപാടികള്‍ക്ക് എല്ലാ പിന്തുണയും വ്യാപാരികൾ വാഗ്ദാനം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള വ്യാപാരി വ്യവസായി സമിതി, കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍, ബേക്കേഴ്സ് അസോസിയേഷന്‍, കാറ്ററിംഗ് സര്‍വ്വീസ് & ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷന്‍ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിനെ പ്രതിനിധീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് അനില്‍കുമാര്‍ എ, തദ്ദേശ സ്വയംഭരണ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് പ്രകാശന്‍ എന്നിവർ സംസാരിച്ചു.

