സഹമിത്ര: ഭിന്നശേഷി നിര്‍ണയ ക്യാമ്പിൽ
91 പേര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് അംഗീകാരം

കോഴിക്കോട്: ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യ സുരക്ഷാ മിഷന്‍, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ഭിന്നശേഷി വ്യക്തികളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ആരംഭിച്ച സഹമിത്ര പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. പദ്ധതിയുടെ കീഴില്‍ ആറാമത് ക്യാമ്പാണ് ശനിയാഴ്ച കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയര്‍ സെന്ററില്‍ നടന്നത്.

നേരത്തേ അംഗന്‍വാടി ടീച്ചര്‍മാര്‍ മുഖാന്തിരം ഗൃഹസന്ദര്‍ശനങ്ങളിലൂടെ ശേഖരിച്ച് മാസങ്ങള്‍ നീണ്ട പ്രയത്‌നത്തിലൂടെ ജില്ലയിലെ വിവിധ കോളേജുകളുടെ നേതൃത്വത്തില്‍ ഡിജിറ്റലൈസ് ചെയ്ത അപേക്ഷകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന ഈ ക്യാമ്പുകളില്‍ പരിഗണിക്കുന്നത്. ഭിന്നശേഷി വ്യക്തികളുടെ അടിസ്ഥാന തിരിച്ചറിയല്‍ രേഖയായ ഏകീകൃത സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് (യുഡിഐഡി) ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഭിന്നശേഷി നിര്‍ണയമാണ് ഇതിലൂടെ നിര്‍വഹിക്കുന്നത്.

ഭിന്നശേഷി വ്യക്തികളുടെ സമഗ്ര പരിരക്ഷ ഉറപ്പാക്കുക, അടിസ്ഥാന രേഖകളുടെ വിതരണം പൂര്‍ത്തിയാക്കുക, അനുകൂലമായ സാമൂഹ്യ അന്തരീക്ഷം വളര്‍ത്തിയെടുക്കുക, സംസ്ഥാന കേന്ദ്ര തലത്തിലെ സര്‍ക്കാര്‍ പദ്ധതികളുടെയും സ്‌കീമുകളുടെയും വിതരണം ഉറപ്പാക്കുക, ഭിന്നശേഷി സൗഹൃദ കെട്ടിടങ്ങള്‍ സാധ്യമാക്കുക തുടങ്ങിയ ബഹുമുഖ കര്‍മ്മപരിപാടികള്‍ ഉള്‍പ്പെടുത്തിയതാണ് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച സഹമിത്ര പദ്ധതി.

ആകെ പരിഗണിച്ച 120 അപേക്ഷകളില്‍ 91 പേര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് അംഗീകാരം നല്‍കി. 19 പത്തൊമ്പത് അപേക്ഷകള്‍ തുടര്‍ പരിശോധനകള്‍ക്കായി ശുപാര്‍ശ ചെയ്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷരെയാണ് ശനിയാഴ്ച നടന്ന ക്യാമ്പില്‍ പരിഗണിച്ചത്.

വരും ദിവസങ്ങളിലും ഭിന്നശേഷി നിര്‍ണ്ണയ ക്യാമ്പുകള്‍ തുടരും. ജില്ലാ കളക്ടറുടെ നേരിട്ട മേല്‍നോട്ടത്തില്‍ യോജിച്ച ശ്രമത്തില്‍ വരും മാസങ്ങളോടെ ഭിന്നശേഷി അംഗീകാര രേഖകളുടെ വിതരണം പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

സാമൂഹ്യ സുരക്ഷാ മിഷന്‍ റീജ്യണല്‍ ഡയറക്ടര്‍ ഡോ. പി സി സൗമ്യ, റീജ്യണല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍, കോര്‍ഡിനേറ്റര്‍മാരായ ജിഷോ ജെയിംസ്, നമൃത, പി ജിന്‍ഷി, കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. വിനോദ്, ജില്ലാ കലക്ടറുടെ ഇന്റെണ്‍സ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കൈതപ്പൊയില്‍ ലിസ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പിന്തുണയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *