കോർപ്പറേഷനിൽ ശുചിത്വ ഗ്രേഡിംഗ് പരിശോധന



കോഴിക്കോട്: ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ശുചിത്വ ഗ്രേഡിംഗ് നിർണയിക്കുന്നതിനുള്ള ഉദ്യോഗസ്ഥ പരിശോധന കോർപ്പറേഷൻ ഓഫീസിൽ നടന്നു. പൊതു ശുചിത്വ മാലിന്യ സംസ്കരണം നടപ്പാക്കുന്നതിന് നോഡൽ ഓഫീസറെ നിയമിക്കൽ, അജൈവ- ജൈവമാലിന്യ സംസ്കരണം, ജീവനക്കാരുടെ വീട്ടിൽ നിന്ന് അജൈവ വസ്തുക്കൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നുണ്ടോ എന്ന പരിശോധന, സാനിറ്ററി മാലിന്യ സംസ്കരിക്കാനുള്ള സംവിധാനം, ഇ-മാലിന്യങ്ങൾ, പഴയ ഫർണിച്ചറുകൾ എന്നിവയുടെ കൈയൊഴിയൽ, ഓഫീസ് ശുചിമുറികളുടെ ശുചിത്വം, ദ്രവമാലിന്യ സംസ്കരണം, സോക്ക് പിറ്റിന്റെ നിർമ്മാണം, ഓഫീസ് പരിസരത്ത് കൂട്ടിയിട്ട മാലിന്യങ്ങൾ, പരിസരത്ത് പൂന്തോട്ട നിർമ്മാണം, ഹരിത പെരുമാറ്റ ചട്ടങ്ങൾ, ശുചിത്വ പരിശീലനം എന്നിങ്ങനെ 28 ഘടകങ്ങൾ പരിശോധിച്ചാണ് ഗ്രേഡിംഗ്.

പരമാവധി 200 മാർക്കിലാണ് ഗ്രേഡിംഗ് പരിശോധന നടത്തുന്നത്. പരിശോധന റിപ്പോർട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറി. ശുചിത്വത്തിൽ പിറകിലായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ തുടർനടപടി സ്വീകരിക്കും. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, കുന്നമംഗലം ബ്ലോക്ക് എന്നിവയുടെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകൾ, കോഴിക്കോട് നഗരസഭ, ഫറോക്ക്, രാമനാട്ടുകര നഗരസഭ എന്നിവിടങ്ങളിൽ പരിശോധന പൂർത്തിയായി റിപ്പോർട്ട് ജോയിന്റ് ഡയറക്ടർക്ക് സമർപ്പിച്ചു.

കോർപ്പറേഷനിലെ പരിശോധനയിൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, കില തീമാറ്റിക് എക്സ്പേർട്ട് സനീഷ തോമസ്, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ആർ ജിഷ, കോർപ്പറേഷനിലെ ശുചിത്വമിഷൻ യങ് പ്രൊഫഷണൽ ഐ കെ നിരഞ്ജന എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *