കോഴിക്കോട്: ഏപ്രിൽ 19 മുതൽ മെയ് 1 വരെ കോഴിക്കോട്ട് നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ സ്വാഗതസംഘം ഓഫീസ് ബീച്ച് പോർട്ട് ബംഗ്ലാവിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ എം സച്ചിൻദേവ് എംഎൽഎ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പദ്മിനി, സബ് കലക്ടർ ഹർഷിൽ ആർ മീണ, കെ കെ ലതിക എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കവിത പി സി സ്വാഗതവും അഴിയൂർ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജെയ്സൺ നന്ദിയും പറഞ്ഞു.
17 സബ് കമ്മിറ്റികളായി തിരിച്ചാണ് പരിപാടിയുടെ പ്രവർത്തനങ്ങൾ നിർവഹിച്ചു വരുന്നത്. പന്ത്രണ്ടാമത് സരസ് മേളയ്ക്കാണ് കോഴിക്കോട് സാക്ഷിയാവുന്നത്. മികച്ച ജനപങ്കാളിത്തവും പിന്തുണയും ഉറപ്പാക്കുന്നതിനാവശ്യമായ വിവിധ നിലയിലുള്ള പ്രചാരണ പരിപാടികളും ഇതിന് മുന്നോടിയായി സംഘടിപ്പിക്കും. എല്ലാ വിഭാഗം ജനങ്ങളെയും മേളയിലേക്ക് ആകർഷിക്കാവുന്ന നിരവധി പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.

