കോകോ ഫിലിം ഫെസ്റ്റ് തുടങ്ങി



സാംസ്കാരിക നിധികളാണ് ഓരോ സിനിമയുമെന്ന് പ്രേംകുമാർ


കോഴിക്കോട്: ഒരു സിനിമ ആ രാജ്യത്തിന്റെ സർവ സംസ്കാരങ്ങളുടെയും രാഷ്ട്രീയത്തിന്റെയും ആലേഖനമാണെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ.

“സാംസ്‌കാരിക നിധികളാണ് ഓരോ സിനിമയും. സിനിമയ്ക്ക് ഒരു വിശ്വഭാഷയുണ്ട്. അതുകൊണ്ടാണ് നല്ല സിനിമയ്ക്ക് ഭാഷ പ്രശ്നമല്ലാത്തത്,” പ്രേംകുമാർ അഭിപ്രായപ്പെട്ടു.

യുനെസ്കോയുടെ സാഹിത്യനഗരമെന്ന പ്രൗഢ അംഗീകാരം ലഭിച്ച കോഴിക്കോടിന്റെ ഖ്യാതി ഉയർത്തിപ്പിടിച്ച്
കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിക്കുന്ന
കോകോ ഫിലിം ഫെസ്റ്റ് ശ്രീ തിയ്യറ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ സാമൂഹ്യമാറ്റത്തിനുള്ള ഉപാധി കൂടിയാണ്. ആധുനിക കേരളം രൂപപ്പെട്ടത് ആ രീതിയിലാണ്.
ബോംബുകൾക്ക് നടുവിൽ ജീവനും കൊണ്ടോടുന്ന ലോകത്തേക്കൂടി അടയാളപ്പെടുത്തുന്നതാണ് സിനിമ. നല്ല സിനിമയ്ക്ക് പ്രേക്ഷകനെ നല്ല മനുഷ്യനാക്കാൻ കഴിയുമെന്നും പ്രേംകുമാർ നിരീക്ഷിച്ചു. സാഹിത്യം, സംഗീതം, സിനിമ എന്നീ മേഖലകളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ, പാട്ടും നാടകവും മനസ്സിൽ സൂക്ഷിക്കുന്ന ജനങ്ങൾ ഉള്ള മാതൃകാ നഗരമാണ് കോഴിക്കോട്. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങിയത് കോഴിക്കോടാണ്.

കോഴിക്കോടിന് നഷ്ടപ്പെട്ട ഫിലിം ക്ലബ്ബുകളെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്ന് അധ്യക്ഷത വഹിച്ച മേയർ ബീന ഫിലിപ്പ് ചൂണ്ടിക്കാട്ടി. സിനിമാ ആസ്വാദനവും ചലച്ചിത്ര വിദ്യാഭ്യാസവും ഉണ്ടാവേണ്ടതുണ്ട്.

ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സംവിധായകരായ വി എം വിനു, ഷാജോൺ കാര്യാൽ, നടന്മാരായ സുധി കോഴിക്കോട്, വിജയൻ കാരന്തൂർ, ദീദി ദാമോദരൻ, മുരളി ബേപ്പൂർ, നവീന വിജയൻ എന്നിവർ പങ്കെടുത്തു.

ജനുവരി 11 വരെയുള്ള ചലച്ചിത്ര മേളയുടെ ആദ്യദിനം അഞ്ചു ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ശനിയാഴ്ച മുതൽ വൈകുന്നേരം 4.45 ന് ഓപ്പൺ ഫോറം ഉണ്ടായിരിക്കും.

ചെലവൂർ വേണുവിനെ ആദരിച്ചു
മുതിർന്ന ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണുവിനെ ഫെസ്റ്റിവൽ ഉദ്ഘാടന പരിപാടിയിൽ ആദരിച്ചു. ചെലവൂർ വേണു ജീവിതം മുഴുവൻ സിനിമയ്ക്കായി ചെലവഴിച്ച വ്യക്തിയാണെന്ന് പ്രേംകുമാർ പറഞ്ഞു. കാലത്തിന് മുൻപേ സഞ്ചരിച്ചു ഫിലിം സൊസൈറ്റിയുമായി നടന്ന വേണുവിനെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. മേയർ വേണുവിനെ പൊന്നാടയണിയിച്ചു.

കോകോ ചലച്ചിത്രമേളയിൽ നാളത്തെ (ശനി) സിനിമ
ശ്രീ: രാവിലെ 10.30-1921. ഉച്ച 2-ഒറ്റാൽ. വൈകീട്ട് 6-ക്ലാര സോള.

വേദി: രാവിലെ 10.30-ദിസ് ഈസ്‌ നോട്ട് എ ബറിയൽ, ഇറ്റ്സ് എ റീസറക്ഷൻ. ഉച്ച 2-ചാരുലത. വൈകീട്ട് 6-വിധേയൻ.

ഓപ്പൺ ഫോറം
വൈകീട്ട് 4.45-മലയാള സിനിമയിലെ പ്രതിനിധാനങ്ങളും അരികുവൽക്കരണവും

Leave a Reply

Your email address will not be published. Required fields are marked *