കാഴ്ചയുടെ ഉത്സവം തുടങ്ങി

മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിന് പ്രൗഢ ഗംഭീര തുടക്കം

ഉദ്ഘാടനം സയ്യിദ് അഖ്തർ മിർസ നിർവഹിച്ചു

കോഴിക്കോട്: കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്രമേള – ഐ എഫ് എഫ് കെ പിറന്ന കോഴിക്കോടിന്റെ മണ്ണിൽ മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. നാല് ദിവസത്തെ മേള  സംവിധായകനും കെ ആർ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സ് ചെയര്‍പേഴ്‌സണുമായ സയ്യിദ് അഖ്തർ മിര്‍സ ഉദ്ഘാടനം ചെയ്തു.  മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു.

ലോകത്തെ മികച്ച സിനിമകൾ ജനങ്ങളിലേക്കെത്തിക്കുന്ന ഐഎഫ്എഫ്കെ ഏറ്റവും ജനാധിപത്യപരമായും ഏവരെയും ഉൾക്കൊള്ളിച്ചു കൊണ്ടും സംഘടിപ്പിക്കുന്ന മേളയാണെന്ന് സയ്യിദ് മിര്‍സ പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്ത് ഇത്തരം മേളകൾ സംഘടിപ്പിക്കാൻ കേരളത്തിനു മാത്രമേ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ശക്തമായ ചലച്ചിത്ര സംസ്കാരം വളർത്തിയെടുക്കുന്നതിൽ ഫിലിം സൊസൈകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സമ്പന്നമായ സിനിമ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ചെലവൂർ വേണുവിനെപ്പോലെയുള്ളവരുടെ പങ്ക് എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര മേളയിലെ നിറഞ്ഞ സദസ്സ് അതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നല്ല സിനിമകളെ സ്നേഹിക്കുന്നവരാണ് കോഴിക്കോട്ടുകാരെന്ന് മേയർ പറഞ്ഞു. കോഴിക്കോട് മേഖല ചലച്ചിത്ര മേളയ്ക്ക് സ്ഥിരം വേദി ആകണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. ഉദ്ഘാടന പരിപാടിയിൽ വീശിഷ്ടാതിഥിയായിരുന്ന തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഫെസ്റ്റിവൽ ബുക്ക്‌ ചലച്ചിത്ര താരം മീനാക്ഷി ജയന് നൽകി പ്രകാശനം ചെയ്തു. ഫെസ്റ്റിവൽ ബുള്ളറ്റിൻ പ്രകാശനം കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടര്‍ വി എസ് പ്രിയദര്‍ശനന്‍ നടൻ സുധീഷിന് നൽകി നിർവഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സൺ പ്രേംകുമാര്‍ മേളയുടെ ആമുഖ പ്രഭാഷണം നടത്തി. 29 മത് ഐഎഫ്എഫ്കെ ക്യുറേറ്റർ ഗോൾഡ സെല്ലം മേളയെപ്പറി ആമുഖമായി സംസാരിച്ചു. പരിപാടിയിൽ നടൻ സുധീഷ്, ഗോപീകൃഷ്‌ണൻ വർമ്മ, നടി മീനാക്ഷി ജയൻ എന്നിവർക്ക് ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ പ്രേംകുമാർ ഉപഹാരങ്ങൾ നൽകി.

കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ കുക്കു പരമേശ്വരന്‍, സന്തോഷ് കീഴാറ്റൂര്‍, സോഹന്‍ സീനുലാല്‍, സംഘാടക സമിതി കണ്‍വീനര്‍മാരായ കെ ജെ തോമസ്, കെ ടി ശേഖര്‍, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച് ഷാജി എന്നിവരരും സംസാരിച്ചു. മുഹമ്മദ് റസൂലോഫ് സംവിധാനം ചെയ്ത ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *