കോഴിക്കോട്: ബാലുശ്ശേരി ത്രിവേണി സൂപ്പർമാർക്കറ്റിൽ കൺസ്യൂമർഫെഡ് സഹകരണ ഓണം വിപണി ആരംഭിച്ചു. ഓണം വിപണി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഹരീഷ് നന്ദനം അധ്യക്ഷ വഹിച്ചു.
13 ഇനം നിത്യോപയോഗ സാധനങ്ങൾ 10 മുതൽ 40 ശതമാനം വരെ സബ്സിഡി നിരക്കിൽ ദിവസേന 75 പേർക്ക് വീതം സെപ്റ്റംബർ നാല് വരെ വിതരണം ചെയ്യും. ഓണത്തെ വരവേൽക്കാൻ സഹകരണ സ്ഥാപനങ്ങളുടെ വിവിധ ഉൽപ്പന്നങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും പൊതു വിപണിയെക്കാൾ വിലക്കുറവിൽ ആവശ്യാനുസരണം ലഭ്യമാക്കുകയാണ് ലക്ഷ്യം.

