കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് നവീന മാറ്റം സൃഷ്ടിച്ച് സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ ‘മീഠി മലയാളം’ പദ്ധതി ജില്ലാതലത്തില്‍ വ്യാപിപ്പിക്കുന്നു. ഹിന്ദിയും അനുബന്ധ ഭാഷകളും മാതൃഭാഷയായ കുട്ടികള്‍ക്ക് മലയാളഭാഷ പഠനം ലളിതമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരളത്തിലെ തൊഴില്‍ മേഖലകളിലേക്കെത്തിയ വിവിധ സംസ്ഥാനങ്ങളിലെ കുടുംബങ്ങള്‍ക്കൊപ്പം വരുന്ന കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പഠനത്തിനെത്തുമ്പോള്‍ മലയാളത്തിലെ പരിജ്ഞാനക്കുറവ് കാരണം പഠനപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി പങ്കാളികളാകാന്‍ പ്രയാസപ്പെടുന്നുണ്ട്. ഈ വെല്ലുവിളിക്ക് പരിഹാരമായി കോഴിക്കോട് സൗത്ത് യു.ആര്‍.സിയില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയായ ‘മീഠി മലയാളം’ ജില്ലയിലാകെ വ്യാപിപ്പിക്കുകയാണ് സമഗ്ര ശിക്ഷാ കോഴിക്കോട്.
കുട്ടികള്‍ക്ക് സ്വാഭാവിക സാഹചര്യങ്ങളില്‍ മലയാളം കേള്‍ക്കാനും മനസ്സിലാക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള പ്രാപ്തി നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഥ, കവിത, നാടകം തുടങ്ങിയവ വഴിയും പരിചിതമായ കഥകള്‍ കോഡ് സ്വിച്ചിങ് രീതിയിലൂടെ കേള്‍ക്കാന്‍ അവസരം ഒരുക്കിയും മലയാളം പരിചയപ്പെടുത്തുന്ന പരിപാടി കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സൗത്ത് പരിധിയിലെ എട്ട് സ്‌കൂളുകളില്‍ പ്രാഥമികമായി നടപ്പാക്കിയ പദ്ധതി മികച്ച പ്രതികരണം നേടി.
പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ ബ്ലോക്കില്‍നിന്നും തെരഞ്ഞെടുത്ത മൂന്ന് റിസോഴ്സ് അധ്യാപകര്‍ക്ക് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. തിരുവണ്ണൂര്‍ ജി.യു.പി സ്‌കൂളില്‍ നടന്ന പരിശീലനം എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. മീഠി മലയാളം വഴി അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്ക് മലയാള ഭാഷയില്‍ പരിചയം ലഭിക്കുകയും അതിലൂടെ സമൂഹത്തിന്റെ സാംസ്‌കാരിക തനിമയും മുന്നേറ്റവും അവര്‍ക്ക് അനുഭവിക്കാന്‍ കഴിയുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഘട്ടത്തില്‍ വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്കായി പ്രത്യേകം തയാറാക്കിയ മൊഡ്യൂള്‍ അനുസരിച്ചുള്ള പരിശീലനവും നല്‍കും.

