ജില്ലാതല സയന്‍സ് ക്വിസ് മത്സരം

കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 8 ന് രാവിലെ 10.30ന് നടക്കാവ് ഗവ. ഗേള്‍സ് വൊക്കേണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല സയന്‍സ് ക്വിസ് മത്സരം സംഘടിപ്പിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഓരോ നിയോജകമണ്ഡലത്തില്‍നിന്നും രണ്ടുപേരടങ്ങുന്ന ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. ജില്ലയിലെ 180ഓളം ഹൈസ്‌കൂളുകളില്‍നിന്ന് വിജയിച്ച് നിയോജകമണ്ഡലാടിസ്ഥാന മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്നത്. ഒന്ന്, രണ്ട് സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 10,000, 5000 രൂപയും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. ജില്ലയില്‍നിന്ന് ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം ഒരു ലക്ഷം, 50000 രൂപ വീതം പ്രൈസ് മണി ലഭിക്കും.


ഭിന്നശേഷി നിര്‍ണയക്യാമ്പ് സംഘടിപ്പിച്ചു

ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹിക സുരക്ഷാ മിഷന്‍, സാമൂഹികനീതി വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച ‘സഹമിത്ര’ പദ്ധതിയുടെ ഭാഗമായി നാദാപുരം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഭിന്നശേഷി നിര്‍ണയത്തിനുള്ള സ്‌പെഷ്യല്‍ മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പ് സംഘടിപ്പിച്ചു. പരിഗണിച്ച 164 അപേക്ഷകളില്‍ 133 പേര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് അംഗീകാരം നല്‍കി. 29 അപേക്ഷകള്‍ തുടര്‍പരിശോധനക്ക് ശിപാര്‍ശ ചെയ്തു. നാദാപുരം താലൂക്ക് ആശുപത്രിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ്  ക്യാമ്പില്‍ പരിഗണിച്ചത്.

സാമൂഹിക സുരക്ഷ മിഷന്‍ റീജണല്‍ ഡയറക്ടര്‍ ഡോ. പി സി സൗമ്യ, ജില്ലാ കോ- ഓഡിനേറ്റര്‍ ജിഷോ ജെയിംസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നവ്യ, ഡോ. നിജീഷ് ആനന്ദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, ഡിസിഐപി ഇന്റേണ്‍സ്, നാദാപുരം ഹോസ്പിറ്റല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. നാദാപുരം എംഇടി കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ഥികളുടെയും ആശ വര്‍ക്കര്‍മാരുടെയും
സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *