താമരശ്ശേരി (കോഴിക്കോട്): സർക്കുലർ അപ്പാരൽ ഇന്നൊവേഷൻ ഫാക്ടറി (സിഎഐഎഫ്) സഹകരണത്തിൽ ടെക്സ്റ്റൈൽ മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള സംസ്ഥാനത്തെ ആദ്യത്തെ ടെക്സ്റ്റൈൽ മാലിന്യ സംസ്കരണ ദേശീയ സെമിനാർ സംഘടിപ്പിച്ച് ഗ്രീൻ വേംസ്. ‘ക്ലോസിങ് ദി ലൂപ്പ് (സിടിഎൽ) ഓൺ ടെക്സ്റ്റൈൽ വേസ്റ്റ് പ്രോഗ്രാമിലൂടെ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കേരളത്തിലുള്ള പ്രവർത്തനങ്ങളുടെ സംഗ്രഹം ഗ്രീൻ വേംസ്, ഇന്റലിക്യാപ്, സിഎഐഎഫ് ഭാരവാഹികൾ പങ്കുവെച്ചു.
സിഎഐഎഫിലെ സോമതിഷ് തന്റെ സ്വാഗത പ്രസംഗത്തിൽ ഗ്രീൻ വേംസുമായുള്ള പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ അഭിമാനം പ്രകടിപ്പിച്ചു, “ഗ്രീൻ വേംസ് ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ഈ പുരോഗതി സാധ്യമാകുമായിരുന്നില്ല” എന്നദ്ദേഹം പറഞ്ഞു. ഗ്രീൻ വേംസ് ടെക്സ്റ്റൈൽ പ്രോജക്ട് ലീഡ് ഗോപിക സന്തോഷ്, സിടിഎൽ പ്രോഗ്രാമിന്റെ ശ്രദ്ധേയമായ നേട്ടങ്ങൾ അവതരിപ്പിച്ചു, ടെക്സ്റ്റൈൽ സർക്കുലാരിറ്റിയുടെ പൂർണ സാധ്യതകൾ നേടിയെടുക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള ഘടനാപരമായ ശേഖരണത്തിന്റെ അടിയന്തര ആവശ്യകത ഗോപിക ചൂണ്ടിക്കാട്ടി. ഗ്രീൻ വേംസിന്റെ സഹസ്ഥാപകനും സിഇഒയുമായ ജാബിർ, മെറ്റീരിയൽ പുനരുപയോഗം മെച്ചപ്പെടുത്തുക എന്ന ദർശനത്തോടെ ആരംഭിച്ച യാത്രയെക്കുറിച്ച് ചടങ്ങിൽ സംസാരിച്ചു. “പുരോഗതിയിലേക്കുള്ള ഒരു ശതമാനം മാറ്റം പോലും പ്രധാനമാണ്, പുരോഗതിയാണ് പ്രധാനം,” അദ്ദേഹം പറഞ്ഞു. ഈ വളർന്നുവരുന്ന മേഖലയിൽ പരീക്ഷണം നടത്താനും വികസിപ്പിക്കാനും ഗ്രീൻ വേംസിനെ പ്രാപ്തമാക്കിയതിന് ഇന്റലിക്യാപ്പിന്റെയും സിഎഐഎഫിന്റെയും പിന്തുണയെ അദ്ദേഹം പ്രശംസിച്ചു.
“സർക്കുലർ ടെക്സ്റ്റൈൽ വേസ്റ്റ് മാനേജ്മെന്റിനായി ഒരു ആവാസവ്യവസ്ഥയുണ്ടാക്കുക’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഇന്ത്യയിലുടനീളമുള്ള വ്യവസായ പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുത്തു. സുരേന്ദർ (ഡെക്കാത്‌ലോൺ), രാകേഷ് (കോഴിക്കോട് ജില്ലാ ശുചിത്വ മിഷൻ കോ- ഓർഡിനേറ്റർ), പ്രശാന്ത് (സൂര്യ എച്ച്എസ്എൻ), മെഗാനാഥ് (ജോതി സ്പെഷ്യാലിറ്റി പേപ്പേഴ്‌സ്), ദേവയാനി ത്രിവേദി (സ്വതന്ത്ര ത്രിഫ്റ്റ് എക്സ്പെർട്ട്), ചൈത്ര (ആർട്ടിറ്റെച്ച് ഇന്നൊവേഷൻസ്, ബെംഗളൂരു), പ്രഭരാജ് (ബ്ലൂമെയ്ഡ്ഗ്രീൻ), ജഹ്നവി (ഹസിരു ദള ഇന്നൊവേഷൻസ്, ബെംഗളൂരു), ഷൺമുഖവടിവേൽ എൻ. (ഫാബ്രുല, സർക്കുലർ ഡിസൈൻ സ്റ്റുഡിയോ), ദേവാൻഷ് (എൻവിയു, ബെംഗളൂരു), ആകാൻഷ (ഉപയ സോഷ്യൽ വെഞ്ച്വർ, ബെംഗളൂരു), സോമതിഷ് (സിഎഐഎഫ്), ജാബിർ (ഗ്രീൻ വേംസ്), മൗന (ഹസിരു ദള, ബെംഗളൂരു) എന്നിവർ സന്നിഹിതരായി.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ ഗംഗാധരൻ ഉൾപ്പെടെയുള്ള സർക്കാർ പ്രതിനിധികൾ പങ്കെടുത്തു. സർക്കുലർ ടെക്സ്റ്റൈൽ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. CTL സഹകരണത്തിന് കീഴിൽ, 2024–25 സാമ്പത്തിക വർഷത്തിൽ ഗ്രീൻ വേംസ് ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്, 2.3 ലക്ഷം കിലോഗ്രാമിലധികം തുണിത്തരങ്ങൾ ലാൻഡ്‌ഫില്ലുകളിലെത്തുന്നത് തടയുകയും, 35+ സ്ഥാപന കലക്ഷൻ ഡ്രൈവുകൾ നടത്തുകയും ചെയ്തു. എട്ട് ജില്ലകളിലായി ടെക്സ്റ്റൈൽ റിക്കവറി സംവിധാനങ്ങൾ ഈ മാതൃകയിൽ അവതരിപ്പിച്ചു, മെറ്റീരിയൽ റിക്കവറി ഏകദേശം 60% ആയി മെച്ചപ്പെടുത്തി.
താമരശ്ശേരിയിൽ ഗ്രീൻ വേംസ് സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ ടെക്സ്റ്റൈൽ റിക്കവറി ഫെസിലിറ്റി (TRF) സന്ദർശനത്തോടെ പരിപാടികൾ അവസാനിച്ചു.
2030 ഓടെ, 20 ദശലക്ഷം കിലോഗ്രാം തുണിത്തരങ്ങൾ ലാൻഡ്‌ഫില്ലുകളിലെത്തുന്നത് തടയുക, 10,000 ഉപജീവനമാർഗങ്ങളെ സ്വാധീനിക്കുക എന്നതാണ് ഈ സഹകരണ സംരംഭം ലക്ഷ്യമിടുന്നത്.
ടെക്സ്റ്റൈൽ മാലിന്യ സംസ്കരണം: ദേശീയ സെമിനാറുമായി ഗ്രീൻ വേംസ്

