50 വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സംഗമം ഫെബ്രുവരി 1 മുതൽ
കോഴിക്കോട്: ഫെബ്രുവരി 1 മുതൽ മാർച്ച് 1 വരെ 50 വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള നൂറോളം കലാകാരന്മാരുടെ (ചിത്രകാരന്മാർ, വസ്ത്ര കലാകാരന്മാർ,ശില്പികൾ,) സംഗമം ( സൂത്ര 2024) ബേപ്പൂരിലെ തസര വീവിംഗ് സെന്ററിൽ നടത്തും.
പങ്കെടുക്കുന്ന ഓരോ കലാകാരന്മാരും അവരുടെ മൂന്നു വീതം സർഗാത്മക രചനകൾ ഫെബ്രുവരിയിൽ ഇവിടെ പ്രദർശിപ്പിക്കും. ഒരു മാസത്തെ ശില്പശാലയിൽ അവർ നിർമ്മിക്കുന്ന എല്ലാ രചനകളും ഈ പ്രദർശനത്തോട് കൂട്ടിച്ചേർക്കും.
ഈയിടെ വിട്ടുപോയ പ്രശസ്ത കലാകാരി ശാന്തയുടെ ക്രിയാത്മക ജീവിതത്തോടുള്ള ആദരവും ആഘോഷവും ആണ് ഈ മഹോത്സവം.
ഞങ്ങളുടെ അതിഥി മന്ദിരത്തിലും അയൽക്കാരുടെ വീടുകളിലും ആണ് കലാകാരന്മാർക്കുള്ള താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. 100 ഓളം പേർക്ക് ഭക്ഷണവും താമസവും സൗജന്യമായിരിക്കും.അടുത്തും അകലെയുമുള്ള ഒരുപാട് സ്നേഹിതരുടെ സഹായ സഹകരണത്തോടെയാണ് ഈ മേള സാധ്യമാകുന്നത്.
കൈവേലകളിൽ നിന്നും സർഗാത്മക രചനകളിൽ നിന്നും അകലം പാലിക്കുകയും ഡിജിറ്റൽ ലോകത്തേക്ക് ചേക്കേറുകയും ചെയ്യുന്ന വിദ്യാസമ്പന്നരായ നമ്മുടെ ചെറുപ്പക്കാരുടെ ശ്രദ്ധ ഒരല്പമെങ്കിലും ക്രിയാത്മക ലോകത്തേക്ക് ആകർഷിക്കാനുള്ള ഒരു ശ്രമം കൂടിയാണ് ഈ കലോത്സവം.
കൊച്ചി ബിനാലെ ട്രസ്റ്റി ടോണി ജോസഫ്, ആർക്കിടെക്ടുമാരായ ബാബു ചെറിയാൻ, പി പി വിവേക്, ഐഐഎ കാലിക്കറ്റ് പ്രസിഡന്റ് നൗഫൽ, ആർക്കിടെക്ട് ഷെറിൻ ഖദീജ, തസര മാനേജിങ് ട്രസ്റ്റി വാസുദേവൻ, ശന്തനു എസ് നായർ, നിവേദ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ബേപ്പൂർ തസരയിൽ കലാകാര സംഗമം വരുന്നു

