കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ(കെ എൽ എഫ്) ഉദ്‌ഘാടന ചടങ്ങിലെ തന്റെ പ്രസംഗം മാധ്യമങ്ങൾ വിവാദമാക്കുന്നതിൽ അടിസ്ഥാനമില്ലെന്ന് എം ടി വാസുദേവൻ നായർ ‘ദേശാഭിമാനി’ യോട് പറഞ്ഞു. പ്രസംഗം സംബന്ധിച്ച മാധ്യമങ്ങളുടെ വ്യാഖ്യാനത്തിലും ചർച്ചയിലും എനിക്ക് പങ്കില്ല. എന്റെ വാക്കുകൾ സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ഉദ്ദേശിച്ചല്ല. റഷ്യയിലടക്കമുള്ള സാഹചര്യങ്ങൾ പരാമർശിച്ചതിന്റെ അർഥം മലയാളം അറിയുന്നവർക്ക് മനസിലാകും. അത് കേരളത്തെ സൂചിപ്പിക്കാനല്ല. മാധ്യമങ്ങൾ കൽപിച്ച് പറയുന്ന വിവാദത്തിനും ചർച്ചക്കും ഞാനും പ്രസംഗവും ഉത്തരവാദിയല്ല. ശുദ്ധമലയാളത്തിലാണ് ഞാൻ പറഞ്ഞത്. അതിനെച്ചൊല്ലി മുഖ്യമന്ത്രിയെും മറ്റും വലിച്ചിഴക്കേണ്ടതില്ലെന്നും എം ടി പറഞ്ഞു.

