‘കോലുമിഠായി’ അഥവാ
കുപ്പയിൽ നിന്ന് മാണിക്യം
കോയമുഹമ്മദ്
ഒരു ചെറിയ ബിനാലെയിലൂടെ കടന്നുപോയ അനുഭവമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച റോയ് കരാത്രയുടെ കൊളാഷ് പ്രദർശനം (കോലുമിഠായി) കണ്ടപ്പോൾ ഉണ്ടായത്. നാലു പതിറ്റാണ്ട് മുമ്പ് ചിത്രകാരൻ പ്രഭാകരനാണ് ബിനാലെയെക്കുറിച്ചും, അതുപോലെ ട്രിനാലെയെക്കുറിച്ചും, എന്നോടു പറഞ്ഞത്. മുപ്പതു വർഷം കഴിഞ്ഞ്, 2012 ൽ നമ്മുടെ നാട്ടിൽത്തന്നെ ആരംഭിച്ച് അതിവേഗം ലോകശ്രദ്ധ പിടിച്ചുപറ്റിയ ബിനാലെ കാഴ്ചക്കാരന്റെ ഭാവന കെട്ടഴിച്ചുവിടുന്ന സർഗ വിസ്ഫോടനമായാണ് സാർവത്രികമായി അനുഭവപ്പെട്ടത്.
ഫെബ്രുവരി നാലിന് കോഴിക്കോട് ആർട് ഗാലറിയിൽ പ്രവേശിച്ചപ്പോൾത്തന്നെ ഓരോ കോലുമിഠായി തന്ന് റോയ് ഞങ്ങളെ പ്രദർശനത്തിലേക്ക് വരവേറ്റു. അകത്ത് കുറച്ചുപേർ മിഠായി നുണഞ്ഞുകൊണ്ട് ചുറ്റിനടന്ന് പ്രദർശനം കാണുന്നുണ്ടായിരുന്നു. കടലാസുപൊതി പൊളിച്ചുമാറ്റി കോലിൽപിടിച്ച് മിഠായി വായിലിട്ട് മധുരം നുകർന്നുകൊണ്ട് ഞാനും സറീനയും കലാസൃഷ്ടികൾ ഓരോന്നായി കാണാൻ തുടങ്ങി.
മിഠായിയും കണ്മുന്നിലെ കാഴ്ചകളും തമ്മിൽ ഒരു ലയം കിട്ടാൻ അല്പം സമയമെടുത്തു. ആകപ്പാടെയൊരു സ്റ്റാർടിങ് ട്രബിൾ കൊച്ചി മുസ്റിസ് ബിനാലെയിലും അനുഭവിച്ചതാണ്. പിന്നീടങ്ങോട്ട് ബിനാലെയിലെ കാഴ്ച ഓരോന്നും ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു. ഗൃഹാതുരമധുരമായി നാമകരണം ചെയ്യപ്പെട്ട റോയ് കരാത്രയുടെ കൊളാഷ് പ്രദർശനവും അതിരില്ലാത്തൊരു ഭാവനാലോകത്തിലേക്ക് മനസ്സിനെ നയിച്ചു.
പ്രദർശനത്തിലെ കൃതികൾക്ക് കടലാസു കഷണങ്ങളാണ് പ്രധാനമായും മാധ്യമമായുപയോഗിച്ചിട്ടുള്ളത്. കലാസൃഷ്ടികൾക്കൊന്നും പേരും കണ്ടില്ല. സൃഷ്ടികൾക്ക് പേരിടുന്നത് കലാകാരന്റെ ഭാഗത്തു നിന്നുള്ള അതിക്രമമായാണ് പ്രശസ്ത ചിത്രകാരൻ സി എൻ കരുണാകരൻ കരുതിയിരുന്നത്. തിരിച്ചറിയാൻ വേണമെങ്കിൽ നമ്പറിടാം എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പല കലാകാരന്മാരും തങ്ങളുടെ കൃതികൾക്ക് പേരിനു പകരം നമ്പർ നൽകിക്കാണാറുമുണ്ട്. കലാകാരൻ പേരിട്ടിട്ടില്ലെങ്കിലും കാഴ്ചക്കാർ പേര് പറഞ്ഞുപോകുന്ന ചില സൃഷ്ടികൾ കരാത്രയുടെ പ്രദർശനത്തിലുണ്ട്. പ്രശസ്ത നാടകകാരൻ ജയപ്രകാശ് കുളൂരിന്റെ മുഖഭാവചിത്രം അവയിലൊന്നാണ്. കുളൂരിനെ നമുക്കതിൽ, ആ ഭാവചിത്രത്തിൽ, ആകത്തുകയിൽ കാണാറാകുന്നു എന്നതാണ് ആ രചനയുടെ സാഫല്യം.
‘കവിയുടെ കാല്പാടുകൾ’ ഉളവാക്കിയ ധാരണയിലും, 1960 കളുടെ രണ്ടാം പകുതിയിൽ ദേവഗിരി കോളേജിൽ കവിയുടെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ചു നടന്ന സാഹിത്യോത്സവത്തിൽ അദ്ദേഹത്തെ കണ്ട ഓർമയിലും പ്രദർശനത്തിലെ ഒരു കൃതി കണ്ടയുടനെ റോയിയോടു ചോദിച്ചുപോയി, പി കുഞ്ഞിരാമൻ നായരെ കണ്ടിട്ടുണ്ടോ എന്ന്. ഒരു ചോദ്യം കൂടി എനിക്ക് ചോദിക്കാനുണ്ടായിരുന്നു.
പക്ഷേ, അപ്പോഴേക്കും വന്നു റോയിയുടെ പ്രതികരണം: ഇല്ല. അതുകണ്ട ഒരാൾ എന്നോട് ചോദിച്ചു , നിങ്ങൾ ആൻറണി മാസ്റ്ററെ കണ്ടിട്ടുണ്ടോ എന്ന്. ഞാൻ പറഞ്ഞു, ‘അത് എന്റെ അച്ഛനാണ്. അദ്ദേഹത്തിന് കഷണ്ടിയുണ്ടായിരുന്നില്ല. എനിക്കറിയാവുന്നതല്ലേ?’
അതൊക്കെ കേട്ടപ്പോൾ കുഞ്ഞിരാമൻനായർക്ക് ഇത്ര കഷണ്ടിയുണ്ടായിരുന്നോ എന്ന എന്റെ ചോദ്യം പുറത്തേക്കു തന്നെ വന്നില്ല. പക്ഷേ, അപ്പോൾ ആലോചിച്ചു പോയ ഒരു കാര്യമുണ്ട്. വട്ടത്തിൽ മുറിച്ചെടുത്ത ഒരു കടലാസുകഷണത്തിന്റെ വലുപ്പം അല്പം കൂടിയതുകൊണ്ടാവില്ലേ കഷണ്ടി കൂടിപ്പോവുകയും കവിയുടെ സാദൃശ്യം നഷ്ടപ്പെട്ടു പോവുകയും ചെയ്തത്?
പ്രദർശനത്തിലെ രണ്ടു ഡസനിലേറെ കൃതികളിൽ രചനാവൈഭവംകൊണ്ട് പ്രത്യേകം ശ്രദ്ധേയമാണ് കുറച്ചു ചെറുപ്പക്കാർ ഒരു കുന്നിന്റെ പടവുകളിൽ കയറുന്നത്. പടവുകൾക്ക് ഇരുവശവും പാറക്കെട്ടുകൾ. അവയുടെ താഴവാരത്ത് പൂത്തുല്ലസിച്ച് കുറ്റിക്കാട്. കാലങ്ങളായി മനുഷ്യർ കയറിയിറങ്ങി സ്വരൂപമാർജിച്ചതെന്നു വിഭാവനം ചെയ്യപ്പെടുന്ന ആ പടവുകൾ കലാകാരൻ ഒരുക്കിയിരിക്കുന്നത് പാക്കേജിങ്ങിനുപയോഗിക്കുന്ന ചുളുക്കുകളുള്ള കട്ടികുറഞ്ഞ കാർഡ്ബോർഡ് പോലുള്ള വസ്തു ഉപയോഗിച്ചാണ്. കൊളാഷ് കലാകാരന്റെ വസ്തു ശേഖരത്തിലല്ലെങ്കിൽ വെയിസ്റ്റ് ബാസ്കറ്റിൽ കിടക്കേണ്ട അവശിഷ്ടമാണത്. പ്രദർശനത്തിലെ കലാസൃഷ്ടികൾക്കു പിന്നിലുടനീളം ഈ മൗലിക പ്രതിഭയുടെ വിളയാട്ടം കാണാം.
കലയെ സംബന്ധിച്ച പ്രഭാവലയമൊക്കെ മാറ്റിവെച്ചു നോക്കുമ്പോൾ കുപ്പയിൽ നിന്ന് മാണിക്യം കണ്ടെത്തുന്ന കഠിനവിദ്യ തന്നെ ഇവിടെ കലാകാരൻ പ്രകടിപ്പിക്കുന്നത്; പ്രദർശിപ്പിക്കുന്നത്.





