കോഴിക്കോട്: മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ(എംഎൽഎഫ്) പ്രഥമ എഡിഷന് നവംബർ 30 ന് കോഴിക്കോട് ബീച്ചിൽ തുടക്കമാവും. ഡിസംബർ 3 വരെ നടക്കുന്ന ദഫെസ്റ്റിവലിൽ എഴുത്തുകാരും സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരും പങ്കെടുക്കും.
വൈകുന്നേരം 6.30 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ സുഭാഷ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നിർവഹിക്കും. ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കും.
ഉദ്ഘാടന ദിവസം പ്രശസ്ത ഹൈദരാബാദി സൂഫി സംഗീതജ്ഞരായ വാർസിസഹോദരന്മാരുടെ ഖവ്വാലി നിശ അരങ്ങേറും.
മലബാറിൽ നിന്നുള്ള മലയാളസാഹിത്യത്തിന്റെ പുനർവായനയാണ് എംഎൽഎഫ് ലക്ഷ്യമിടുന്നത്. മലബാറിലെ സമുദായങ്ങള്‍, ജീവിതം, രാഷ്ട്രീയം, സാഹിത്യം, സംസ്‌കാരം, ചരിത്രം, ഭാഷകള്‍, യാത്രകള്‍, കലകള്‍ എന്നിവ അടയാളപ്പെടുത്തുന്ന സെഷനുകളായിരിക്കും ഫെസ്റ്റിവലിന്റെ സവിശേഷത.
പുസ്തക ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, സംവാദങ്ങള്‍ എന്നിവയ്ക്ക് പുറമെ ഡോക്യുമെന്ററി പ്രദർശനങ്ങൾ, സംഗീതസദസ്സുകൾ, കലാ പ്രകടനങ്ങൾ എന്നിവയ്ക്കും ഫെസ്റ്റിവൽ വേദിയാകും. മാപ്പിള, ദളിത്, ആദിവാസി ജീവിതങ്ങളെ ഡോക്യുമെന്റ് ചെയ്യുന്ന സമാന്തര സിനിമകളുടെ പ്രദർശനവും തുടർചർച്ചകളും ഫെസ്റ്റിവലിൽ അരങ്ങേറും.
മലബാറിന്‍റെ ഭാഷ, സംസ്കാരം, കല തുടങ്ങിയ വൈവിധ്യം ആഘോഷിക്കുന്ന ഫെസ്റ്റിവലിൽ ന്യൂനപക്ഷ, കീഴാള, ദളിത്, ആദിവാസി പ്രാതിനിധ്യം ഉണ്ടാവും. ലക്ഷദ്വീപ്, കായൽപ്പട്ടണം, ആഫ്രിക്ക തുടങ്ങിയ ദേശങ്ങളുമായുള്ള മലബാറിന്റെ ചരിത്രപരമായ ബന്ധവും വിവിധ വേദികളിൽ ചർച്ചചെയ്യപ്പെടും. വിദ്യാഭ്യാസ-ആരോഗ്യ-വിനോദ സഞ്ചാര രംഗത്തെമലബാറിന്റെ അവസ്ഥയും സാധ്യതകളും എംഎൽഎഫിൽ ചർച്ചയാവും. മലബാറിന്റെ കായിക, സംഗീത, നാടക, സിനിമാ പാരമ്പര്യങ്ങൾക്കായി പ്രത്യേക സെഷനുകളുണ്ടാവും.
മുന്നൂറോളം പ്രാദേശിക, ദേശീയ, അന്താരാഷ്‌ട്ര അതിഥികൾ എൺപതോളം സെഷനുകളിലായി പങ്കെടുക്കും.
കുമാർ സത്യത്തിന്റെ ഗസലും ലക്ഷദ്വീപിൽ നിന്നുള്ള പുള്ളിപ്പറവ ബാന്റിന്റെ പെർഫോമൻസും നാടൻ പാട്ടും അരങ്ങേറും. എം നൗഷാദ് ക്യൂറേറ്റ് ചെയ്യുന്ന സമീർ ബിൻസി ആൻഡ് ടീം, കരീംഗ്രഫി, ഫ്രീസ്റ്റൈൽ ഹാദിയ എന്നിവർ ചേർന്നുള്ള ഈവനിംഗ് പെർഫോമൻസ് ഈ എഡിഷന്റെ ആകർഷണമായിരിക്കും.
കടല്‍ ആണ് പ്രഥമ എഡിഷന്റെ തീം. കടലുമായി ബന്ധപ്പെട്ട് മാത്രം 10 ഓളം സെഷനുകള്‍ എംഎൽഎഫിലുണ്ട്. കോഴിക്കോടിന് ലഭിച്ച യുനെസ്‌കോ സാഹിത്യ നഗരം പദവിയും മലയാളപ്രസാധനത്തിന്‍റെ 200ാം വാർഷികവും ഈ എഡിഷനിലെ പ്രധാന വിഷയമായിരിക്കും.
രാഷ്ട്രീയം, കഥ, നോവല്‍, വിവര്‍ത്തന സാഹിത്യം, പോപ്പുലര്‍ കള്‍ച്ചര്‍, മാപ്പിളപ്പാട്ട്, അറബി-മലയാളം, ആരോഗ്യം, ഫുഡ്കള്‍ച്ചര്‍, മാധ്യമം, സിനിമ, പ്രസാധനം, നാടകം, ഗോത്രീയത, ടൂറിസം, ഫുട്ബോള്‍, ഫലസ്തീന്‍, ഫോക്ലോര്‍, ഓര്‍മ, യാത്ര, കോഴിക്കോടിന്റെ സാംസ്കാരിക പൈതൃകം തുടങ്ങിയ മേഖലകളെല്ലാം എം എൽ എഫ് വിവിധ സെഷനുകളിലൂടെ സ്പർശിക്കുന്നു.
ചരിത്രപരമായി മലബാറിന്റെ തീരങ്ങളോട് ബന്ധമുള്ള കായല്‍പട്ടണം, ലക്ഷദ്വീപ്, സിലോണ്‍, ഗുജറാത്ത്, ആന്തമാന്‍ നിക്കോബാര്‍, ഹദർമൗത്ത്, ഹിജാസ്, മലായ്, ആഫ്രിക്കൻ തീരങ്ങൾ തുടങ്ങിയ പ്രദേശങ്ങളുമായുള്ള സാംസ്കാരിക വിനിമയങ്ങളും ചർച്ചയുടെ വിഷയങ്ങളാവും.
കനിമൊഴി, എന്‍സെങ് ഹോ, നിഷത് സൈദി, ക്രിസ്റ്റഫെ ജാഫ്രിലോ, എം എച്ച് ഇല്യാസ്, എം ടി അന്‍സാരി, ടി ടി ശ്രീകുമാര്‍, ടിഡി രാമകൃഷ്ണന്‍, എസ്ജോസഫ്, പി രാമന്‍, സുഭാഷ് ചന്ദ്രന്‍, എസ് ഹരീഷ്, ഉണ്ണി ആര്‍, ഫ്രാന്‍സിസ് നൊറോണ, കല്‍പറ്റ നാരായണന്‍, പി എഫ് മാത്യൂസ്, അജയ് പി മങ്ങാട്ട്, വീരാൻ കുട്ടി, പി കെ പാറക്കടവ്, കെ പി രാമനുണ്ണി കെ.ഇ.എൻ, കെ ടി കുഞ്ഞിക്കണ്ണന്‍, കെ കെ ബാബുരാജ്, സന്തോഷ് ജോര്‍ജ് കുളങ്ങര, മുഹ്സിന്‍ പരാരി, സജി മാര്‍ക്കോസ്, ജെനി റൊവീന, എം പി ലിപിൻരാജ്, ഡോ. ഉമർ തറമേൽ, ഇസ്മത്ത് ഹുസൈൻ, ഡോ. ഹുസൈൻ രണ്ടത്താണി, വിധു വിൻസെന്റ്, വിജയരാജമല്ലിക, കെ അബൂബക്കർ, ഡോ. ജി. ഉഷാകുമാരി, റോഷ്നി സ്വപ്ന, ഡോ. അജയ് ശേഖർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

