കോഴിക്കോട്: കോഴിക്കോടിന്റെ മണ്ണിൽ ഫുട്ബോൾ ആരാധകരുടെ മനംകവരാൻ പുതിയ ഫുട്‌ബോൾ ക്ലബ്ബ്. സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടൂർണമെന്റിലാണ് കോഴിക്കോടിന്റെ സ്വന്തം ഫുട്ബോൾ ടീമായ കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബ് അരങ്ങേറ്റം കുറിക്കുക.
ടീമിന്റെ ഫ്രാഞ്ചൈസി ഉടമയായ വി കെ മാത്യൂസാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്. ടീമിന്റെ ഔദ്യോഗിക ലോഗോ കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാന്റെ സാന്നിധ്യത്തിൽ എം കെ രാഘവൻ എംപി പ്രകാശനം ചെയ്തു.
ഇന്ത്യൻ സൂപ്പർ ലീഗിന് സമാനമായ രീതിയിലാണ് സൂപ്പർ ലീഗ് കേരള സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക ടൂർണമെന്റായി ഇത് മാറും. വിവിധ ജില്ലകളിൽ നിന്നുള്ള ആറ് ടീമുകളാണ് സൂപ്പർ ലീഗിൽ കളിക്കുക. സെപ്തംബർ ഒന്നിന് കൊച്ചിയിലാണ് ഉദ്ഘാടന മത്സരം.
പ്രാഥമിക റൗണ്ടിൽ ഓരോ ടീമും പത്ത് മത്സരങ്ങൾ വീതമാണ് കളിക്കുക. ഇതിൽ അഞ്ച് മത്സരങ്ങൾ ഹോം ഗ്രൗണ്ടിലും അഞ്ച്മത്സരങ്ങൾ പുറത്തുമായിരിക്കും. പ്രാഥമിക റൗണ്ടിൽ നിന്ന് ആദ്യ നാല് സ്ഥാനക്കാരാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുക.
കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിൽ ആകെ 25 താരങ്ങളാണുള്ളത്. ഇതിൽ ആറ് വിദേശ താരങ്ങളും ദേശീയ തലത്തിൽ കളിക്കുന്ന ഏഴ് താരങ്ങളും കേരളത്തിൽ നിന്നും 12 താരങ്ങളുമാണുള്ളത്. ടീമിന്റെ പരിശീലകനായി ഒരു വിദേശ പരിശീലകനായിരിക്കും ചുമതലയേൽക്കുക. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയമായിരിക്കും ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്.
ഐബിഎസ് സോഫ്റ്റ് വെയറിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമാണ് ക്ലബ്ബ് ഉടമയായ വി കെ മാത്യൂസ്. ആഗോള ട്രാവൽസ് വ്യവസായത്തിലെ ഏറ്റവും മുൻപന്തിയിലുള്ള കമ്പനിയാണ് ഐബിഎസ്. ലോകത്തിന്റെ പല ഭാഗങ്ങളിലായി 17 ഓഫീസുകളും 42 രാജ്യങ്ങളിൽ നിന്നുള്ള 5000 ത്തോളം ജീവനക്കാരുമാണ് ഐബിഎസിനുള്ളത്. കേരളത്തിൽ രണ്ട് ഓഫീസുകളടക്കം ഇന്ത്യയിൽ ഐബിഎസിന് നാല് ഓഫീസുകളുണ്ട്.
കോഴിക്കോടിന് സ്വന്തം ടീം; സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയും

