കോഴിക്കോട്: കോവിഡാനന്തര ഹൃദ്രോഗ മരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മൈക്രോ ചെക്കിന്‍റെ പ്രതിരോധ പരിശോധന നാളെ (വെള്ളി) പൊലീസ് സേനാംഗങ്ങൾക്ക് നടത്തും. രാവിലെ എട്ടു മുതൽ മാനാഞ്ചിറ കമ്മീഷണർ ഓഫീസിനു സമീപം ട്രാഫിക് അവയർനെസ് ഹാളിലാണ് ടെസ്റ്റ് നടക്കുക. ഒറ്റ രക്തസാംപിൾ ഉപയോഗിച്ച് 40 പരിശോധനകൾ നടത്തിയാണ് കോവിഡ് അനുബന്ധ പ്രശ്നങ്ങൾ ഉണ്ടോയെന്ന് തിരിച്ചറിയുക. പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ പൊലീസുകാർക്ക് ഈ പാക്കേജ് നടപ്പാക്കുന്നത്.
കോവിഡ് ബാധിച്ചു ഭേദമായവരിൽ പിന്നീടുണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ പരിശോധനാ സംവിധാനമൊരുങ്ങുന്നത്. ലളിതമായ രക്തപരിശോധനയിലൂടെ കോവിഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഹൃദയാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയാനാകും. കുറഞ്ഞ ചെലവിൽ വീട്ടിലെത്തി സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തിക്കൊടുക്കുന്നതാണ് പദ്ധതി. പരിശോധനാ ഫലങ്ങൾ വിദഗ്ധ ഡോക്ടർമാരുമായി ഫോണിൽ ചർച്ച ചെയ്യാനുള്ള സൗകര്യവുമൊരുക്കും.

