കോഴിക്കോട്: മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായി കെഎസ്ഇബിയുടെ അധിനതയിലുള്ള കക്കയം, ബാണാസുര സാഗർ ഡാമുകളുടെ എമർജൻസി ആക്ഷൻ പ്ലാൻ(ഇ എ പി) തയ്യാറായി. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ അനിൽ കുമാർ ആക്ഷൻ പ്ലാൻ കൈമാറി.
2020 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ഇ എ പിയിൽ, നിലവിൽ വന്ന മാറ്റങ്ങൾ ഉൾപ്പെടുത്തുക മാത്രമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ 2024-25 വർഷകാലത്തിന് മുന്നോടിയായി മറ്റു വകുപ്പുകളുമായി ചേർന്നു യോഗം വിളിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിച്ചു.
ഡാമുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ അപകട രഹിതമായി മറികടക്കാനും മുൻകരുതൽ എടുക്കാനും വേണ്ടിയുള്ള നടപടി ക്രമങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ വിവിധ വകുപ്പുകളുമായി ചേർന്ന് യോജിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ, ജാഗ്രത നിർദ്ദേശങ്ങൾ പ്രഖ്യാപിക്കുമ്പോൾ എടുക്കേണ്ട നടപടി ക്രമങ്ങൾ, വിവിധ ഓഫീസുകളുടെ ഫോൺ നമ്പറുകൾ, അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട ടിപ്പർ ലോറി, ജെസിബി, ക്രെയിൻ, എന്നിവയുടെയെല്ലാം ഏറ്റവും പുതിയ വിവരങ്ങൾ അടങ്ങിയതാണ് എമർജൻസി ആക്ഷൻ പ്ലാൻ.
ഡാം സുരക്ഷ: ആക്ഷൻ പ്ലാൻ കൈമാറി

