കോറണേഷന്‍ തിയറ്റര്‍ ഉടമ കെ ഒ ജോസഫ് തിയറ്ററില്‍ കാല് വഴുതിവീണ് മരിച്ചു
കോഴിക്കോട്: കോഴിക്കോട്ടെ കോറണേഷന്‍ തിയറ്റര്‍ ഉടമ കെ ഒ ജോസഫ് തിയറ്ററില്‍ കാല് വഴുതി വീണ് മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് സ്വദേശിയാണ്. കോഴിക്കോട് മുക്കത്ത് അഭിലാഷ് തിയറ്റര്‍ സ്ഥാപിച്ചാണ് തിയറ്റര്‍ രംഗത്ത് പ്രവേശിച്ചത്. ഇതുകൂടാതെ കോഴിക്കോട് നഗരത്തിലെ കോറണേഷന്‍ മള്‍ട്ടിപ്ലക്സ് തിയറ്റര്‍, റോസ് തിയറ്ററുകള്‍ എന്നിവയിലായി എട്ടോളം സ്ക്രീനുകള്‍ കെ ഒ ജോസഫിന്റേതാണ്.
ചങ്ങരംകുളത്തെ സുഹൃത്തിൻ്റെ തിയറ്ററിലാണ് കാല് വഴുതി വീണത്. കാല്‍വഴുതി തലയടിച്ച് വീണ ജോസഫിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. എട്ടു സ്ക്രീനുകളുടെ ഉടമയാണ് ഇദ്ദേഹം.
കോഴിക്കോട്ടെ തിയറ്ററുകളില്‍ ആധുനിക സംവിധാനങ്ങള്‍ ആദ്യമായി കൊണ്ടുവന്നത് ജോസഫ് ആണ്. പ്രൊജക്ഷന്, ശബ്ദവിന്യാസം എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത ജോസഫ്, മലബാറിലെ സിനിമാ ആസ്വാദകരുടെ അടുത്ത സുഹൃത്തായിരുന്നു. 3ഡി 4കെ, ഡോള്‍ബി അറ്റ്മോസ് സിനിമകള്‍ പൂര്‍ണതയോടെ, ക്ലാരിറ്റി നഷ്ടമില്ലാതെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ജോസഫ് പുലര്‍ത്തിയ ശ്രദ്ധ ഏറെ പ്രശംസ നേടിയിരുന്നു.