കോഴിക്കോട്: കാപ്പാട് ബീച്ചിൽ വൈഫൈ സ്പോട്ട് സ്ഥാപിക്കണമെന്ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി.
കാപ്പാട് ബീച്ചിൽ സംഘടിപ്പിച്ച ലോക ടെലികമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ സൊസൈറ്റി ദിനാചരണത്തിലാണ് ആവശ്യം ഉന്നയിച്ചത്.
വിദേശത്തും സ്വദേശത്തുമുള്ള നൂറു കണക്കിന് ആളുകൾ ദിനം പ്രതി സന്ദർശിക്കുന്ന, ബ്ലു ഫ്ലാഗ് സർട്ടിഫിക്കേഷൻ ഉള്ള കാപ്പാട് ബീച്ചിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇന്റർനെറ്റ് സൗകര്യം തീരെ ലഭ്യമല്ല. ജനപ്രതിനിധികളുടെ വികസന ഫണ്ട് ഉപയോഗിച്ചോ ത്രിതല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയോ സർക്കാർ കമ്പനി കളുടെ സി എസ് ആർ ഫണ്ട് ലഭ്യമാക്കിയോ വൈഫൈ നടപ്പാക്കണം.
യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
‘ഇന്റർനെറ്റും പുതിയ സാങ്കേതിക വിദ്യയും വരുത്തിയ മാറ്റങ്ങൾ’
എന്ന വിഷയം ഡോ. അബൂബക്കർ കാപ്പാട് അവതരിപ്പിച്ചു.
‘കാപ്പാട് ബീച്ചിലെ വൈഫൈ സേവനം: സാധ്യതയും പരിഹാരവും’
എന്ന വിഷയത്തെ അധികരിച്ച് കോഴിക്കോട് ടെലികോം ഡെപ്യുട്ടി ജനറൽ മാനേജർ എം എ ഗഫൂർ സംസാരിച്ചു.
പഞ്ചായത്ത് മെമ്പർ വത്സല പുല്ല്യത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പർ റസീന ഷാഫി, കോഴിക്കോട് ടെലികോം സബ് ഡിവിഷണൽ എഞ്ചിനീയർ എൻ കെ സുമൽ, ബീച്ച് ബ്ലൂഫ്ലാഗ് മാനേജർ ഗിരീഷ്, ബ്ലോക്ക് മെമ്പർ എം പി മൊയ്‌തീൻ കോയ, വി കെ റാഫി, വിനോദ് കാപ്പാട്, നാസർ കാപ്പാട് എന്നിവർ സംസാരിച്ചു.

