കോഴിക്കോട്: മാധ്യമ പ്രവർത്തന പരിശീലന കളരിയിലെ ചങ്ങാത്തവും ഓർമകളും പങ്കിട്ട് പഴയകാല വിദ്യാർഥികൾ വീണ്ടും ഒത്തുകൂടി. കാലിക്കറ്റ് പ്രസ് ക്ലബ്ബിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം രജത ജൂബിലിയുടെ ഭാഗമായി ഒരുക്കിയ ‘ന്യൂസ്റ്റാൾജിയ’ പൂർവ വിദ്യാർഥി സംഗമം അക്ഷരാർത്ഥത്തിൽ ഗൃഹാതുരതയുണർത്തുന്നതായി.
സംഗമത്തിന്റെ ഉദ്ഘാടനം ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാൽ നിർവഹിച്ചു. ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടിയുടെ ഉദ്ഘാടനം. ഭരണ ഘടനയുടെ ആമുഖം എല്ലാവരും ഏറ്റുചൊല്ലി.
ഡോ. എം എൻ കാരശ്ശേരി ആശീർവാദ പ്രഭാഷണം നിർവഹിച്ചു.
ഐസിജെ പൂർവ വിദ്യാർത്ഥിനി കൂടിയായ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീത മുഖ്യാതിഥിയായിരുന്നു.
ഐസിജെയുടെ പിറവിയ്ക്ക് പിന്നിൽ പ്രവർത്തിച്ച കാലിക്കറ്റ് പ്രസ് ക്ലബ് മുൻ ഭാരവാഹികളായ പി പി അബൂബക്കർ, എൻ പി ചെക്കുട്ടി, വി എൻ ജയഗോപാൽ, കെ എം മോഹൻദാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഒന്നര ദശകത്തിലേറെയായി ഐസിജെയെ നയിക്കുന്ന കോഴ്സ് ഡയറക്ടർ വി ഇ ബാലകൃഷ്ണനും ആദരവർപ്പിച്ചു. ആർ രാജഗോപാൽ ഇവർക്ക് മൊമന്റോ നൽകി.
ഐസിജെ ചെയർമാൻ കൂടിയായ പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ അധ്യക്ഷനായിരുന്നു. സീനിയർ ജേണലിസ്റ്റ്സ് ഫോറം കേരള സംസ്ഥാന ജനറൽ സെക്രട്ടറി കെ പി വിജയകുമാർ, കെ.യുഡബ്ള്യുജെ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, പൂർവ വിദ്യാർഥി കൂടിയായ പോപ്പീസ് ഗ്രൂപ്പ് ചെയർമാൻ ഷാജു തോമസ് എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി എസ് രാകേഷ് സ്വാഗതവും സ്വാഗത സംഘം ചെയർമാൻ ഉമ്മർ പുതിയോട്ടിൽ നന്ദിയും പറഞ്ഞു.
പൂർവവിദ്യാർഥി കൂട്ടായ്മയായ ഐ കാൻ ഭാരവാഹികൾ: ഉമ്മർ പുതിയോട്ടിൽ (പ്രസിഡന്റ്), പി എസ് രാകേഷ് (സെക്രട്ടറി), പി വി നജീബ് (ട്രഷറർ), ഷാജു തോമസ്, ഷിദ ജഗത് (വൈസ് പ്രസിഡന്റുമാർ), ശ്രീഹർഷൻ, മിനുഷ, കെ സി രഹ് ന (ജോയിന്റ് സെക്രട്ടറിമാർ)


