കോഴിക്കോട്ടെ യാത്ര 1860‐ൽ

1860‐ൽ കോഴിക്കോട്ടെ റോഡ്‌ ഗതാഗതം പൊതുവെ പരിതാപകരമായിരുന്നു. മഞ്ചലിനെയും പല്ലക്കിനെയും കാളവണ്ടികളെയുമാണ്‌ കരമാർഗമുള്ള യാത്രകൾക്കായി കോഴിക്കോട്ടുകാർ ആശ്രയിച്ചിരുന്നത്‌. ദീർഘദൂര യാത്രകൾക്കൊന്നും അക്കാലത്ത്‌ മലബാറുകാരൻ ഒരുമ്പെട്ടിരുന്നില്ല. കാരണം, റോഡുകളുടെയും പാലങ്ങളുടെയും അഭാവം തന്നെ. ഭരണാധികാരികളായ ബ്രിട്ടീഷുകാർക്കാകട്ടെ, ദൂരയാത്രകൾ ഒഴിവാക്കാൻ പറ്റാത്തതായിരുന്നുതാനും.1860‐ൽ മഞ്ചലുകാരുടെയും കാളവണ്ടിക്കാരുടെയും കൂലി വർധിപ്പിക്കാൻ സർക്കാർ തീർച്ചയാക്കിയിരുന്നു. ഈ ആവശ്യത്തിലേക്കായി മദ്രാസ്‌ ഗവർണർ മലബാർ കലക്‌ടറായിരുന്ന ഗ്രാൻറുമായി നടത്തിയ എഴുത്തുകുത്തുകൾ അക്കാലത്ത്‌ മലബാറിലുണ്ടായിരുന്ന യാത്രാരീതികളെക്കുറിച്ച്‌ വിശദമായ ഒരു വിവരം തന്നെ നമ്മുടെ മുമ്പിലെത്തിക്കുന്നുണ്ട്‌.

1860 നവംബർ മാസം മലബാർ കലക്‌ടർ ഗവർണർക്കെഴുതിയ ഒരെഴുത്ത്‌ ഇങ്ങനെ: ‘മലബാറിലെ ജനത കരമാർഗം യാത്രയ്‌ക്കായി കടലോരമോ പുഴയോരമോ മാത്രം തിരഞ്ഞെടുക്കുന്നു. മഞ്ചൽ ചുമക്കുന്നവർ മുക്കുവന്മാരായതിനാലാണ്‌ ഇവരിങ്ങനെ ചെയ്യുന്നത്‌. മലബാറുകാർക്ക്‌ യാത്രകൾക്ക്‌ പല്ലക്കിനെക്കാൾ ആഭിമുഖ്യം മഞ്ചലിനോടാണ്‌. പല്ലക്കിന്‌ ഭാരവും വിലയും കൂടുതലാണെന്നതിനാൽ മഞ്ചൽവാഹകർ(അമാലന്മാർ) എപ്പോഴും മഞ്ചലാണ്‌ ഇഷ്‌ടപ്പെടുന്നത്‌. പല്ലക്ക്‌ ധനാഢ്യരും ആഢ്യന്മാരും മാത്രമുപയോഗിക്കുന്നു. പൊതുവെ മഞ്ചൽവാഹകർ ദീർഘയാത്രകൾക്ക്‌ തയ്യാറാവുന്നില്ല. എന്നാലും കോഴിക്കോട്ട്‌ ഇവരെ കിട്ടുക പ്രയാസമുള്ള കാര്യമല്ല. വയനാട്ടിലേക്കും ഊട്ടിയിലേക്കുമാണ്‌ നാം പോകുന്നതെങ്കിൽ കോഴിക്കോടുനിന്നുതന്നെ അമാലന്മാരെ സംഘടിപ്പിക്കേണ്ടതുണ്ട്‌. വയനാട്ടിലേക്കു പോകുമ്പോൾ അടിവാരം വരെ മൈലിന്‌ ആറുപൈസ പ്രകാരം ഒരാൾക്ക്‌ കൂലി കൊടുക്കേണ്ടതായി വരും. എന്നാൽ ചുരത്തിനും അതിനപ്പുറത്തേക്കും ഒമ്പതു പൈസയാണ്‌ കോഴിക്കോട്ടെ മഞ്ചൽവാഹകർ വാങ്ങിക്കുന്നത്‌. ഊട്ടി യാത്രകളിലും സ്ഥിതി ഇതുതന്നെ. നമുക്ക്‌ നാലുരൂപയോളം യാത്രയ്ക്കായി ചെലവിടേണ്ടതായി വരും. എന്നാലും കോഴിക്കോട്ട്‌ മഞ്ചൽവാഹകരെ കിട്ടാനുണ്ട്‌ എന്നത്‌ ആശ്വാസകരം തന്നെ.

അടുത്തകാലത്തായി കോഴിക്കോട്ട്‌ കാളവണ്ടികൾ രംഗത്തെത്തിയിട്ടുണ്ട്‌. പാലങ്ങളുടെയും റോഡുകളുടെയും അഭാവം കാരണം ദീർഘദൂരയാത്രയ്‌ക്ക്‌ ഇതുകൊണ്ട്‌ മെച്ചമൊന്നുമില്ല. പാലങ്ങളില്ലാത്തതിനാൽ എല്ലാ പുഴയോരങ്ങളിൽവെച്ചും നാം വണ്ടികൾ മാറ്റേണ്ടതായി വരും. മറുകരയിൽ നിങ്ങളെ കാത്ത്‌ കാളവണ്ടിക്കാർ ഉണ്ടാകണമെന്നില്ല. ഇവരെ സംഘടിപ്പിക്കേണ്ടതായി വരും. ഇതിനായി ഒന്നോ രണ്ടോ ദിവസം ചെലവാകുകയും ചെയ്യും. അതിനാൽ ദീർഘദൂരയാത്രകൾക്ക്‌ മഞ്ചലുകൾ തന്നെ ശരണം. കാളവണ്ടികൾ യാത്രക്കാരെ കാത്തുകിടക്കുന്ന പതിവ്‌ മലബാറിലില്ല. നാമിവരെ മുൻകൂട്ടി കണ്ടെത്തി ശട്ടം കെട്ടണം. അതിനാൽ കാളവണ്ടിക്കാർ യാത്രക്കാരെ കാത്തുകിടക്കുന്നൊരു രീതി നാമുണ്ടാക്കിയെടുക്കണം.  എന്നുമാത്രമല്ല, ദീർഘദൂര യാത്രാവഴികളിൽ സ്‌റ്റേജുകൾ നാം നിശ്‌ചയിക്കേണ്ടിയിരിക്കുന്നു. മഞ്ചൽവാഹകരെയും കാളവണ്ടിക്കാരെയും യഥേഷ്‌ടം ലഭിക്കേണ്ടതിലേക്ക്‌ ഇവർക്ക്‌ ഒരൽപ്പം കൂലി കൂടുതൽ കൊടുക്കുകയുമാവാം. ഇതാണ്‌ എന്റെയും നാട്ടുകാരായ ഉദ്യോഗസ്ഥരുടെയും അഭിപ്രായം. അടുത്തവർഷം റെയിൽ ഗതാഗതം നമ്മൾ മലബാറിൽ ആരംഭിക്കുന്നതോടുകൂടി കുറെയേറെ യാത്രാക്ലേശങ്ങൾ ഇല്ലാതാകുമെന്ന്‌ പ്രത്യാശിക്കാം’. ഈയൊരറ്റ കത്തിൽനിന്നുതന്നെ 1860‐ൽ എന്തായിരുന്നു  കോഴിക്കോടിന്റെ യാത്രാരീതി എന്നു മനസ്സിലായല്ലോ.

1860‐ൽ മദ്രാസ്‌ ഗവർണർ കാളവണ്ടിക്കാരുടെയും മഞ്ചൽവാഹകരുടെയും കൂലി വർധിപ്പിച്ചു. എന്നാൽ മദ്രാസ്‌ പ്രസിഡൻസിയിൽ ഒരേകീകൃത ചാർജ്‌ കൊണ്ടുവരേണ്ടതില്ല എന്ന തീരുമാനത്തിലാണ്‌ അവർ എത്തിച്ചേർന്നത്‌. ഇതിനൊരു കാരണം മധുരയിൽ കാളയ്‌ക്ക്‌ മൂന്നണയും തൃശിനാപ്പള്ളിയിൽ രണ്ടണയും നല്ലൂരിൽ ഒരണയുമായിരുന്നു അക്കാലത്ത്‌ കൂലി. ഏകീകൃത കൂലി ഇവരുടെ ഇടയിൽ അതൃപ്‌തിയുണ്ടാക്കുമെന്ന്‌ ബ്രിട്ടീഷുകാർക്ക്‌ തോന്നി. 1860 ഡിസംബർ 10ന്‌ ഇറക്കിയ 2357‐ാം നമ്പർ കൽപ്പന അന്നത്തെ യാത്രകളെക്കുറിച്ച്‌ കുറച്ചുകൂടി വിവരം  തരുന്നു. ‘ബോർഡ്‌ ഓഫ്‌ റവന്യൂ ദീർഘദൂരയാത്രക്കാരുടെ യാത്രാവിഷമം പരിഹരിക്കുവാൻ തീർച്ചയാക്കിയിരിക്കുന്നു. ഇതിനായി ദീർഘദൂര യാത്രാവഴികളിൽ സ്‌റ്റേജുകൾ നിശ്‌ചയിക്കുവാനും ആ സ്‌റ്റേജുകളിൽ എപ്പോഴും യാത്രക്കാരെ കാത്ത്‌ കാളവണ്ടിക്കാരെയും മഞ്ചലുകാരെയും ഒരുക്കിവെക്കുവാനും എല്ലാ താലൂക്ക്‌ ഓഫീസർമാരോടും അധികാരികളോടും നാം ഇതിനാൽ കൽപ്പിക്കുന്നു. യാത്രക്കാരുടെ എല്ലാ സുരക്ഷിതത്വവും ക്ഷേമാന്വേഷണങ്ങളും അന്വേഷിച്ച്‌ നടപ്പാക്കേണ്ടത്‌ ഇനിമുതൽ ഇവരുടെ ഔദ്യോഗിക കടമയാണ്‌. ദീർഘദൂരയാത്രക്കാർ കൈവശം ഒരുപാട്‌ നാണയങ്ങൾ കൊണ്ടുപോകുന്നത്‌ അസൗകര്യമായതിനാലും അപകടമായതിനാലും ഇവർക്കിത്‌ യാത്രയ്‌ക്ക്‌ മുമ്പായി അടുത്തുള്ള ട്രഷറിയിലിയടച്ച്‌  രശീതി വാങ്ങിക്കാവുന്നതാണ്‌. ഈ രശീതികൾ യാത്രാമധ്യേയുള്ള സർക്കാർ ഓഫീസുകളിലോ ട്രഷറിയിലോ കൊടുത്താൽ അതിനുള്ള പണം ലഭിക്കുന്നതായിരിക്കും.’ എടിഎം കാർഡുകളിലും ട്രാവലേഴ്‌സ്‌ ചെക്കുകളിലുമൊക്കെ ഊറ്റം കൊള്ളുന്ന ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടത്‌ ഒന്നര നൂറ്റാണ്ടു മുമ്പുതന്നെ ഈ സംവിധാനമൊക്കെ മലബാറിലുണ്ടായിരുന്നു എന്നതാണ്‌. 

1861‐ൽ മലബാറിൽ തീവണ്ടി ഗതാഗതം ആരംഭിച്ചു. ചുരുക്കത്തിൽ മലബാറുകാരൻ കാറിലും ബസ്സിലും കയറുന്നതിനുമുമ്പുതന്നെ തീവണ്ടിയാത്ര തുടങ്ങിയിരുന്നു എന്നർഥം.

(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്‌തകത്തിൽനിന്ന്‌)

Leave a Reply

Your email address will not be published. Required fields are marked *