തളിക്കുളവും ഒരു ശുചീകരണ തർക്കവും


കോഴിക്കോട്ടുകാർക്ക്‌ സുപരിചിതമാണല്ലോ തളിക്കുളം. പാളയം ബസ്‌ സ്‌റ്റാൻഡിൽനിന്ന്‌ കർപ്പൂരവും ചന്ദനവും മണക്കുന്ന മാരിയമ്മൻ കോവിൽ റോഡിലൂടെ ഒരൽപ്പം നടന്നാൽ നമുക്ക്‌ തളിക്കുളത്തിലെത്താം. കുളത്തിന്റെ മനോഹരമായ കൽപ്പടവുകളെപ്പോലെത്തന്നെ ആരെയും ആകർഷിക്കുന്നതാണ്‌ സമീപത്തുള്ള ആലും ആൽത്തറയും. എന്നാൽ ഇനിയങ്ങോട്ടുള്ള കാഴ്‌ച അത്ര സുന്ദരമല്ല. ഉപേക്ഷിക്കപ്പെട്ട പ്ലാസ്‌റ്റിക്‌ ബാഗുകളും പാഴ്‌വസ്‌തുക്കളും അനാഥപ്രേതം പോലെ ഒഴുകിനടക്കുന്ന പച്ചനിറമുള്ള ജലം. കൽപ്പടവുകൾക്കുചുറ്റും ഉപേക്ഷിക്കപ്പെട്ട മുഷിഞ്ഞുനാറിയ വസ്‌ത്രങ്ങൾ. ഈ കുളത്തിൽ എങ്ങനെയാണ്‌ കുളിക്കുക എന്നമ്പരക്കുമ്പോൾ നിങ്ങളുടെ കണ്ണുകളെത്തുക കുറെ മനുഷ്യർ കുളിക്കുന്നതിലേക്കുതന്നെ. ഹിന്ദിയും തമിഴും തെലുങ്കും സംസാരിക്കുന്നവർ. അവർ ഗായത്രീമന്ത്രം ഉരുവിടുന്നില്ല. കരയിൽ വെച്ചിരിക്കുന്ന വാറഴിഞ്ഞ ചെരുപ്പുകളും പഴകിയ നിറം മങ്ങിയ ഭാണ്ഡക്കെട്ടുകളും വടികളും ഇക്കൂട്ടർ ജവിതത്തിന്റെ പുറംപോക്കിലകപ്പെട്ടുപോയ കുറെ മനഷ്യരാണെന്ന്‌ വിളിച്ചറിയിക്കുന്നു. നഗരത്തിലെ യാചകർക്കും നിശാസുന്ദരികൾക്കും ഒരനുഗ്രഹമായും മറ്റുള്ളവർക്ക്‌ ഇതുകൊണ്ടൊക്കെത്തന്നെ ഒരു ശാപമായും തളിക്കുളം നിലനിൽക്കുന്നു. ഈ കുളം ശുചീകരിക്കുക എന്നത്‌ എക്കാലത്തും വലിയൊരു തലവേദനയായിരുന്നു ഭരണാധികാരികൾക്കും ഉടമകൾക്കും.

തളിക്കുളവും തളിക്ഷേത്രവും സാമൂതിരിയുടെ ഉടമസ്ഥതയിലായിരുന്നു. രാജഭരണം നിലനിന്നിരുന്ന കാലത്ത്‌ തളിക്കുളത്തിന്റെ സംരക്ഷണം ഭംഗിയായിത്തന്നെ രാജാവ്‌ നിർവഹിച്ചുവന്നു. ഭരണം നഷ്ടപ്പെട്ടപ്പോൾ സാമൂതിരിക്ക്‌ തളിക്കുളത്തിന്റെ സംരക്ഷണം ഒരു ബാധ്യത തന്നെയായി. ഭാരിച്ച ചെലവുതന്നെയായിരുന്നു ഇതിന്‌ കാരണം. ഭരണാധികാരികളായി മാറിയ ബ്രിട്ടീഷുകാരാവട്ടെ, കുളം നന്നാക്കണമെന്ന്‌ സാമൂതിരിയെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. ചെലവേറ്റെടുക്കാൻ അവർ തയാറായിരുന്നില്ലതാനും. 1871ൽ മുനിസിപ്പൽ കമീഷണറായിരുന്ന മഗ്രിഗർ സായ്‌വും സാമൂതിരിയും തമ്മിൽ നടത്തിയ എഴുത്തുകുത്തുകൾ ഈ വിഷയത്തെക്കുറിച്ച്‌ കുറെയേറെ വിവരം തരുന്നുണ്ട്‌. ആഖ്യാനശൈലികൊണ്ട്‌ ഏറെ ശ്രദ്ധേയമാണീ കത്തുകൾ. തിരുമംഗലത്ത്‌ ഗോപാലമേനോൻ എന്ന കൊട്ടാരം ഹെഡ്‌ രായസം ആണ്‌ ഈ കത്തുകളിൽ ഒപ്പുവെച്ചുകാണുന്നത്‌.

‘കോഴിക്കോട്‌ മുനിസിപ്പൽ കമീഷണർ മഗ്രിഗർ സായ്‌വ്‌ അവർകളാൽ സകലഗുണ സമ്പന്നരാന സകലധർമ പരിപാലകരാന മിത്രജന മനോരഞ്ജിതരാന അഖണ്ഡിത ലഷ്‌മിപ്രസന്നരാനരാജാ മാനവിക്രമ സാമൂതിരി രാജാവ്‌ അവർകൾക്ക്‌ സലാം. താങ്കളുടെ തളിക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള തളിക്കുളം വൃത്തിഹീനമായും ക്ഷേമദ്രോഹമായും സമീപസ്ഥന്മാർക്കും മറ്റും വെറുപ്പുമായും ഉള്ള സ്ഥിതിയിൽ കാണപ്പെടുന്നതിനാൽ അതിന്റെ വിചാരണയ്‌ക്കുവേണ്ടി ഈ കത്ത്‌ കിട്ടിയാലുടൻ 15 ദിവസങ്ങൾക്കുള്ളിൽ താങ്കളുടെ ചെലവിന്മേൽ ആ കുളത്തിലെ സുഖഹീനമായ വെള്ളം മുതലായവ നീക്കം ചെയ്യിച്ച്‌ സുഖസ്ഥിതിയിലാക്കിവെപ്പിക്കുക വേണ്ടിയിരിക്കുന്നു. മേൽപ്രകാരം ഉപേക്ഷ ചെയ്യുന്ന പക്ഷം 65ൽ 10‐ാം നന്പർ ആക്ടിന്റെ 102‐ാം വകുപ്പിലെ താൽപ്പര്യ പ്രകാരം മേൽപ്പറഞ്ഞ കുളം കമീഷണർമാരുടെ ചെലവിന്മേൽ വഹിക്കുന്നതും ആ ചെലവ്‌ അവർക്ക്‌ കിട്ടുവാനുള്ളൊരു കടം പോലെ താങ്കളോട് വസൂൽ ചെയ്യുന്നതുമാകുന്നു’.

സാമൂതിരിയുടെ മറുപടി ഇങ്ങനെ: ‘കുളത്തിലെ ജലത്തിന്‌ കത്തിൽ പ്രസ്‌താവിച്ച പ്രകാരം ദുഷ്യമില്ല. വേനലിന്റെ അധികതയുള്ള കാലം എല്ലാ കുളങ്ങളിലെയും വെള്ളം വറ്റി ഗുണം കുറച്ചുണ്ടായി വരുന്നതും അതുപോലെ അൽപ്പമായ ദൂഷ്യം സ്വാഭാവികമായി ഈ വെള്ളത്തിനുണ്ടെങ്കിലും ജനങ്ങൾക്ക്‌ അതത്ര ക്ഷേമവിരോധം വരത്തക്ക വിധത്തിലായിട്ടില്ല. ഇതിന്റെ പടിഞ്ഞാറുഭാഗത്തുള്ള കണ്ടംകുളം വളരെ കാലമായി തോണ്ടിക്കാതെ കിടക്കുന്നതും അതിൽ സ്‌നാനാദികൾ ചെയ്യുന്നവർക്ക്‌ ജലത്തിന്റെയും കുളത്തിന്റെയും മ്ലേച്ഛത കൊണ്ട്‌ സുഖവിരോധമുണ്ടായിരിപ്പാനിടയുള്ളത്‌ നാമറിയുന്നത്‌ മുനിസിപ്പൽ കമീഷണറുടെ ദൃഷ്ടിയിൽപ്പെട്ടിട്ടില്ല. വിശേഷാൽ ഒരു ദൂഷ്യവുമില്ലാത്ത തളിക്കുളത്തിലെ ജലം നീക്കം ചെയ്‌ത്‌ വെടിപ്പുവരുത്തണമെന്ന്‌ തീർച്ചപ്പെട്ടാൽ തന്നെ അതിനാരംഭിച്ചാൽ അവസാനിക്കണമെങ്കിൽ ചുരുങ്ങിയത്‌ ഏകദേശം രണ്ടുമാസത്തിൽ കുറയാത്ത കാലം വേണ്ടിവരുന്നതും ആ കാലങ്ങളിൽ ഈ കുളത്തിൽനിന്ന്‌ സ്‌നാനാദികൾ കഴിച്ചുവരുന്ന ബ്രാഹ്മണർ മുതലായ അധികം ജനങ്ങൾക്ക്‌ ജലമില്ലാതെ ബുദ്ധിമുട്ടായി വരുന്നതിൽ വിശേഷിച്ച്‌ ഈ വരുന്ന മെയ്‌ മാസം 1 മുതൽക്ക്‌ തളിയിൽ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുന്നതാകയാൽ അവസാന ദിവസം ഉത്സവം ആറാടിക്കേണ്ടതാകയാൽ മുഖ്യമായ അടിയന്തര മുടക്കവും ക്ഷേത്രത്തിലെ ശുദ്ധിക്കുറവും ഉണ്ടാകുന്നതാകുന്നു. രണ്ടുകൊല്ലമായി ആദായനികുതി മുതലായ അധികച്ചെലവുകളും കഴിഞ്ഞകൊല്ലത്തിൽ നാം മദിരാശിയിൽ പോയതിനാലുണ്ടായ ചെലവും വിശേഷാൽ നേരിട്ടതുകൊണ്ട്‌ ഉണ്ടായ ക്ഷീണതയുടെ നിവൃത്തി ഇതുവരെ വന്നിട്ടില്ല. ആയതിനാൽ ജനോപകാരമായ മുനിസിപ്പൽ നിയമം മതവിരോധമായി നടത്തുന്നതല്ലെന്നും നിശ്ചയിച്ചിട്ടുള്ള അവസ്ഥക്കും കുളം മുനിസിപ്പൽ വക പിരിവുകൊണ്ട്‌ നന്നാക്കിയാൽ ക്ഷേത്രക്കുളത്തിന്റെ സ്ഥിതിക്ക്‌ ഭേദഗതി വരുന്നതല്ലാ എന്നാണ്‌ നാം വിശ്വസിക്കുന്നത്‌. അതിനാൽ ചെലവ്‌ നമ്മുടെ മേൽ ചുമത്താതെ മുനിസിപ്പൽ വക ചെലവിൽനിന്ന്‌ ചെയ്‌ത്‌ ക്ഷേത്രക്കുളത്തിന്റെ സ്വഭാവസ്ഥിതിക്ക്‌ ഇളക്കം വരാത്ത സ്ഥിതിയിൽ മതാചാരത്തിന്‌ വിരോധം വരാതെ പരോപകാരമാക്കി വെപ്പാനും ന്യായമല്ലാത്ത ചെലവുകൾ ചെയ്യണമെന്ന്‌ നിർബന്ധിച്ച്‌ നമ്മെ കടക്കാരനാക്കാതെ കഴിപ്പാനും താങ്കളുടെ പൂർണമായ ദയവുണ്ടാകേണ്ടി വന്നിരിക്കുന്നു.’

ഈ മറുപടിയിൽനിന്ന്‌ സാമൂതിരി രാജാവിന്റെ വാദഗതി മനസ്സിലായല്ലോ. ഒടുവിൽ മുനിസിപ്പാലിറ്റി സ്വന്തം ചെലവിൽ കുളം നന്നാക്കിക്കൊടുത്തു. നന്നാക്കിയെന്നുമാത്രമല്ല, തളിക്കുളത്തിൽ ‘നാൽക്കാലികളെ’ കുളിപ്പിക്കരുതെന്നും പാത്രം മോറരുതെന്നും ശൗചം നടത്തരുതെന്നും പടവുകളിൽ മലമൂത്രാദികൾ നടത്തരുതെന്നും ജനങ്ങളെ അറിയിക്കണമെന്ന്‌ സാമൂതിരി രാജാവിനോട്‌ അഭ്യർഥിക്കുന്നുണ്ട്‌. എന്നാൽ ഇക്കാര്യത്തിൽ സാമൂതിരി രാജാവിന്‌ ആനയെ കുളിപ്പിക്കുന്നതിനും ബ്രാഹ്‌മണർക്ക്‌ കൈകാലുകൾ കഴുകുന്നതിനും പാത്രങ്ങൾ രണ്ടാംവട്ടം കഴുകുന്നതിനും അനുവാദം ചോദിച്ചുകൊണ്ട്‌ എഴുതിയതായി കാണുന്നു.

1872ൽ മുനിസിപ്പാലിറ്റിയുടെ ചെലവിന്മേൽ കുളം നന്നാക്കി. എന്നാൽ പിന്നീട്‌ മുനിസിപ്പാലിറ്റി ഇതിന്‌ തയ്യാറായില്ല. ഇതിനെതിരെ സാമൂതിരി രാജാവ്‌ കോടതിയെത്തന്നെ ശരണം പ്രാപിച്ചു. എന്നാൽ മുൻസിഫ്‌ കോടതിയും ജില്ലാ കോടതിയും ഒരേ സ്വരത്തിൽ പറഞ്ഞത്‌ സാമൂതിരി രാജാവ്‌ തന്നെ കുളം നന്നാക്കുന്നതിന്റെ ചെലവ്‌ വഹിക്കണമെന്നാണ്‌. ബ്രാഹ്‌മണരും നായന്മാരും മാത്രമുപയോഗിക്കുന്ന കുളം ഒരിക്കലും ‘പൊതുകളം’ എന്ന നിർവചനത്തിന്റെ കീഴിൽ വരികയില്ലെന്നും അതിനാൽ മുനസിപ്പാലിറ്റിക്ക്‌ കുളം നന്നാക്കേണ്ട ചെലവ്‌ വഹിക്കേണ്ട ബാധ്യതയില്ലെന്നും കോടതികൾ കണ്ടെത്തി.

(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്‌തകത്തിൽനിന്ന്‌)

Leave a Reply

Your email address will not be published. Required fields are marked *