കോടതി കയറി, നിയമമറിഞ്ഞ് വിദ്യാർഥികൾ
കോഴിക്കോട് : കോടതി നടപടിക്രമങ്ങളെ കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും വിദ്യാർഥികൾക്ക് കോടതി നടപടിക്രമങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാൻ അവസരം ഒരുക്കുകയും ചെയ്യുന്ന കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ സംവാദ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കോഴിക്കോട് ജില്ലാ കോടതി ജഡ്ജി മുരളി കൃഷ്ണ ഉദ്ഘാടനം ചെയ്തു . ഒന്നാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി പി മോഹന കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം പി ഷൈജൽ സ്വാഗതം പറഞ്ഞു. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ബിജു വി ജി ,ഗവൺമെന്റ് പ്ലീഡർ കെ എൻ ജയകുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എംജി അശോകൻ, പദ്ധതിയുടെ കോ – ഓർഡിനേറ്റർ അഡ്വ. വി പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ജെഡിടി ഇസ്ലാം വി എച്ച് എസ് എസ് സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്കോളജിസ്റ്റ് ഡോക്ടർ സന്ദേശ് ക്ലാസെടുത്തു. തുടർന്ന് വിവിധ കോടതികൾ സന്ദർശിച്ച് വിദ്യാർഥികൾ കോടതി നടപടിക്രമങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കി.
കുട്ടികൾക്ക് നിയമാവബോധം സൃഷ്ടിക്കാനും കുട്ടികളുടെ നിയമവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനും പദ്ധതിയുടെ റിസോഴ്സ് അംഗങ്ങളായ അഡ്വക്കറ്റുമാരായ റാവു, രോഹിത് കെ പി, ധന്യ ബാലഗോപാൽ, മഞ്ജുള എംപി, സബിത പി, മുഹമ്മദ് ദിശാൽ എന്നിവർ ക്ലാസുകൾ എടുത്തു. തുടർന്ന് ജില്ലാ ജഡ്ജിയുമായും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായും നേരിട്ട് സംവദിക്കാനും വിദ്യാർഥികൾക്ക് സാധിച്ചു.
