കോഴിക്കോട്: ഖവാലി സംഗീതം പകർന്ന അനുഭൂതിയിൽ അലിഞ്ഞുചേർന്ന് കോഴിക്കോട് ബീച്ച്. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘടനത്തോട് അനുബന്ധിച്ച് ഹൈദരാബാദി ഖവാലി ഗായകരായ വാർസി സഹോദരങ്ങൾ നയിച്ച ഖവാലി നിശയാണ് ആസ്വാദകരെ അനുഭവത്തിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയത്. ആലാപന മികവ് കൊണ്ടും ആലപിക്കാൻ തെരഞ്ഞെടുത്ത കലാമുകളുടെ മേന്മ കൊണ്ടും ഏറെ വ്യതിരിക്തത പുലർത്തിയ ചടങ്ങ് ആസ്വാദകർക്ക് അഭൂതപൂർവമായ ആനന്ദമാണ് പകർന്നുനല്കിയത്.
കോഴിക്കോട്ടെ പെരുമയുള്ള സംഗീതാസ്വാദക സദസ്സ് തങ്ങളുടെ പേരിനോട് നീതി പുലർത്തുകകൂടി ചെയ്തപ്പോൾ ‘വിസാലേ ബിസ്മിൽ’ ഒരവിസ്മരണീയ അനുഭവമായി മാറി.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷമാണ് ഖവാലി നിശ ആരംഭിച്ചത്. ജഷ്നേ രേഖ്തയിലടക്കം രാജ്യത്തെ നിരവധി ഗസൽ-ഖവാലി സദസ്സുകളിൽ സംഗീത പ്രകടനം കാഴ്ചവെച്ച വാർസി സഹോദരന്മാർ ആദ്യമായി കേരളത്തിലെത്തുന്ന ചടങ്ങാണിത്. പ്രധാന ഗായകരായ നസ്വീർ അഹ്മദ് ഖാൻ വാർസി, നസീർ അഹ്മദ് ഖാൻ വാർസി (വാർസി ബ്രദേഴ്സ്) എന്നിവരോടൊപ്പം സംഗീതോപകരണങ്ങളാൽ അകമ്പടി നൽകിയവരും സദസ്സിന്റെ മനം കവർന്നു. ദോലക്കിൽ സയീദ് ഹബീബ് വിസ്മയം തീർത്തപ്പോൾ തബലയിൽ മുഹ്തഷിം അഹ്മദ് ഖാൻ വാർസി ചടുലതാളം പകർന്നു. കോറസ് പാടാനെത്തിയ അസീസ് അഹ്മദ് ഖാൻ വാർസിയും മുർതസ അഹ്മദ് ഖാൻ വാർസിയും ആസ്വാദകരുടെ ഹൃദയം കവർന്നു.
പ്രമുഖ ഖവാലി-ഗസൽ പാരമ്പര്യ കുടുംബത്തിൽനിന്നും വരുന്ന വാർസി ബ്രദേഴ്സ്, രാജ്യം പത്മശീ നൽകിയാധരിച്ച ഖവാലി ഗായകൻ അസീസ് അഹ്മദ് ഖാൻ വാർസിയുടെ പേരമക്കളാണ്. ഇവരുടെ പിതാവ് സഹീർ അഹ്മദ് ഖാൻ വാർസിയും പ്രസിദ്ധ ഖവാലി ഗായകനാണ്. പിതാമഹനിൽ നിന്നും സംഗീതം പഠിച്ച് തുടങ്ങിയ വാർസി സഹോദരങ്ങൾ അമീർ ഖുസ്രുവിന്റെ സൂഫിയാന കലാമുകളാണ് പ്രധാനമായുംആലപിക്കാൻ തെരഞ്ഞെടുക്കാറുള്ളത്.
ഇവയ്ക്ക് പുറമെ ഗാലിബ്, മീര, കബീർ എന്നീ പ്രസിദ്ധ സൂഫീകവികളുടെ കവിതകളും ആലപിക്കാറുണ്ട്.
ഖവാലി സംഗീതത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2014ൽ തെലങ്കാന ഗവണ്മെന്റ് ഇവരെ സംഗീത നാടക അക്കാദമി അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. ഹൈദരാബാദ് നാംപള്ളിയിലെ പ്രസിദ്ധമായ യൂസുഫൈൻ ദർഗയിൽ വ്യാഴാഴ്ച രാത്രി വാർസി ബ്രദേഴ്സ് നടത്തിവരുന്ന ഖവാലി സദസ്സിൽ പങ്കെടുക്കാൻ നിരവധി സംഗീതപ്രിയരാണ് എത്താറുള്ളത്.
ഖവാലി- ഗസൽ സംഗീതത്തിന് വലിയ സ്വീകാര്യതയുള്ള മണ്ണാണ് കേരളമെന്നും ആദ്യമായി കേരളത്തിൽ പാടാനെത്തുന്നതിൽ അതീവ സന്തോഷമുണ്ടെന്നും വാർസി സഹോദരങ്ങൾ പറഞ്ഞു. “ഞങ്ങൾക്ക് പാരമ്പര്യമായി കൈമാറിക്കിട്ടിയ അമൂല്യ സ്വത്താണ് ഖവാലി. അതിന്റെ പ്രചാരകരായി രാജ്യം മുഴുവൻ സഞ്ചരിക്കുന്നതിലും വലിയ സന്തോഷമില്ല” വാർസി സഹോദരങ്ങൾ പറഞ്ഞു.

