സാഹിത്യ നഗരത്തിന് സംഗീത സമ്മാനം

കോഴിക്കോട്: ലോക സാഹിത്യ നഗരമായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോടിന് സംഗീത കലാകാരന്മാരുടെ കേരളത്തിലെ ആദ്യ സംഘടനയായ മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ (MWA) സംഗീത പെരുമഴയൊരുക്കുന്നു.
സംഘടനയുടെ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നവംമ്പർ – ഡിസംബർ മാസങ്ങളിലായി പാട്ടിന്റെ ആരാമം – 2 എന്ന പേരിൽ നാല് മെഗാ സംഗീത ഷോകളാണ് നടത്തുന്നത്. 150 ൽ പരം കലാകാരന്മാരെയാണ് ഇതുവഴി വേദിയിലെത്തിക്കുന്നത്.

1993 ൽ കെ ജെ യേശുദാസ് മുഖ്യ രക്ഷാധികാരിയായി ആരംഭിച്ച സംഘടനയിൽ ഇന്ന് അഞ്ഞൂറോളം സംഗീത കലാകാരന്മാർ അംഗങ്ങളാണ്. അതിൽ നാല്പതോളം പിന്നണി ഗായകരും ചാനൽ ആർട്ടിസ്റ്റുകളുമുണ്ട്. ഇന്ത്യയിൽ സംഗീത കലാകാരന്മാർക്കു വേണ്ടി ആരംഭിച്ച ആദ്യത്തെ സഹകരണ സംഘത്തിന് നേതൃത്വം നൽകുന്നതും സംഘടനയാണ്.
മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പാട്ടിന്റെ ആരാമം – 2 ന്റെ തുടക്കം നവംബർ 13 ന് കോഴിക്കോട് ടൗൺ ഹാളിലാണ്. ”സ്വരകന്യകമാർ’ എന്ന് പേരിട്ട പ്രോഗ്രാമിൽ ഇന്ത്യയിലെ പ്രശസ്തഗായികമാരുടെ ഗാനങ്ങളുമായി 30 വനിതകളാണ് വേദിയിലെത്തുന്നത്. കേരള സർക്കാറിന്റെ ഗുരുപൂജ അവാർഡ് ജേതാവ് പപ്പൻ കോഴിക്കോട് ആദ്യ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും.
പാട്ടിന്റെ ആരാമം – 2 ലെ രണ്ടാം പ്രോഗ്രാം നവംബർ 22 ന് ഇസൈ മഴൈ എന്ന തമിഴ് സംഗീത വിരുന്നാണ്. ഇളയരാജയുടെയും എ ആർ റഹ് മാന്റെയും എംഎസ് വിശ്വനാഥന്റെയും എസ് പി ബിയുടെയും സൂപ്പർ ഹിറ്റ് ഗാനങ്ങൾ മുപ്പതോളം ഗായകർ അവതരിപ്പിക്കുന്നു.
മൂന്നാം പ്രോഗ്രാം നവംബർ30 ന് നടക്കുന്ന ദിൽ സെ ദിൽ തക് എന്ന ഹിന്ദി ഗാനാവിഷ്കാരമാണ്. മുഹമ്മദ് റഫി, കിഷോർ, മുകേഷ്, ലത, ആശ , സോനു നിഗം , ശ്രേയാ ഘോഷാൽ തുടങ്ങിയവരുടെ ഗാനങ്ങളുടെ അവതരണത്തിനായി മുപ്പതിൽ പരം ഗായകർ ഒരുങ്ങിക്കഴിഞ്ഞു.
പാട്ടിന്റെ ആരാമം – 2 ന്റെ അവസാന പ്രോഗ്രാം ഡിസംബർ15 നാണ്. കോഴിക്കോടിന്റെ സ്വന്തം ഗാനരചയിതാക്കളായ ഗിരീഷ് പുത്തഞ്ചേരിക്കും കൈതപ്രം ദാമോദരൻ നമ്പൂതിരിക്കുമുള്ള ഗാനോപഹാരമായി സമർപ്പിക്കുന്ന പ്രോഗ്രാമിന് കൈക്കുടന്ന നിലാവ് എന്നാണ് പേര്. ഈ പരിപാടിയിലും 30 ൽ പരം ഗായകരാണ് അണിനിരക്കുന്നത്.
ഓരോ പ്രോഗ്രാമിലും ഓർക്കസ്ട്ര വിഭാഗത്തിൽ പത്തോളം ആർട്ടിസ്റ്റുകൾ വേദിയിലുണ്ടാവും.
കൂടാതെ നഗരത്തിലെ സംഗീത രംഗത്തെ അതിപ്രഗത്ഭരായ മുപ്പതോളം കലാകാരന്മാരെ നാല് ചടങ്ങുകളിലായി ആദരിക്കുന്നുണ്ട്.
മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഗാനാലാപന മത്സരം, പാട്ടും പറച്ചിലും, വൃദ്ധ സദന സന്ദർശനം എന്നിവ സംഘടന നടത്തിക്കഴിഞ്ഞു.
ഡോ. മെഹ്റൂഫ് രാജ് മുഖ്യ രക്ഷാധികാരിയായുള്ള കമ്മിറ്റിയാണ് വാർഷികാഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.
സി എം വാടിയിൽ, കോഴിക്കോട് അബൂബക്കർ, ഗായകരായ സതീഷ് ബാബു, സിബെല്ലാ സദാനന്ദൻ, കെ കെ. നിഷാദ്, ചെങ്ങന്നൂർ ശ്രീകുമാർ തുടങ്ങിയവർ അതിഥികളായി വിവിധ ദിവസങ്ങളിൽ പങ്കെടുക്കും.
എല്ലാ പ്രോഗ്രാമും കോഴിക്കോട് ടൗൺഹാളിൽ വൈകിട്ട് 5 ന് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *