വേറിട്ടൊരു സംഗീതവേദി

കോഴിക്കോട്: സംഗീത, സാംസ്കാരിക, ജീവകാരുണ്യ കൂട്ടായ്മയായ വാർമുകിൽ ഫൗണ്ടേഷൻ ടൗൺഹാളിൽ വേറിട്ട സംഗീത പരിപാടിക്ക് വേദിയൊരുക്കി. മൂന്നര പതിറ്റാണ്ടു കാലമായി കോഴിക്കോട് നഗരത്തിൽ എസ്.കെ. സ്ക്വയറിലും ബീച്ചിലുമൊക്കെ പാട്ടുപാടി ഉപജീവനം കഴിക്കുന്ന ബാബുഭായി –  ലത ഗായക ദമ്പതികൾക്ക് 15 വർഷം മുമ്പ് ഒരു ചാനലിൻ്റെ  റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് സമ്മാനമായി ലഭിച്ച വീട് നിലവിൽ തകർന്ന അവസ്ഥയിലാണ്. അടിയന്തരമായി അറ്റകുറ്റപണികൾ ചെയ്യുന്നതിനും പെയിൻ്റിംഗ് നടത്തുന്നതിനും  നവീകരിക്കുന്നതിനുമായി ഫണ്ട് ശേഖരിക്കുന്നതിന് ഗായകരുടെയും സംഗീതജ്ഞരുടെയും സംഗീതാസ്വാദകരുടെയും കൂട്ടായ്മയായ വാർമുകിൽ ഫൗണ്ടേഷൻ മുന്നിട്ടിറങ്ങി; കൂടെ നഗരത്തിൽ സംഗീതരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ സംഘടനകളിലെ പ്രവർത്തകരും. 250 മെമ്പർമാരിൽ 150 ൽ പരം പേർ പ്രൊഫഷണലും അമേച്വേറുമായ ഗായകരായിട്ടും അവർ  ബാബുഭായിക്കും ഭാര്യ ലതയ്ക്കും മകൻ അനിൽ കപൂറിനും വേണ്ടി  ‘ബാബുഭായി- ലത ഫാമിലി സംഗീത രാവ് എന്ന പ്രോഗ്രാമിനായി ടൗൺ ഹാളിൻ്റെ അരങ്ങ് ഒരുക്കി കൊടുക്കുകയായിരുന്നു. വാർമുകിൽ മെമ്പർമാരിൽ നിന്നും ടൗൺ ഹാളിൽ പ്രോഗ്രാം കാണാനെത്തുന്ന സംഗീതാസ്വാദകരിൽ നിന്നും ശേഖരിക്കുന്ന തുക    ഈ തെരുവ് ഗായകരുടെ വീട് റിപ്പയർ ചെയ്യുന്നതിന് ചെലവഴിക്കും.

വാർമുകിൽ ചെയർമാൻ എ.വി. റഷീദ് അലി അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു. . ഡോ. ടി.പി. മെഹ്റൂഫ് രാജ്, ആർ. ജയന്ത് കുമാർ, ഗായകൻ അഷ്റഫ്, ജനറൽ കൺവീനർ മുഹമ്മദ് അസ്ലം, സുനിൽ കക്കോത്ത്, ശരത്ത് കുമാർ, രാധിക റാവു, ശശികുമാർ വി.എം, റഹീസ് തുടങ്ങിയവർ സംസാരിച്ചു.

ബാബുഭായി  ഫാമിലി റഫി സാബിൻ്റെ യേ ദുനിയാ യേ മെഹ്ഫിൽ, ബഹാരോം ഫൂൽ ബർസാവോ, ക്യാ ഹുവാ തേരാ വാദാ തുടങ്ങി കിഷോർ കുമാറിൻ്റെയും
മുകേഷിൻ്റെയും
കുമാർ സാനുവിൻ്റെയും
എസ്.പി. ബാലസുബ്രഹ്മണ്യത്തിൻ്റെയും
യേശുദാസിൻ്റെയും
ഗാനങ്ങൾ നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *