കൊയിലാണ്ടി: സംഗീതം പഠിക്കാൻ പ്രായം പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് എഴുപതു വയസിനുമേൽ പ്രായമുള്ള ചെങ്ങോട്ടുകാവിലെ സുലോചന കുന്നുമ്മലും
പി എം ലീലാവതിയും
ലീല ശ്രീസർഗവുമെല്ലാം. ഇവരടക്കം വയോജനങ്ങളായ മുപ്പതോളം പേർ കുറെക്കാലമായി സംഗീതാധ്യാപകൻ പാലക്കാട് പ്രേംരാജിന് കീഴിൽ സംഗീതപഠനത്തിലാണ്.
ചെങ്ങോട്ടുകാവിലെ രാമാനാന്ദാശ്രമസ്കൂളിൽ എല്ലാ തിങ്കളും വൈകിട്ട് നാലര മുതൽ ആറുവരെയാണ് സംഗീത പഠനം. ജീവിതത്തിൽ ഒരു മൂളിപ്പട്ടു പോലും പാടാത്തവരും കുട്ടിക്കാലത്ത് സംഗീതത്തിൻ്റെ ബാലപാഠങ്ങൾ പഠിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
മലരി കലാമന്ദിറിൻ്റെ ഈ വർഷത്തെ നവരാത്രി സംഗീതോത്സവത്തിൽ ഇവരെല്ലാം ചേർന്ന് പാടിത്തകർത്തു. സംഗീതം വഴക്കില്ല എന്നു പറഞ്ഞവരെല്ലാം ഇപ്പോൾ മനോഹരമായി പാടുന്നു.
ശാസ്ത്രീയ സംഗീതത്തിലെ പ്രാഥമിക പാഠങ്ങൾ അഭ്യസിക്കുകയും താള ക്രമം ശീലിക്കുകയുമാണ് ആദ്യം ചെയ്തത്. സംഗീതാധ്യാപകൻ
രാഗങ്ങളെ പരിചയപ്പെടുത്തുന്നത് പലപ്പോഴും അവർക്ക് സുപരിചിതമായ ചലച്ചിത്ര ഗാനങ്ങൾ മൂളിക്കൊടുത്തു കൊണ്ടാണ്. താള വൈവിധ്യങ്ങളെ പരിചയപ്പെടുത്താനും നാടൻപാട്ടുകളും ചലച്ചിത്ര ഗാനങ്ങളും തന്നെയാണ് ഉപയോഗിക്കുന്നത്. ക്രമേണ ഗീതങ്ങൾ, ലഘു മലയാള കീർത്തനങ്ങൾ, പുരന്ദരദാസൻ രചിച്ച ലളിത ഭക്തിഗാനങ്ങൾക്ക് തുല്യമായ
ദേവർനാമകൾ എന്നിവയാണ് പഠനത്തിനായി ഉപയോഗിച്ചത്. കഴിഞ്ഞ നവരാത്രി കാലത്ത് കെ സി കേശവപിള്ളയുടെയും കുട്ടമത്തിന്റെയുംമലയാള കീർത്തനങ്ങളാണ് ഈ ഗായകസംഘം പശ്ചാത്തല സംഗീതത്തോടൊപ്പം വേദിയിൽ അവതരിപ്പിച്ചത്. ഗായകരാകുക എന്നതിനപ്പുറം മാനസിക സ്വാസ്ഥ്യത്തിന് സഹായകമാകുന്ന ശ്രുതി, താളം എന്നിവയുടെ ചിട്ട ക്രമങ്ങളിലേക്ക് മനസ്സിനെ കൊണ്ടുപോകുമ്പോൾ സംഗീത ക്ലാസ് എന്നതിനപ്പുറം മ്യൂസിക് തെറാപ്പിയായി അനുഭവപ്പെടുന്നു. ശാരീരിക വേദനകൾ കുറയുന്നു എന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. വയോധികർ നേരിടേണ്ടിവരുന്ന ശാരീരിക- മാനസിക പ്രയാസങ്ങളിൽ പ്രധാനമാണ് അൽഷിമേഴ്സ്, പാർക്കിസൺസ് പോലുള്ള രോഗങ്ങൾ, മറവി, ഓട്ടിസം പോലുള്ള അവസ്ഥകൾ, പലവിധ മാനസിക പ്രയാസങ്ങൾ. ഇവയ്ക്കെല്ലാം സംഗീത ചികിത്സഫലപ്രദമാണെന്ന് പല രാജ്യങ്ങളിലും ഉദാഹരണങ്ങളുണ്ട്.
ആഴ്ചയിൽ ഒരു ദിവസം ഒന്നര മണിക്കൂർ ഒരേ ശ്രുതിയുടെ നൂലിൽ ഒത്തുചേരാൻ കഴിയുമ്പോഴുണ്ടാകുന്ന ആഹ്ലാദവും ഇവർക്ക് സാന്ത്വനമാകുന്നു. ഈയിടെ അന്തരിച്ച ഇ കെ ഗോവിന്ദൻ മാസ്റ്ററുടെയും ചന്ദ്രൻ കാർത്തികയുടെയും രചനയിൽ നിരവധി സ്വാഗത ഗാനങ്ങൾ സീനിയർ സിറ്റിസൺസിന്റെ ജില്ലാ – സംസ്ഥാന സമ്മേളനങ്ങളിൽ ഇവരിൽ പലരും ചേർന്ന് ആലപിച്ച് പ്രശംസ നേടിയിട്ടുണ്ട്.
ഈ വർഷത്തെ സംസ്ഥാന സമ്മേളനത്തിനുള്ള സ്വാഗത ഗാനവും ചിട്ടപ്പെടുത്തി അഭ്യസിക്കുന്ന തിരക്കിലാണ് ഇവർ.
. സോമൻ ചാലിൽ, ചന്ദ്രൻ കാർത്തിക, പി കെ
വേണുഗോപാലൻ, കെ പി വിജയ എന്നിവരാണ് സംഘാടകർ.
പ്രായം തളർത്താത്ത സംഗീതപഠനം

