ഓരോ കാര്യാലയത്തിലെ രേഖകളും വിവരങ്ങളും ക്രമപ്പെടുത്തി പട്ടികതിരിച്ച് വെക്കണം -വിവരാവകാശ കമീഷണർ
കോഴിക്കോട്: വിവരാവകാശ നിയമം വകുപ്പ് നാല് പ്രകാരം ഓരോ കാര്യാലയത്തിലെ രേഖകളും വിവരങ്ങളും ക്രമപ്പെടുത്തി പട്ടികതിരിച്ച് എളുപ്പത്തില്‍ ലഭ്യമാകുന്ന തരത്തില്‍ ക്രോഡീകരിച്ചു വെക്കണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമീഷന്‍ ഹിയറിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ കാര്യാലയത്തിലെയും സ്വയം വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ തയാറാക്കി വിവിധ മാര്‍ഗങ്ങളിലൂടെ ജനങ്ങളില്‍ എത്തിക്കാനുള്ള ഉത്തരവാദിത്തം എല്ലാ ഓഫീസ് മേധാവികള്‍ക്കും ഉണ്ട്. സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ ജനങ്ങള്‍ക്ക് പ്രാപ്യമാകുന്ന രൂപത്തില്‍ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കണം. മറ്റു മാധ്യമങ്ങളിലൂടെയും നോട്ടീസ് ബോര്‍ഡുകളിലൂടെയും മറ്റും നല്‍കേണ്ട വിവരങ്ങള്‍ അപ്രകാരവും നല്‍കണം. ഫയലുകള്‍ കണാനില്ല എന്ന മറുപടി സ്വീകാര്യമല്ല. ഫയലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നിയമാനുസൃത നടപടി സ്വീകരിക്കേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളില്‍ വിവരം നല്‍കിയിട്ടില്ലെങ്കില്‍ പിന്നീട് രേഖകളുടെ പകര്‍പ്പുകള്‍ സൗജന്യമായി നല്‍കണം. വിവരാവകാശ അപേക്ഷകള്‍ക്ക് വിവരം നല്‍കാനുള്ള ആത്മാര്‍ത്ഥ ശ്രമം ഉദ്യോഗസ്ഥര്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിങ്ങില്‍ 16 പരാതികള്‍ തീര്‍പ്പാക്കി.

