സാംസ്കാരിക വേദികൾ ഉടൻ പൂർത്തിയാക്കണം

കോഴിക്കോട്: നഗരത്തിലെ സാംസ്കാരിക വേദികൾ ഉടൻ പൂർത്തിയാക്കണമെന്ന് മുഹമ്മദ് റഫി ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

സാഹിത്യ നഗരമായ കോഴിക്കോട്ടെ കലാ- സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സൗകര്യപ്രദമായ വേദികളുടെ അപര്യാപ്തത വളരെ ഏറെയാണ്. പുനർ നിർമ്മാണത്തിനായി പൊളിച്ച ടാഗോർ ഹാൾ വർഷങ്ങളായി കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നില്ല. എന്ന് പണി തുടങ്ങുമെന്നത് പോലും അനിശ്ചിതത്വത്തിലാണ്.
സാധാരണ കലാ-സാംസ്കാരിക സംഘടനകൾ ഉപയോഗിക്കുന്ന ടൗൺഹാൾ മഴക്കാലത്ത് ചോർന്നൊലിക്കുന്ന അവസ്ഥയിലുമാണ്. ടൗൺഹാളിന്റെ ഗ്രീൻ റൂം പകുതി ഭാഗം അടച്ചിട്ടതിനാൽ പ്രോഗ്രാമുകൾ നടത്തുന്നതിന് പ്രയാസം നേരിടുന്നു.

നഗരസഭക്ക് കീഴിലുള്ള ജൂബിലി ഹാളിന് കനത്ത വാടകയായതിനാൽ പൊതുപരിപാടികൾക്ക് ആശ്രയിക്കാനുമാകുന്നില്ല. അതിനാൽ നഗരത്തിലെ പൊതു സാംസ്കാരിക വേദികളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് അളകാപുരിയിൽ ചേർന്ന യോഗം പ്രമേയം ആവശ്യപ്പെട്ടു.
  പ്രസിഡന്റ് മെഹ്റൂഫ് മണലൊടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നയൻ ജെ. ഷാ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ മുരളീധരൻ ലൂമിനസ് വരവ് -ചെലവ് കണക്കുകൾ അവതരിപ്പിച്ചു. നൗഷാദ് അരീക്കോട് പ്രമേയം അവതരിപ്പിച്ചു.  ഭാരവാഹികളായി മെഹ്റൂഫ് മണലൊടി (പ്രസിഡന്റ്), സന്നാഫ് പാലക്കണ്ടി (സെക്രട്ടറി) , മുരളീധരൻ ലൂമിനസ് (ട്രഷറർ ) കെ. സുബൈർ, നയൻ ജെ ഷാ, എൻ. സി. അബ്ദുള്ളക്കോയ മുർഷിദ് അഹമ്മദ്‌ (വൈസ് പ്രസിഡൻ്റുമാർ) റാഫി എ. പി, ഹാഷിം കടാക്കലകം, യു. അഷറഫ്, ഫിറോസ് ഹിബ (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

കെ. സുബൈർ, ടി പി എം ഹാഷിറലി, ഡോ. ശശിധരൻ, സന്നാഫ് പാലക്കണ്ടി, മുർഷിദ് അഹമ്മദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *