കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് സ്ലാബ് തകർന്ന് നാല് തൊഴിലാളികൾ മരിച്ചു. ബീച്ച് ഭാഗത്തെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിൻ്റെ സ്ലാബാണ് തകർന്നത്. സ്ലാബിനടിയിൽ വിശ്രമിക്കുകയായിരുന്ന ലോഡിങ് തൊഴിലാളികളായ ബഷീർ, ജബ്ബാർ, അഷ്റഫ്, വിനോദ് എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. കോർപറേഷൻ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. പൊളിച്ചു മാറ്റാനിരുന്ന കെട്ടിടമാണ്. മേയർ ഒ സദാശിവൻ, ഡെപ്യൂട്ടി മേയർ എസ് ജയശ്രീ തുടങ്ങിയവർ സന്ദർശിച്ചു. യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ കോർപറേഷൻ ഓഫീസിലെത്തി പ്രതിഷേധിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

