കോഴിക്കോടിനെക്കുറിച്ച്‌ വിദേശസഞ്ചാരികൾ

മധ്യകാലത്ത്‌ കേരളക്കര സന്ദർശിച്ച വിദേശസഞ്ചാരികളുടെ വിവരണങ്ങളിൽനിന്ന്‌ സാമൂതിരിയെക്കുറിച്ചും അദ്ദേഹത്തിന്റെ രാജ്യത്തിലെ സ്ഥിതിഗതികളെക്കുറിച്ചും നമുക്ക്‌ പല കാര്യങ്ങളും ഗ്രഹിക്കാം. കോഴിക്കോടിനെപ്പറ്റി ആദ്യമായി ചില വിവരങ്ങൾ ലഭിക്കുന്നത്‌ ആ സ്ഥലം ആറു തവണയെങ്കിലും സന്ദർശിച്ചിട്ടുള്ള ഇബ്‌ൻ ബത്തൂത്തയുടെ(1342‐ 1347) തൂലികയിൽനിന്നാണ്‌. ‘മലബാറിലെ വലിയ തുറമുഖങ്ങളിലൊന്ന്‌’ എന്നും ‘ഇവിടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള കച്ചവടക്കാരെക്കാണാം’ എന്നും അദ്ദേഹം പ്രസ്‌താവിക്കുന്നു. ലേഖകൻ തുടർന്നുപറയുന്നു: ‘ഈ   സ്ഥലത്തെ രാജാവ്‌ ‘അവിശ്വാസി’യാണ്‌, അദ്ദേഹം റോമിലെ ഹൈദരി ഫക്കീർമാരെപ്പോലെയാണ്‌ മുഖം ക്ഷൗരം ചെയ്യുന്നത്‌. ഞങ്ങൾ ആ സ്ഥലത്തെത്താറായപ്പോൾ ആളുകൾ ഞങ്ങളെ സന്ദർശിക്കാൻ വന്നു. ഒരു വലിയ ജനക്കൂട്ടം ഞങ്ങളെ തുറമുഖത്തെത്തിച്ചു. ഇവിടെയുള്ള മുഹമ്മദീയ വ്യാപാരികളിൽ ഭൂരിഭാഗത്തിനും ഇവിടെ കൂടിക്കിടക്കുന്ന എല്ലാ കപ്പലുകളിലെയും ചരക്കുകൾ ഒന്നിച്ചുവാങ്ങാനും ഇതുപോലുള്ള കപ്പലുകൾ സ്വന്തമായി നിർമിക്കാനും കഴിവുണ്ട്‌’. തന്റെ സന്ദർശനാവസരത്തിൽ കോഴിക്കോട്ടു തുറമുഖത്ത്‌ നങ്കൂരമടിച്ചുകിടന്നിരുന്ന വലിയ ചീനക്കപ്പൽക്കൂട്ടത്തെക്കുറിച്ചും ആ ആഫ്രിക്കൻ സഞ്ചാരി വിവരിക്കുന്നു.

അടുത്തതായി കോഴിക്കോട്‌ സന്ദർശിച്ച വിദേശികളിൽ പ്രധാനി ചീനക്കാരനായ മാഹ്വാൻ എന്ന മുസ്ലിമാണ്‌. സാമൂതിരിയുടെ രാജ്യത്ത്‌ കുരുമുളകും തെങ്ങും വലിയ തോതിൽ കൃഷി ചെയ്‌തിരുന്നത്‌ അദ്ദേഹത്തെ അത്യന്തം ആകർഷിച്ചു. കോഴിക്കോട്ടെ ജനസംഖ്യയിൽ മുസ്ലിങ്ങളായിരുന്നു ഗണനീയമായ ഒരു വിഭാഗം. അവരുടെ മതാനുഷ്‌ഠാനങ്ങൾക്ക്‌ ഇരുപതിനും മുപ്പതിനുമിടയ്‌ക്ക്‌ പള്ളികളുണ്ടായിരുന്നതായും മാഹ്വാൻ പറയുന്നു. തുറമുഖത്തെ ചരക്കുകൾക്ക്‌ വില നിശ്ചയിക്കുന്ന ഉദ്യോഗസ്ഥന്മാരെക്കുറിച്ചും കൈവിരലും കാൽവിരലുമുപയോഗിച്ച്‌ അവർ കൃത്യമായി കണക്കു കൂട്ടുന്നതിനെക്കുറിച്ചും അദ്ദേഹത്തിനു വലിയ മതിപ്പു തോന്നി. സാമൂതിരിമാരുടെ മരുമക്കത്തായമനുസരിച്ചുള്ള രാജ്യാവകാശത്തെപ്പറ്റിയും അദ്‌ഭുതം കലർന്ന ഭാഷയിൽ മാഹ്വാൻ പറയുന്നുണ്ട്‌.

1442‐ൽ   അബ്‌ദുർ റസാക്കിന്റെ സന്ദർശനകാലത്ത്‌ അറബിരാജ്യങ്ങളുമായുള്ള വാണിജ്യം കോഴിക്കോട്ടു തുറമുഖത്ത്‌ വളരെ വർധിച്ചിരുന്നു. ചൈനയുമായുള്ള കച്ചവടത്തിന്‌ ഉടവുതട്ടി. അബ്‌ദുർ റസാക്ക്‌ പറയുന്നു: ‘കോഴിക്കോട്ടെ തുറമുഖം തികച്ചും സുരക്ഷിതമാണ്, ഓർമുസ്സിലെന്നപോലെ ഇവിടെയും എല്ലാ നഗരങ്ങളിൽനിന്നും എല്ലാ രാജ്യങ്ങളിൽനിന്നും വ്യാപാരികൾ ഒന്നിച്ചുചേരുന്നു. സമുദ്രവാണിജ്യമുള്ള രാജ്യങ്ങളിൽനിന്ന്‌‐ വിശേഷിച്ചും അബിസീനിയ, സിർബാദ്‌, സാൻസിബാർ എന്നിവിടങ്ങളിൽനിന്ന്‌‐ എത്തിയ വിലപ്പെട്ട ചരക്കുകൾ ഇവിടെ എത്ര വേണമെങ്കിലും കാണാം. ‘ദൈവവസതി’യുടെ തീരത്തുനിന്നും ഹെഡ്‌ജാസ്സിന്റെ മറ്റു ഭാഗങ്ങളിൽനിന്നും ഇവിടെ കൂടെക്കൂടെ കപ്പലുകൾ വന്നുചേരുകയും ഏറെക്കാലമോ കുറച്ചുനാളോ യഥേഷ്‌ടം തുറമുഖത്തു തങ്ങുകയും ചെയ്യുന്നു. അസുഖകരമായ ഒരു തീരപ്രദേശത്താണ്‌ നഗരം സ്ഥിതിചെയ്യുന്നത്‌. ‘അവിശ്വാസി’കളാണ്‌ നഗരവാസികൾ. ഒട്ടേറെ മുസൽമാന്മാർ ഇവിടെ സ്ഥിരവാസക്കാരായുണ്ട്‌. അവർ രണ്ടു പള്ളികളും നിർമിച്ചിട്ടുണ്ട്‌. വെള്ളിയാഴ്‌ചതോറും അവർ ഈ പള്ളികളിൽ ഒത്തുചേർന്ന്‌ പ്രാർഥിക്കുന്നു. അവർക്ക്‌ പുരോഹിതനായി ഒരു കാദിയാരേയുള്ളു. അവർ ഏറിയകൂറും ഷാഫികളാണ്‌. കടൽക്കച്ചവടത്തിൽ ഏർപെട്ടിരിക്കുന്ന രാജ്യങ്ങളിലെ ധനികരായ വ്യാപാരികൾ കൊണ്ടുവരുന്ന വമ്പിച്ച ചരക്കുകൾ കരയ്‌ക്കിറക്കി അങ്ങാടികളിലേക്കും കമ്പോളങ്ങളിലേക്കും അയക്കുന്നത്‌, എണ്ണിത്തിട്ടപ്പെടുത്തുകയോ കാവലേർപ്പെടുത്തുകയോ ചെയ്യാതെയാണ്‌. അങ്ങനെ ചെയ്യേണ്ടതുണ്ടെന്ന ചിന്തപോലും അവർക്കില്ല. സുരക്ഷിതത്വവും നീതിബോധവും അത്രത്തോളം സുദൃഢമായിരുന്നു. ചുങ്കപ്പുരയിലെ ഉദ്യോഗസ്ഥന്മാർ രാത്രിയും പകലും ചരക്കു സൂക്ഷിച്ചുകൊള്ളും.

ഒരു ചരക്കിന്റെ വിൽപ്പന നിശ്ചയിച്ചുകഴിഞ്ഞാൽ അവർ അതിന്റെ നാൽപതിലൊന്ന്‌ ചുങ്കം ചുമത്തുന്നു. ചരക്കു വിറ്റില്ലെങ്കിൽ ചുങ്കം ഈടാക്കുകയില്ല. മറ്റു ചില സ്ഥലങ്ങളിൽ വിചിത്രമായ ഒരേർപ്പാടുണ്ട്‌. ഒരു പ്രത്യേക സ്ഥലം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന കപ്പൽ കാറ്റിൽപ്പെട്ട്‌ ഏതെങ്കിലുമൊരു കരയ്‌ക്കടുത്തുപോയാൽ സ്ഥലവാസികൾ ചുറ്റിക്കൂടുകയും ഈശ്വരനിശ്ചയത്താൽ കാറ്റാണ്‌ അവിടെ കപ്പലെത്തിച്ചത്‌ എന്ന നാട്യത്തിൽ കൊള്ളയടിക്കുകയും ചെയ്യും. എന്നാൽ കോഴിക്കോട്ട്‌ ഇങ്ങനെയൊരു കപ്പലടുത്താൽ മറ്റു കപ്പലുകൾക്കുള്ള എല്ലാ സൗകര്യങ്ങളും അതിനു ലഭിക്കും. ബുദ്ധിമുട്ടൊeന്നും ഉണ്ടാവുകയുമില്ല.’

അനന്തരകാലത്ത്‌ കോഴിക്കോട്ടുവന്ന നിക്കോളോ കോണ്ടിയും (1444) അത്തനേഷ്യസ്‌ നികിതിനും (1468‐ 1474) കുരുമുളക്‌, ഇഞ്ചി, ഏലം എന്നിവയിലും മറ്റു സുഗന്ധദ്രവ്യങ്ങളിലും കോഴിക്കോട്ടു നടന്നുകൊണ്ടിരുന്ന സമൃദ്ധമായ വാണിജ്യത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്നുണ്ട്‌. കോഴിക്കോട്ടു നഗരത്തിലെ ‘വലിയങ്ങാടി’ നികിതിനെ വളരെ ആകർഷിച്ചു. ഇങ്ങനെ സാമൂതിരിയുടെ രാജ്യത്ത്‌ പോർച്ചുഗീസുകാരുടെ വരവിനുമുൻപ്‌ നിലനിന്ന വാണിജ്യശ്രീയുടെയും സാമ്പത്തികാഭ്യുദയത്തിന്റെയും നല്ലൊരു ചിത്രം വിദേശസഞ്ചാരികളുടെ വിവരണങ്ങളിൽനിന്ന്‌ നമക്കു ലഭിക്കുന്നു.

(എ ശ്രീധരമേനോന്റെ ‘കേരളചരിത്രം’ പുസ്‌തകത്തിൽനിന്ന്‌)

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000