പഠനവും കളിയും കോര്‍ത്തിണക്കി വര്‍ണക്കൂടാരങ്ങള്‍

വര്‍ണക്കൂടാരങ്ങള്‍ ഒരുക്കാന്‍ പ്രീ പ്രൈമറി സ്‌കൂളുകള്‍ക്ക് 10 ലക്ഷം വീതം നല്‍കി

കോഴിക്കോട്: അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മാതൃക പ്രീ-പ്രൈമറി പദ്ധതിയിലൂടെ ജില്ലയിലെ മുഴുവന്‍ അംഗീകൃത സ്‌കൂളുകളിലും വര്‍ണക്കൂടാരങ്ങള്‍ ഒരുങ്ങി. അംഗീകാരമുള്ള 79 പ്രീ-പ്രൈമറി സ്‌കൂളുകളാണ് ജില്ലയിലുള്ളത്. ഭാവിജീവിതം മികവുറ്റതാക്കാനുള്ള ശൈശവാനുഭവങ്ങള്‍ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം പറഞ്ഞു. പ്രീ-പ്രൈമറി കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കാന്‍ പര്യാപ്തമായ ആക്ടിവിറ്റി ഏരിയകള്‍ സജ്ജീകരിക്കുന്നതിനായി 10 ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്.

ശിശുസൗഹൃദമായ 13 അനുഭവ ഇടങ്ങള്‍ രൂപപ്പെടുത്തുകയെന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കുട്ടികളുടെ കലാപ്രകടനങ്ങള്‍ക്കുള്ള ആവിഷ്‌കാരയിടം, കരകൗശലയിടം, ശാസ്ത്രാനുഭവങ്ങള്‍ക്കുള്ള ഇടം, വായനക്കും എഴുത്തിലേക്കും പ്രചോദിപ്പിക്കുന്ന ഭാഷാവികസന ഇടം, വര്‍ണയിടം, ഗണിതയിടം എന്നിങ്ങനെ വികാസമേഖലകള്‍ക്കും പഞ്ചേന്ദ്രിയാനുഭവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന രീതിയിയിലുള്ള പ്രവര്‍ത്തന ഇടങ്ങളാണ് വര്‍ണക്കൂടാരം പദ്ധതിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ക്ലാസിന് പുറത്ത് മനോഹരമായ കളിയിടങ്ങളും ഒരുക്കിയിട്ടുണ്ട്.

സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയിലൂടെയാണ് വര്‍ണക്കൂടാരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രീ-പ്രൈമറി ക്ലാസുകള്‍ ഹൈടെക്ക് ആക്കുന്നതിന് കെല്‍ട്രോണ്‍ മുഖേന ഈ വര്‍ഷം ഡിജിറ്റല്‍ ഉപകരണങ്ങളും നല്‍കുന്നുണ്ട്. ഇതിനായി 50,000 രൂപ വീതം സ്‌കൂളുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *