‘2 മില്യണ്‍ പ്ലഡ്ജ്’: അഞ്ച് ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കാളികളാകും

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം കുടുംബാംഗങ്ങളും പ്രതിജ്ഞയെടുക്കും

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജൂണ്‍ 26ന് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യണ്‍ പ്ലഡ്ജി’ല്‍ അഞ്ച് ലക്ഷത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കാളികളാകും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം കുടുംബാംഗങ്ങളും പ്രതിജ്ഞയെടുക്കും. സിവില്‍ സ്റ്റേഷന്‍, ജില്ലാ പഞ്ചായത്ത് ഓഫീസ്, മെഡിക്കല്‍ കോളേജ്, പോലീസ് സ്റ്റേഷനുകള്‍, കോളേജുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സാമൂഹികനീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിജ്ഞ സംഘടിപ്പിക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഡിഎം പി സുരേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ വി റീന, വി പി ജമീല, അസി. പൊലീസ് കമീഷണര്‍ എ ഉമേഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റര്‍ പി സി കവിത, വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് കോ-ഓർഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

‘നാടിനായി നാളേക്കായി ഒന്നിക്കാം’ എന്ന സന്ദേശത്തില്‍ ലഹരിക്കെതിരെ 20 ലക്ഷം പേരെ അണിനിരത്തിയാണ് ജില്ലാ പഞ്ചായത്തിന്റെ ‘2 മില്യണ്‍ പ്ലഡ്ജ്’ ബഹുജന പ്രതിജ്ഞ നടക്കുക. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നശാ മുക്ത് ഭാരത് അഭിയാന്റെയും സംസ്ഥാന തലത്തിലെ വിവിധ ലഹരിവിരുദ്ധ പദ്ധതികളുടെയും പിന്തുണയിലാണ് പരിപാടി നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *