അഖിലേന്ത്യാ തപാല്‍ കലാമേളയ്ക്ക് മാര്‍ച്ച് മൂന്നിന് തിരിതെളിയും

കോഴിക്കോട്: അഖിലേന്ത്യാ തപാല്‍ കലാമേള മാര്‍ച്ച് 3 മുതല്‍ 7വരെ കോഴിക്കോട്ട് നടക്കും. നളന്ദ ഓഡിറ്റോറിയത്തിലെ മൂന്നു വേദികളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടനം മാര്‍ച്ച് മൂന്നിന്  രാവിലെ 10ന്  പ്രശസ്ത കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് നിര്‍വഹിക്കും. ഉത്തരമേഖല പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ സയ്യിദ് റഷീദ് അധ്യക്ഷത വഹിക്കും.

മധ്യമേഖല പോസ്റ്റല്‍ ഡയറക്ടര്‍  എന ആര ഗിരി, പോസ്റ്റല്‍ അക്കൗണ്ട്സ് ഡയറക്ടര്‍  എസ് സംഗീത്കുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. ഉത്തരമേഖല പോസ്റ്റല്‍ ഡയറക്ടര്‍ വി ബി ഗണേഷ് കുമാര്‍ സ്വാഗതവും കലാമേള ഓര്‍ഗനൈസിങ് സെക്രട്ടറി  പി ബിനു നന്ദിയും പറയും. ഉച്ചയോടെ തപാല്‍ ജീവനക്കാര്‍ അവതരിപ്പിക്കുന്ന കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോഴിക്കോട് അഖിലേന്ത്യാ തപാല്‍ കലാമേളയ്ക്ക് വീണ്ടും വേദിയാവുന്നത്.

വിവിധ വേദികളിലായി മാര്‍ച്ച് 3, 4, 5, 6 തീയതികളില്‍ രാജ്യത്തെ 17 പോസ്റ്റല്‍ സര്‍ക്കിളുകളില്‍ നിന്നായി 60-ല്‍ അധികം ഇനങ്ങളിൽ 300 ഓളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. തപാല്‍ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമായിരിക്കും മത്സരാര്‍ത്ഥികള്‍. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ സീനിയര്‍, ജൂനിയര്‍ കാറ്റഗറിയിലായിരിക്കും മത്സരങ്ങള്‍. ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ സമ്മാനാര്‍ഹരായിരിക്കും.  ഏറ്റവുമധികം പോയിന്റ് നേടുന്ന പോസ്റ്റല്‍ സര്‍ക്കിള്‍ മികച്ച സര്‍ക്കിളിനുള്ള അവാര്‍ഡിന് അര്‍ഹരാവും.  കൂടാതെ ഹ്രസ്വനാടകത്തിനു മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ എന്നീ ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനാര്‍ഹര്‍ക്ക് പ്രത്യേകട്രോഫി സമ്മാനിക്കും.

കലാമേളയുടെ സമാപന സമ്മേളനം മാര്‍ച്ച് 7ന് രാവിലെ 10 ന് നടക്കും. ഉത്തര മേഖല പോസ്റ്റുമാസ്റ്റര്‍ ജനറല്‍  സയ്യിദ് റഷീദ് അധ്യക്ഷത വഹിക്കും. കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റുമാസ്റ്റര്‍ ജനറല്‍ ജെ ടി വെങ്കിടേശ്വരലു മുഖ്യാതിഥിയായിരിക്കും. കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്  വി ശാരദ സ്വാഗതവും  ഉത്തര തപാല്‍ മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ (വെല്‍ഫയര്‍)  കെ മനോജ് നന്ദിയും പറയും. തുടര്‍ന്ന് കലാമത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടക്കും. 

സാഹിത്യനഗരി പദവി; കോഴിക്കോടിന്റെ പേരില്‍ ഇനി പോസ്റ്റല്‍ കവറും

കോഴിക്കോട്: രാജ്യത്താദ്യമായി യുനെസ്‌കോ സാഹിത്യനഗരി പദവി നേടിയ കോഴിക്കോടിന്റെ പേരില്‍ ഇനി പോസ്റ്റല്‍ കവറും. കോഴിക്കോടിനോടുള്ള ആദര സൂചകമായി തപാല്‍ വകുപ്പ് ഇറക്കുന്ന സ്പെഷ്യല്‍ കവര്‍  പോസ്റ്റല്‍ കലാമേളയുടെ  ഉദ്ഘാടന ചടങ്ങില്‍ ഉത്തര മേഖല പോസ്റ്റുമാസ്റ്റര്‍ ജനറല്‍ സയ്യിദ് റഷീദ് പ്രകാശനം ചെയ്യും.  റഫീഖ് അഹമ്മദ് ഏറ്റുവാങ്ങും.  പ്രധാനപ്പെട്ട സംഭവങ്ങളെയും സ്ഥാപനങ്ങളെയും മണ്മറഞ്ഞുപോയ പ്രമുഖ വ്യക്തിത്വങ്ങളെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് തപാല്‍ വകുപ്പ് ഇത്തരത്തിലുള്ള സ്പെഷ്യല്‍ കവര്‍ ഇറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *