ഫോട്ടോ പ്രദർശനം എം ടിക്കുള്ള മഹനീയ ആദരം: അശ്വതി

കോഴിക്കോട്: സീനിയർ ജേണലിസ്റ്റ് ഫോറം ലളിതകലാ അക്കാദമി ആർട് ഗ്യാലറിയിൽ ഒരുക്കിയ എം ടി കാലം, കാഴ്ച  ഫോട്ടോപ്രദര്‍ശനം കാണാന്‍  എം ടിയുടെ മകള്‍ അശ്വതി വി നായര്‍ എത്തി. എം ടിയുടെ സ്മരണ നിലനിര്‍ത്തുന്നതിനും അദ്ദേഹത്തിന്റെ സംഭാവനകള്‍  വരുംതലമുറകള്‍ക്ക് പ്രചോദനമാകുന്നതിനും ഉപയുക്തമാകുന്ന സമഗ്രമായ പദ്ധതിയെക്കുറിച്ച് കുടുംബവും സുഹൃത്തുക്കളും ആലോചിക്കുന്നുണ്ടെന്ന് ഫോട്ടോ പ്രദര്‍ശനം കണ്ടശേഷം അവര്‍ മാധ്യമങ്ങളോട്  പറഞ്ഞു.

ഫോട്ടോ പ്രദര്‍ശനം എം ടിക്കുള്ള മഹനീയമായ ആദരവാണെന്ന് അശ്വതി പറഞ്ഞു. ചിത്രങ്ങളും രേഖകളും മറ്റു സൃഷ്ടികളും കേടുവരാതെ സംരക്ഷിക്കുന്നതിന് ശ്രമം വേണമെന്നും അവര്‍ പറഞ്ഞു.

സാഹിത്യത്തിന്റെയും സാംസ്‌കാരികലോകത്തിന്റെയും കാലാവസ്ഥ തന്നെയായിരുന്നു മലയാളിക്ക് എം ടി വാസുദേവന്‍നായരെന്ന് കഥാകൃത്ത് വി ആര്‍ സുധീഷ് അഭിപ്രായപ്പെട്ടു.  ഫോട്ടോപ്രദര്‍ശനത്തിന്റെ ഭാഗമായി എം ടി ഓര്‍മ്മ മരത്തണലില്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലം എഴുതാന്‍ അവസരം കിട്ടിയ എം ടി രചനയുടെ ഒരു മഹാകാലം സൃഷ്ടിക്കുകയായിരുന്നു. അങ്ങനെ അദ്ദേഹം മലയാളികളുടെ ഭാവുകത്വത്തെ ഏഴ് പതിറ്റാണ്ടോളം നയിച്ചു. എഴുത്തുകാരന്‍ എന്ന നിലയില്‍ മഹാപ്രസ്ഥാനമായി നില്‍ക്കുമ്പോഴും പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സ്വന്തം ഭാവുകത്വത്തിന് അപ്പുറമുള്ള എഴുത്തിനെയും പ്രോത്സാഹിപ്പിച്ചു. മേതിലിന്റെ സൂര്യവംശം പോലുള്ള രചനകള്‍ പുറത്തുവരുന്നത് അങ്ങനെയാണ്. പത്രാധിപര്‍ എന്ന നിലയില്‍ എം ടി പ്രദര്‍ശിപ്പിച്ച ധീരതയായിരുന്നു അത് – സുധീഷ് പറഞ്ഞു.

ചടങ്ങില്‍ ഒ പി സുരേഷ് അധ്യക്ഷനായി. എം ടി എന്ന എഴുത്തുകാരന്‍ നിരന്തരം ഓര്‍മിക്കപ്പെടുമെന്ന് ഒ പി സുരേഷ് പറഞ്ഞു. നാടെങ്ങും അനുസ്മരണ പരിപാടികള്‍ നടക്കുന്നുണ്ട്. അതൊരിക്കലും ഒരു ആചാരമല്ല. എംടിയെ കൂടുതല്‍ അറിയാനുള്ള ശ്രമമാണ്. എം ടിയെ കേരളീയര്‍ എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അവരുടെ ജീവിതത്തില്‍ സ്പര്‍ശിക്കുന്നുണ്ട് – സുരേഷ് പറഞ്ഞു.

എം ടി എന്ന തണലില്‍ വളര്‍ന്ന തനിക്ക് അദ്ദേഹത്തെപ്പറ്റി എന്നും നല്ല ഓര്‍മകളാണ് ഉള്ളതെന്ന് പഴയന്നൂര്‍ ഗോപി അനുസ്മരിച്ചു. എല്ലാവരെയും പരിഗണിക്കുന്ന വ്യക്തിത്വമായിരുന്നു എം ടിയുടേതെന്ന് കഥാകൃത്ത് യു.കെ കുമാരന്‍ പറഞ്ഞു.

നാം അറിയാതെ നമ്മെ നിരീക്ഷിക്കുന്ന വൈഭവം എം ടിക്ക് ഉണ്ടായിരുന്നുവെന്ന് ജമാല്‍ കൊച്ചങ്ങാടി പറഞ്ഞു. ആര്‍ട്ടിസ്റ്റ് മദനന്‍, കെ  ശ്രീകുമാര്‍, പി കെ പാറക്കടവ്, മധുശങ്കര്‍ മീനാക്ഷി തുടങ്ങിയവരും സംസാരിച്ചു. ഫോറം സാംസ്‌കാരികവിഭാഗം കണ്‍വീനര്‍ കെ എഫ് ജോർജ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *