കോഴിക്കോട് കാരന്തൂരിലെ ടൂറിസ്റ്റ് ഹോമിൽനിന്നും 221.89 ഗ്രാം എംഡിഎയുമായാണ് പിടിയിലായത്
കോഴിക്കോട്: ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്താൻ വന്ന രണ്ട് പേർ കാരന്തൂരിലെ ഹോട്ടൽ മുറിയിൽ നിന്നും പിടിയിൽ. കാസർകോഡ് മഞ്ചേശ്വരം ബായാർ പദവ് ഹൗസിൽ ഇബ്രാഹിം മുസമിൽ (27) കോഴിക്കോട് വെള്ളിപറമ്പ് ഉമ്മളത്തൂർ ശിവഗംഗയിൽ അഭിനവ് പി എൻ (24) എന്നിവരെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിൻ്റെ നേത്യത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ നിതിൻ എ യുടെ നേതൃത്വത്തിലുള്ള കുന്നമംഗലം പൊലീസും ചേർന്ന് പിടികൂടി.
കോഴിക്കോട് ജില്ലയിൽ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ്റെ നിർദേശത്തെ തുടർന്ന് ജില്ലയിൽ പരിശോധന ശക്തമാക്കിയതിൽ കാരന്തൂരിലെ ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലാണ് 221.89 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേരെയും പിടികൂടുന്നത്.
ബംഗളൂരുവിൽ നിന്നും എംഡിഎംഎ കോഴിക്കോട്ടെത്തിച്ച് നൽകുന്ന മുഖ്യ കണ്ണികളിൽപ്പെട്ടവരാണ് പിടിയിലായ രണ്ട് പേരും . വല്ലപ്പോഴും കോഴിക്കോട് വരുന്ന മുസമിൽ ബംഗളൂരുവിൽ വച്ചാണ് ഇടപാടുകൾ മുഴുവനും നടത്തുന്നത്. പുതിയ യുവാക്കളെ കണ്ടെത്തി ലഹരി കച്ചവടം നടത്താനാണ് കോഴിക്കോട്ടേക്ക് എത്തിയത്. കാസർകോഡ് സ്വദേശിയാണെങ്കിലും ഇയാൾ ബംഗളൂരലാണ് സ്ഥിരതാമസം. തന്റെ സുഹൃത്തായ അഭിനവിനെ ലഹരി കച്ചവടത്തിൽ പങ്കാളിയാക്കി അവന്റെ പരിചയത്തിലുള്ള ആളുകളുമായി ബന്ധപ്പെട്ട് പുതിയ കച്ചവട തന്ത്രമായിട്ടാണ് കോഴിക്കോട്ടേക്ക് വന്നത്.
അറസ്റ്റിലായ രണ്ട് പേരും
ബംഗളൂരുവിൽ താമസിച്ച് കോഴിക്കോട്ട് നിന്നും വരുന്ന ആവശ്യക്കാർക്ക് ലഹരിവിൽപന നടത്തി വരികയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ വാട്ട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇവർ ബന്ധപ്പെട്ടിരുന്നത്. കൂടാതെ ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്സ്ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന ഇവരെ കുറിച്ച് അറിവുണ്ടാകാതിരുന്നതും പൊലീസിനെ ഏറെ കുഴക്കി. എന്നാൽ ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇവരുടെ നീക്കങ്ങൾ മനസിലാക്കിയ പൊലീസ് സംഘം വളരെ തന്ത്രപരമായി പിടികൂടുകയായിരുന്നു.
ഇവർ രണ്ട് പേരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളുകളാണ്. ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ച് ഇവർ ബംഗളുരുവിൽ താമസിക്കുകയായിരുന്നു.
പിടിയിലായ മുസമിലിന് മഞ്ചേശ്വരത്ത് കളവ് കേസുകളും ആന്ധ്രപ്രദേശിൽ കഞ്ചാവ് കേസും ഉണ്ട്.
ഡൻസാഫ് എസ്ഐ മനോജ് ഇടയേടത്ത് , എസ്ഐ അബ്ദുറഹ്മാൻ കെ, അഖിലേഷ് കെ , അനീഷ് മൂസേൻവീട്, ലതീഷ് എ കെ , സരുൺകുമാർ പി കെ , ഷിനോജ് എം, ശ്രീശാന്ത് എൻ കെ , അഭിജിത്ത് പി , മഷ്ഹൂർ കെ.എം , ദിനീഷ് പി കെ , അതുൽ ഇ , കുന്നമംഗലം സ്റ്റേഷനിലെ എസ്ഐ ജിബിഷ കെ , വിജേഷ്, ജംഷീർ, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ലഹരിക്കെതിരെ നഗരത്തിൽ നിരീക്ഷണം ശക്തമാക്കി
മയക്കുമരുന്ന് ലോബികളെ ശക്തമായി നിരീക്ഷിക്കുന്നതിൻ്റെ ഭാഗമായി റെയിൽവെ സ്റ്റേഷൻ പരിസരം, ബസ് സ്റ്റാൻ്റ് , മാളുകൾ , ലോഡ്ജ് , ബീച്ച് , വിദ്യാലയങ്ങളുടെ പരിസരങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കി. കോഴിക്കോട് നിന്നും പല ജോലികൾക്കായി ബംഗളൂരുവിൽ എത്തുന്ന യുവാക്കൾ ലഹരി മാഫിയയുടെ കെണിയിൽപ്പെട്ട് ലഹരി കച്ചവടക്കാരായി മാറി മയക്കുമരുന്ന് വൻതോതിൽ നാട്ടിലേക്ക് എത്തിക്കുന്നു. പൊലീസ് പിടികൂടാതിരിക്കാൻ വ്യത്യസ്തമായ രീതികളാണ് ഇവർ സ്വീകരിച്ചു വരുന്നത്. അതിനാൽ ബംഗളൂരുവിൽ നിന്നും കോഴിക്കോട് വരുന്ന ബസ്സുകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജനുവരിയിൽ നാല് കെമേഴ്സ്യൽ ക്വാണ്ടിറ്റി കേസുകളിലായി 546.42 ഗ്രാം എംഡിഎംഎയും 56.66 ഗ്രാം ഹൈബ്രിഡ് കഞ്ചാവും കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയിട്ടുണ്ട്.


അഭിനവ്

