കോഴിക്കോട്: ആദ്യമായി കപ്പൽ കണ്ടതിന്റെയും തൊട്ടതിൻ്റെയും കപ്പലിനുള്ളിലൂടെ നടന്നതിൻ്റെയും കൗതുകത്തിലും ആവേശത്തിലുമാണ് ഫറോക്ക് കനിവ് സ്കൂളിലെ ശിഹാബും റഹുഫും തൈബും കൂട്ടുകാരും. ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാലിന്റെ ഭാഗമായി തുറമുഖത്തെത്തിയ നാവിക, തീരസംരക്ഷണസേനകളുടെ കപ്പൽ കാണാൻ മാതാപിതാക്കൾക്കും ടീച്ചർമാർക്കുമൊപ്പമാണ് അവർ എത്തിയത്. കപ്പൽ നങ്കൂരമിട്ട ബേപ്പൂർ തുറമുഖത്ത് അവരെ സ്വീകരിക്കാൻ ഒരു വിശിഷ്ടാതിഥിയും ഉണ്ടായിരുന്നു. കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്.
രാജ്യത്തിൻ്റെ കടലും തീരവും സംരക്ഷിക്കുന്ന സേനകളുടെ കപ്പൽ കാണാനും കയറാനുമാകുന്നത് നല്ലൊരു അവസരമാണെന്നും എല്ലാവരും എല്ലാം ചുറ്റിനടന്ന് കാണണമെന്നും മേയർ കുട്ടികളോട് പറഞ്ഞു. ശേഷം കേക്ക് മുറിച്ച് അവർക്ക് മധുരം നൽകി.
രാമനാട്ടുകര, ഫറോക്ക് ബഡ്സ് വിദ്യാലയങ്ങളിൽ നിന്നായി 55 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും വളണ്ടിയർമാരുമാണ് ബേപ്പൂർ തുറമുഖത്ത് ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് കബ്രയും കോസ്റ്റ് ഗാര്‍ഡിന്റെ ഐ.സി.ജി.എസ് അനഘും സന്ദർശിക്കാൻ എത്തിയത്.
ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വാർഡ് കൗൺസിലർമാരായ ഗിരിജ ടീച്ചർ, കെ രാജീവ്, ഡിടിപിസി സെക്രട്ടറി നിഖിൽ ദാസ് തുടങ്ങിയവർ പങ്കെടുത്തു.
കടലോളം കാഴ്ചകൾ കാണാൻ അവരെത്തി; മധുരം നൽകി സ്വീകരിച്ച് മേയർ

