കോഴിക്കോട്: തദ്ദേശസ്വയംഭരണ വകുപ്പിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആരോഗ്യ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ചേവായൂരിലെ കോംപോസിറ്റ് റീഹാബിലിറ്റേഷന്‍ സെന്ററില്‍(സിആര്‍സി) നടന്ന ചടങ്ങ് ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. അതിദാരിദ്ര നിര്മാര്ജ്ജനത്തില് സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടും നയവുമാണ് ഉള്ളതെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. അതിദരിദ്രരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേരളം കൈവരിച്ച നേട്ടം അഭിമാനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട 88 ഭിന്നശേഷശിക്കാരില് 22 പേര്‍ക്കുള്ള ഉപകരണമാണ് തിങ്കളാഴ്ച വിതരണം ചെയ്തത്. ചക്രകസേര, വാക്കിംഗ് സ്റ്റിക്, ശ്രവണ സഹായി, കൃത്രിമക്കാല്‍ തുടങ്ങി ഉപകരണങ്ങളാണ് വിതരണം ചെയ്തത്. 23 പേര്‍ക്കുള്ള ഉപകരണങ്ങള്‍ നേരത്തെ വിതരണം ചെയ്തിരുന്നു. കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോംപോസിറ്റ് റീഹാബിലിറ്റേഷന്‍ സെന്ററുമായി സഹകരിച്ചാണ് ഉപകരണങ്ങള്‍ ലഭ്യമാക്കിയത്.
ജില്ലയില്‍ 6733 കുടുംബങ്ങളാണ് അതിദാരിദ്ര്യ കുടുംബങ്ങളായി കണ്ടെത്തിയത്. ഇതില്‍ 4295 പേര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്കി അതിദാരിദ്ര സ്ഥിതിയില്‍ നിന്നും ഉയര്‍ത്താനായി. ശേഷിക്കുന്ന 2077 പേരെ 2025 നവംബര്‍ ഒന്നോടെ അതിദാരിദ്രത്തില്‍ നിന്നും ഉര്‍ത്തും.
ചടങ്ങില്‍ സിആര്‍സി ഡയറക്ടര്‍ ഡോ. എന്‍ കെ റോഷന് ബിജിലി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ്, തദ്ദേശവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, പ്രോജക്ട് ഡയറക്ടര്‍ പി വി ജസീര്‍, സിആര്‍സി കോഡിനേറ്റര്‍ അക്ഷയ് കുമാര്‍, സീനിയര്‍ അഡ്മിനിസ്ട്രേറ്ററി കണ്‍സള്‍ട്ടന്റ് മുരളി കൃഷ്ണന്, തദ്ദേശസ്വംഭരണ സ്ഥാപന പ്രതിനിധികള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതിദരിദ്രപട്ടികയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് ആരോഗ്യ ഉപകരണങ്ങള്‍

