നിപുൺ പരമേശ്വരൻ
ഇന്നത്തെ നമ്മുടെ പ്രതീകങ്ങൾ പലതിനേയും സൃഷ്ടിച്ചത് കാലം ആയിരുന്നു എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ പറയാം നിസ്സംശയം. ബാലെ എന്ന കലയുടെ ചരിത്രം ശ്രദ്ധിച്ചാൽ നമുക്ക് ഇത് കൃത്യമായി നിരീക്ഷിക്കാം. ഇന്ന് പലരും കളിയാക്കുന്ന ബാലെയുടെ ചരിത്രം ഇന്ത്യൻ ദേശീയതയുടെ കൂടിയാണ്.
സംഗീത പാരമ്പര്യം നിർണയിച്ചതിൽ ചെറുതല്ലാത്ത ഒരു പങ്ക് കാലത്തിനും ടെക്നോളജിക്കും ഉണ്ടെന്നാണ് എന്റെ നിരീക്ഷണം. കഴിഞ്ഞ ദിവസം അന്തരിച്ച ഉസ്താദ് സക്കീർ ഹുസൈൻ എന്നെ വല്ലാതെ പ്രചോദിപ്പിച്ച വ്യക്തിയാണ്. എന്നാൽ ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ, എങ്ങനെ സക്കീർ ഹുസൈൻ എന്ന വ്യക്തി നമ്മുടെ സംഗീതത്തിൻ്റെ പ്രതീകമായി എന്ന് ഞാൻ വളരെ സൂക്ഷ്മമായി പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നെ വളരെയധികം ആവേശം കൊള്ളിക്കുന്ന ഒരു കഥയാണ്. ചരിത്രം രസമുള്ള കഥയാകുമ്പോഴുള്ള പ്രശ്നം സൂക്ഷ്മതയും കണിശതയും നഷ്ടപ്പെടും എന്നതാണ് എന്ന് ഹരാരിയുടെ വിമർശകർ നിരീക്ഷിച്ചിട്ടുള്ളതാണ്. ആ കുറവുകൾ ഇവിടെയും വരാം എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഞാൻ എടുത്ത് ചാടുകയാണ്.
ഈ കഥ തുടങ്ങുന്നത് ശ്യാം ശങ്കർ ചൗധരി എന്ന ഒരു ബ്രാഹ്മണ വക്കീലിൽ നിന്നാണ്. ഇദ്ദേഹം ജനിക്കുന്നത് ഇന്നത്തെ ബംഗ്ലാദേശിൻ്റെ ഭാഗമായ നരൈൽ എന്ന സ്ഥലത്താണ്. പഠനത്തിന് ശേഷം അദ്ദേഹം രജപുത്താനയുടെ ഭാഗമായ ഝലവാർ എന്ന രാജ്യത്തിൻ്റെ രാജാവിൻ്റെ വക്കീലായി ജോലി ചെയ്തു. കടുത്ത ബ്രിട്ടീഷ് ഭക്തനായിരുന്നു ശ്യാം ശങ്കർ എങ്കിലും അദ്ദേഹത്തിന് സുകുമാര കലകളിൽ നല്ല കമ്പമായിരുന്നു. പെൻഷൻ പറ്റിയതിന് ശേഷം ലണ്ടനിൽ സ്ഥിര താമസം ആക്കുന്ന അദ്ദേഹം അവിടെ കലാ പരിപാടികൾ ഒക്കെ ആസൂത്രണം ചെയ്യുന്ന impresario ആയി മാറുന്നു. ശ്യാം ശങ്കറിന്റെ മകൻ ആയ ഉദയ് ശങ്കറിനും ഇന്ത്യൻ നൃത്തത്തിനോടും, യൂറോപ്യൻ ballet യോടും നല്ല താത്പര്യമായിരുന്നു. രാജ്പുത്, മുഗൾ പെയിന്റിങ്ങുകളും യൂറോപ്യൻ നൃത്ത സങ്കേതങ്ങളും സാങ്കേതിക വിദ്യകളായ ലൈറ്റും സൗണ്ട്സും കൂട്ടി Hi Dance എന്ന ഒരു ഫ്യൂഷൻ നൃത്തം ഇദ്ദേഹം സംവിധാനം ചെയ്തിരുന്നു.
ശാസ്ത്രീയമായ ഏതെങ്കിലും നൃത്ത വിദ്യാഭ്യാസം ഇല്ലായിരുന്നെങ്കിലും ഇന്ത്യൻ നൃത്തത്തിന്റെ വക്താവ് എന്ന നിലയിൽ പതുക്കെ ഉദയ് അറിയപ്പെടാൻ തുടങ്ങി. സുപ്രസിദ്ധ റഷ്യൻ ballet നർത്തകിയായ അന്ന പാവ്ലോവയുമായുള്ള കൂട്ടുകെട്ട് ഉദയ് എന്ന കലാകാരനെ ലോക കലാ ഭൂപടത്തിൽ ഒരാളാക്കി മാറ്റി പതുക്കെ. ലോകം മുഴുവൻ തന്റെ ബാലെ ട്രൂപ്പുമായി നടന്ന് പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം ഉദയ്‌ക്ക് ലഭിച്ചു. ഇന്ത്യൻ സ്വത്വം അന്വേഷിച്ചിരുന്ന കോൺഗ്രസ് ദേശീയതാ പ്രസ്‌ഥാനങ്ങൾക്കും ഉദയ് യുടെ വിജയ ഗാഥകൾ ആവേശമായി. രബീന്ദ്രനാഥ ടാഗോറിന്റെ പ്രേരണയാൽ നെഹ്രുവിന്റെ ആശീർവാദത്തിൽ ഹിമാലയത്തിലെ അൽമോറയിൽ ഇന്ത്യൻ ഡാൻസ് സ്കൂൾ ഉദയ് തുടങ്ങി. അഞ്ചു വർഷത്തെ കലാ പഠനത്തിൽ കഥകളി, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ എല്ലാ ഇന്ത്യൻ നൃത്ത പദ്ധതികളെയും സമന്വയിപ്പിച്ച ഒരു പഠന രീതി ആയിരുന്നു അവിടുത്തേത്.
പിൽക്കാലത്തെ ഇന്ത്യൻ കലാ ചക്രവാളത്തെ വിസ്മയിപ്പിച്ച പല പ്രതിഭകളെയും നമുക്ക് കേവലം 5 വർഷം മാത്രം ആയുസ്സുണ്ടായിരുന്ന ഈ സ്കൂളുമായി ബന്ധപ്പെടുത്താൻ പറ്റും. അവിടത്തെ കഥകളി അദ്ധ്യാപകൻ ആയിരുന്ന ശങ്കരൻ നമ്പൂതിരി, സംഗീത അദ്ധ്യാപകൻ ആയിരുന്ന ഉസ്താദ് അലാവുദീൻ ഖാൻ, വിദ്യാർത്ഥികൾ ആയിരുന്ന ഗുരു ദത്ത്, ശാന്തി ബർദൻ അങ്ങനെ ഇന്ന് നമ്മൾ ഇന്ത്യൻ പാരമ്പര്യവുമായി ചേർത്ത് വയ്ക്കുന്ന പലരുടെയും തുടക്കം ഈ സ്കൂളിൽ നിന്നായിരുന്നു. സാമ്പത്തിക പ്രയാസങ്ങൾ കാരണം നിർത്തിപ്പോയ ആ സ്കൂൾ ഇന്നും തുടർന്നെങ്കിൽ എന്നത് വേറെ ഒരു ചർച്ച ആണ്.
തന്റെ നൃത്ത പരീക്ഷണങ്ങളിൽ എന്നും സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും പ്രയോഗിക്കാൻ ഉദയ്‌ക്ക് നല്ല താൽപ്പര്യം ആയിരുന്നു. സാങ്കേതിക വിദ്യയെ മറ്റൊരു സൗന്ദര്യ ശാസ്ത്രം ആയിത്തന്നെയാണ് JJ School of Fine Artsൽ പഠിച്ച ഉദയ് കണ്ടിരുന്നത്. സിനിമാട്ടോഗ്രഫിയിൽ അതീവ താൽപ്പര്യം ഉണ്ടായിരുന്ന ഉദയ് പിന്നീട് സിനിമാ നിർമാണത്തിലേക്ക് ശ്രദ്ധ തിരിച്ചു. പിൽക്കാലത്ത് സത്യജിത് റേ, മാർട്ടിൻ സ്കോർസെസെ ഉൾപ്പെടെ പലരെയും സിനിമക്കാർ ആകാൻ motivate ചെയ്ത കൽപ്പന എന്ന സിനിമ അങ്ങനെയാണ് പിറവി കൊള്ളുന്നത്.
ഒരു നൃത്ത വിദ്യാലയം തുടങ്ങാൻ കഷ്ടപ്പെടുന്ന ഒരു കലാകാരന്റെ കഥ തന്നെയാണ് കൽപ്പനയും പറയുന്നത് എന്നത് രസകരമായ വസ്തുതയാണ്. പിൽക്കാലത്തു പ്രശസ്തരായ ലളിത, രാഗിണിയൊക്കെ ഈ ചിത്രത്തിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
അലാവുദീൻ ഖാനിൽ നിന്ന് സിത്താർ അഭ്യസിച്ച ഉദയുടെ അനിയൻ രവിശങ്കറിന്റെ തബലിസ്റ്റ് ആയാണ് ഉസ്താദ് അല്ലാ രഖാ ഖാൻ പ്രശസ്തനാവുന്നത്. അദ്ദേഹത്തിന്റെ മകൻ ആണ് അടുത്ത് അന്തരിച്ച സക്കീർ ഹുസൈൻ. ബാല്യത്തിൽ വീട് വിട്ട് ഓടിപ്പോയി തബല പഠിച്ച ചരിത്രമാണ് അല്ലാ രാഖയുടെത്. കലാകാരന്മാർ ചേർത്ത് നിർത്തിയപ്പോൾ പിന്നീടുള്ളത് ചരിത്രം.



