കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷന് സാഹിത്യത്തിന്റെ നഗരിയിൽ പ്രൗഢോജ്വല സമാപനം. മന്ത്രി എ കെ ശശീന്ദ്രൻ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെഎൽഎഫ് സംഘാടകസമിതി ചെയർമാൻ എ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. നൊബേൽ സമ്മാന ജേതാവായ കൈലാഷ് സത്യാർത്ഥി മുഖ്യാതിഥിയായി.
കെഎൽഎഫിന്റെ സ്ഥാപകനും ചീഫ് ഫെസിലിറ്റേറ്ററുമായ രവി ഡിസി ഏഴാം എഡിഷനെ വിലയിരുത്തി സംസാരിച്ചു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡയറക്ടർ പ്രൊഫ. കെ സച്ചിദാനന്ദൻ കെ എൽ എഫ് 2025ന്റെ തിയ്യതി പ്രഖ്യാപിച്ചു. 2025 ജനുവരി 9, 10, 11, 12 തിയ്യതികളിലായാണ് കെ എൽ എഫിന്റെ എട്ടാം എഡിഷൻ നടക്കുക.
ഇന്ത്യയിലേക്കുള്ള തുർക്കിഷ് അംബാസിഡർ ഫിറാത്ത് സുനേൽ, തുർക്കി സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രസാധന വിഭാഗം ഡയറക്ടർ നിസാർ കാര എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. അഭിലാഷ് തിരുവോത്ത്, ഫാരിസ് കണ്ടോത്ത്, ബഷീർ പെരുമണ്ണ, അക്ഷയ് കുമാർ, അൻവർ കുനിമേൽ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എ കെ അബ്ദുൽ ഹക്കീം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ കെ വി ശശി നന്ദിയും പറഞ്ഞു.

