കോഴിക്കോട്: പന്ത്രണ്ടാമത് അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് സർഗലയ ഒരുങ്ങി. ലോകമെമ്പാടുമുള്ള മനുഷ്യർ കരവിരുതിൽ തീർക്കുന്ന മഹാത്ഭുതങ്ങൾക്ക്, കുന്നും പുഴയും കടലും അതിരിടുന്ന ഈ വശ്യമനോഹരദേശം ആതിഥ്യമരുളും. ഡിസംബർ 20 ന് ആരംഭിച്ച് ജനുവരി 5 ന് അവസാനിക്കുന്ന മേളയിൽ, 17 രാജ്യങ്ങളിൽനിന്നായി ഇരുന്നൂറിലധികം കലാകാരർ ഒരുമിച്ചുചേരും.
പരമ്പരാഗതസങ്കേതങ്ങൾ ഉപയോഗിച്ച് ഒരുക്കുന്ന ഹാൻഡ്‌ലൂം, കളരി, സുഗന്ധവ്യഞ്ജനം, മുള, കളിമൺ, അറബിക് കാലിഗ്രഫി, തെയ്യഗ്രാമങ്ങൾ എന്നിവ ഇത്തവണത്തെ മേളയുടെ സവിശേഷതയാണ്. രുചിയുടെ സകലവകഭേദങ്ങളും നുണയാൻ ഇരുപതോളം സ്റ്റാളുകളും സർഗാലയയിൽ ഭക്ഷ്യമേളയുടെ ഭാഗമായി ഒരുങ്ങുന്നു.
സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ സഹായത്തോടെ നടത്തുന്ന ഇന്ത്യൻ ഫോക്ഡാൻസ് ഫെസ്റ്റിവെലിൽ മിക്ക സംസ്ഥാനത്തുംനിന്നുള്ള സംഘങ്ങളെത്തും. പാറക്കെട്ടുകൾക്കു കീഴെ, ജലാശയത്തിൽ ഒരുങ്ങുന്ന സ്വപ്നതുല്യമായ വേദിയിൽ സൂരജ് സന്തോഷ്, മട്ടന്നൂർ ശങ്കരൻകുട്ടി, കണ്ണൂർ ഷെരീഫ് , മെന്റലിസ്റ്റ് അനന്തു, അനിത ഷെയ്ക് തുടങ്ങി നാളെയുടെ നക്ഷത്രങ്ങളായ യുവജനോത്സവവിജയികൾ വരെയുള്ള നിരവധി കലാകാരർ ആഘോഷരാവുകൾ തീർക്കും.
വൈവിധ്യമേറിയ റൈഡുകളും ടാസ്ക്കുകളും ഉൾക്കൊള്ളിച്ചു കുട്ടികൾക്കും മുതിർന്നവർക്കും വെവ്വേറെയുള്ള ഗെയിം, എന്റർടൈൻമെന്റ് സോണുകൾ, സാഹസിക്കാർക്കായി ഓൾ ടെറൈൻ വെഹിക്കിൾസ് തുടങ്ങി വിനോദപ്രാധാന്യമുള്ള നിരവധി പുതുമകൾ ഈ വർഷത്തെ മേളയുടെ ഭാഗമാണ്. നാനൂറ് അടി നീളത്തിൽ ഒരുങ്ങുന്ന അണ്ടർ വാട്ടർ ടണൽ മത്സ്യങ്ങളുടെ ലോകത്തേക്ക് കൗതുകവും വിനോദവും വിജ്ഞാനവും പകരുന്ന സവിശേഷയാത്രയാകും.കലാ കരകൗശല മേഖലയ്ക്കു മുൻതൂക്കം നൽകി ‘മാതൃഭൂമി’ ഒരുക്കുന്ന പുസ്തകമേള, കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന കാർട്ടൂൺ സോൺ, കുട്ടികൾക്കായുള്ള കരകൗശലപരിശീലനം എന്നിവ മേളയിലെ ശ്രദ്ധേയ ഇടപെടലുകളാവും.
മലബാറിന്റെ ടൂറിസം വികസനത്തിനു വ്യക്തതയും വേഗവും പ്രദാനം ചെയ്യാനുദ്ദേശിച്ച് മന്ത്രിമാർ, ഉന്നത ഉദ്യഗസ്ഥർ, ടൂറിസം മേഖലയിലെ സംഘടനകൾ, വ്യക്തികൾ എന്നിവരെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്ന ടൂറിസം ടോക്ക് സീരീസ് മേളയ്ക്ക് പുതിയ ആശയതലം പകരും. കൂടാതെ, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്‌ദിയോടനുബന്ധിച്ച് സർഗാലയ സംഘടിപ്പിച്ച അന്തർദേശീയ കരകൗശലഅവാർഡുകൾ ഉദ്ഘാടനദിവസം നൽകും.
മേളയുടെ ഔപചാരിക ഉദ്ഘാടനം വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഡിസംബർ 22-നു വൈകുന്നേരം 6 ന് നിർവഹിക്കും. ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിക്കും. പി ടി ഉഷ എംപി തീം വില്ലേജ് സോൺ ഉദ്ഘാടനം ചെയ്യും.

