മാറ്റര്‍ ലാബിന് എൻഎബിഎൽ അംഗീകാരം

കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) യുടെ സംരംഭമായ മാറ്റര്‍ ലാബിന് ആയിരത്തോളം അംഗീകൃത ടെസ്റ്റുകള്‍ നടത്താനുള്ള നാഷണല്‍ അക്രഡിറ്റേഷന്‍ ബോഡി ഫോര്‍ ലബോറട്ടറീസിന്റെ (എന്‍എബിഎല്‍) അംഗീകാരം ലഭിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിരവധി അംഗീകൃത മെറ്റീരിയല്‍ ടെസ്റ്റിംഗ് സേവനങ്ങള്‍ കാര്യക്ഷമതയോടെ ലഭ്യമാക്കാന്‍ ഇപ്പോള്‍ മാറ്റര്‍ ലാബിന് കഴിയും.

2022-ല്‍ സ്ഥാപിതമായ ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആധുനികവുമായ പരിശോധനാ ലബോറട്ടറിയായ മാറ്റര്‍ ലാബിന് നടത്താന്‍ കഴിയുന്ന അംഗീകൃത ടെസ്റ്റുകളുടെ എണ്ണം 100-ല്‍ നിന്ന് 1000 ത്തോളമായി വര്‍ധിച്ചു.സിവില്‍ എന്‍ജിനീയറിംഗിന്റെ അടിത്തറയാണ് മെറ്റീരിയല്‍ ടെസ്റ്റിംഗ്. നിര്‍മാണങ്ങളുടെ ശക്തിയും ദീര്‍ഘായുസും ഉറപ്പാക്കുന്ന നിര്‍ണായക പ്രക്രിയയാണ് മെറ്റീരിയല്‍ ടെസ്റ്റിംഗ്.

ഐഎസ്ഒ 17025:2017 നിലവാരത്തിലുള്ള എന്‍എബിഎല്‍ അംഗീകൃത ടെസ്റ്റിംഗ് ലബോറട്ടറി ആയ മാറ്റര്‍ ലാബില്‍ നിക്ഷ്പക്ഷത, രഹസ്യാത്മകത, സമഗ്രത എന്നിവയ്ക്ക് പ്രധാന്യം നല്‍കിയാണ് റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നത്. നിര്‍മാണങ്ങളുടെ സമഗ്രത, ഈട്, സുരക്ഷ എന്നിവ ഉറപ്പാക്കുന്നത് മെറ്റീരിയല്‍ ടെസ്റ്റിംഗിലൂടെയാണ്. കോണ്‍ക്രീറ്റ് വിശകലനം ചെയ്യുന്നത് മുതല്‍ മണ്ണിന്റെ ഗുണങ്ങള്‍ വിലയിരുത്തുന്നത് വരെ, നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ പരിശോധനകള്‍ നടക്കുന്നുണ്ട്.

മണ്ണ്, പാറ, സിമന്റ്, ഫ്‌ളൈ ആഷ്, സ്റ്റീല്‍, വെള്ളം, കോണ്‍ക്രീറ്റ്, കല്‍പ്പണിക്കുള്ള ബ്ലോക്കുകള്‍, കളിമണ്‍ റൂഫ് ടൈലുകള്‍, തടി, പ്ലൈവുഡ്, സെറാമിക് ടൈലുകള്‍, ടൈല്‍ പശകള്‍, പ്രകൃതി ദത്ത കല്ലുകളായ ഗ്രാനൈറ്റ്, മാര്‍ബിള്‍ എന്നിവയും ജിയോ ടെക്‌സ്‌റ്റൈല്‍സ്, തെര്‍മോ പ്ലാസ്റ്റിക് പൈപ്പുകളും ഫിറ്റിംഗുകളും, ജലവിതരണത്തിനുള്ള ഹൈ-ഡെന്‍സിറ്റി പോളി എഥിലീന്‍ പൈപ്പുകള്‍, ബിറ്റുമെന്‍ തുടങ്ങിയവ ലാബില്‍ പരിശോധിക്കാം. കോണ്‍ക്രീറ്റ്, അസ്ഫാള്‍ട്ട് മിക്‌സ് ഡിസൈനുകള്‍, കോണ്‍ക്രീറ്റ് ഡ്യൂറബിലിറ്റി ടെസ്റ്റുകള്‍, മണ്ണ് പരിശോധന, കോണ്‍ക്രീറ്റ് ഘടനകളുടെ ആരോഗ്യം നിരീക്ഷിക്കല്‍ എന്നിവയ്‌ക്കൊപ്പം പ്രത്യേക ഫീല്‍ഡ് ടെസ്റ്റുകളും ഇവിടെ നടത്താനാകും.

Leave a Reply

Your email address will not be published. Required fields are marked *