ഒളിമ്പിക്‌സ് മാതൃകയിൽ ദീപശിഖ ഘോഷയാത്ര നാളെ

കോഴിക്കോട്: ആദ്യമായി ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ കായികമേളയ്ക്ക് മുന്നോടിയായുള്ള ദീപശിഖ ഘോഷയാത്ര നാളെ (നവംബര്‍ രണ്ട്) കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും. കാസർഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രയാണത്തിന് ശേഷം കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലാണ് ആദ്യ സ്വീകരണം നല്‍കുക. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അബൂബക്കര്‍ നയിക്കുന്ന ദീപശിഖ പ്രയാണം പ്രമുഖ കായിക താരങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഏറ്റുവാങ്ങും. രാവിലെ 11 ന് താമരശ്ശേരി പോസ്റ്റ് ഓഫീസ് പരിസരത്തുള്ള ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയില്‍, ബാനറുകള്‍ പിടിച്ച വിദ്യാര്‍ഥികള്‍, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, എസ്പിസി, എന്‍സിസി, കായിക വസ്ത്രധാരികളായ കായികതാരങ്ങള്‍, കായിക അധ്യാപകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ അണിനിരക്കും. തുടര്‍ന്ന് ദീപശിഖാ റാലി ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ താമരശ്ശേരി ഗവ. യു.പി.എസ് സ്‌കൂളിലെത്തും. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഔദ്യോഗിക സ്വീകരണത്തിന് ശേഷം ദീപശിഖാപ്രയാണം ജില്ലയിലെ മറ്റു സ്വീകരണകേന്ദ്രങ്ങളിലേക്ക് നിങ്ങും.

Leave a Reply

Your email address will not be published. Required fields are marked *