കോര്‍പറേഷന്‍തല തദ്ദേശ അദാലത്ത്; 371 പരാതികളില്‍ 359 എണ്ണവും അനുകൂലമായി തീര്‍പ്പാക്കി

കെട്ടിടനിര്‍മാണ നിയമത്തിലെ ചട്ടം 66ല്‍ ഭേദഗതി വരുത്തും

കോഴിക്കോട്: കോര്‍പറേഷന്‍തല അദാലത്തില്‍ ആകെ 371 പരാതികളില്‍ 359 എണ്ണത്തിലും അനുകൂല തീര്‍പ്പുണ്ടാക്കാനായതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓണ്‍ലൈനില്‍ ലഭിച്ച 369 പരാതികളും പുതുതായി ലഭിച്ചവയില്‍ ഇന്നലെ പരിഗണിച്ച രണ്ടു പരാതികളും ഉള്‍പ്പെടെയാണിത്. ഇവയില്‍ 12 പരാതികള്‍ നിരസിച്ചു. ഇന്നലെ പുതുതായി ലഭിച്ച 249ല്‍ തീര്‍പ്പാക്കിയ രണ്ടെണ്ണം കഴിച്ചുള്ള ബാക്കി പരാതികളില്‍ 15 ദിവസത്തിനകം തുടര്‍പരിശോധനകള്‍ നടത്തി തീര്‍പ്പുകല്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് കോര്‍പ്പറേഷന്‍ അദാലത്തില്‍ വന്ന ചില പരാതികള്‍ സംസ്ഥാനത്തിനാകെ ബാധകമാകുന്ന വിധത്തില്‍ പൊതുതീരുമാനം കൈക്കൊള്ളാന്‍ വഴിതുറന്നതായും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഭാഗികമായി പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെ ബാക്കി ഭാഗം ബലപ്പെടുത്താനുള്ള അനുമതി നല്‍കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് അധികാരം നല്‍കുന്ന വിധത്തില്‍ കെട്ടിടനിര്‍മാണ നിയമത്തിലെ ചട്ടം 66ല്‍ ഭേദഗതി വരുത്താനുള്ള തീരുമാനമാണ് ഇതിലൊന്ന്. മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ച കെട്ടിടത്തിന്റെ ബാക്കി ഭാഗം ബലപ്പെടുത്തിയ ശേഷം കെട്ടിട നമ്പര്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് വി ജെ ശ്രീധരന്‍ നല്‍കിയ പരാതിയിലാണ് പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഗുണകരമാവുന്ന ഈ തീരുമാനം കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പുനരധിവാസ പദ്ധതികളില്‍ ഗുണഭോക്താവ് മരിച്ചാല്‍ അവകാശിക്ക് രേഖകളുടെ അടിസ്ഥാനത്തില്‍ ഭൂമി കൈമാറാമെന്ന പൊതു തീരുമാനം കൈക്കൊള്ളുന്നതിനും അദാലത്ത് വേദിയായതായി മന്ത്രി പറഞ്ഞു. പുനരധിവാസത്തിനായി കോര്‍പ്പറേഷന്‍ നല്‍കിയ ഭൂമിയുടെ രജിസ്‌ട്രേഷനു മുമ്പ് ഭര്‍ത്താവായ കോയമോന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ആ ഭൂമി തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കിട്ടണമെന്ന പന്നിയങ്കര പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ സുലൈഖയുടെ പരാതിയാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്. പരാതിക്കാരുടെ ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനാണ് അദാലത്തില്‍ പരിസമാപ്തിയായത്. അദാലത്തില്‍ വച്ചുതന്നെ സ്വന്തം പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തതിന്റെ രേഖ അവര്‍ക്ക് കൈമാറി. സന്തോഷത്താല്‍ നിറകണ്ണുകളോടെയാണ് അവര്‍ അദാലത്തില്‍ നിന്ന് മടങ്ങിയതെന്നും മന്ത്രി പറഞ്ഞു.

ചെലവൂര്‍ മുണ്ടയ്ക്കല്‍ താഴത്തെ പി ബാബുവിന്റെ പരാതിയില്‍, തിരിച്ചടക്കാനാകാത്ത ഭവന വായ്പയുടെ പലിശയും കൂട്ടുപലിശയും ഒഴിവാക്കി നല്‍കിയതായും മന്ത്രി അറിയിച്ചു. നിലവില്‍ പലിശയും പിഴപ്പലിശയും സഹിതം 2,36,003 രൂപ കോഴിക്കോട് വികസന അതോറിറ്റിയില്‍ നിന്നെടുത്ത വായ്പയില്‍ ബാബു തിരിച്ചടയ്ക്കാനുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ പിരിച്ചുവിട്ട വികസന അതോറിറ്റിയില്‍ നിന്ന് വായ്പയെടുത്ത 28 പേര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കാന്‍ കോര്‍പറേഷന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.


ചെറുകിട വ്യവസായ യൂണിറ്റുകളുടെ വസ്തുനികുതി 40ല്‍ നിന്ന് 25 രൂപയായി ഇളവ് ചെയ്തതിന്റെ ആനുകൂല്യം അര്‍ഹരായ എല്ലാ സംരംഭകര്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അദാലത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. 2023 ഏപ്രില്‍ 1 മുതല്‍ ഇളവ് അനുവദിക്കാന്‍ വകുപ്പ് തീരുമാനിച്ചിരുന്നുവെങ്കിലും പല സ്ഥാപനങ്ങള്‍ക്കും ഈ ഇളവ് ലഭിക്കുന്നില്ലെന്ന ചെറുവണ്ണൂര്‍ ന്യൂ ഇന്ത്യ സിറാമിക്‌സ് വര്‍ക്കേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ പരാതിയിലാണ് മന്ത്രിയുടെ നിര്‍ദേശം.

അദാലത്തുകളില്‍ ലഭിച്ച പരാതികളുടെ കൂടി അടിസ്ഥാനത്തില്‍ നിലവിലെ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതോടെ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ വലിയ കുറവുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം അദാലത്തുകള്‍ തുടരുകയല്ല സര്‍ക്കാരിന്റെ ലക്ഷ്യം. നിലവിലുള്ള കുടിശ്ശിക പരാതികള്‍ അദാലത്തില്‍ തീര്‍പ്പാക്കുകയും തുടര്‍ന്നു ലഭിക്കുന്ന അപേക്ഷകളില്‍ സമയബന്ധിതമായി പരിഹാരം കാണുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ നിലവിലുള്ള പരാതിപരിഹാര സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, എംഎല്‍എമാരായ അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *